ആധുനിക ഇന്ത്യയെ നയിച്ച യുവനേതാവ്: രാജീവ് ഗാന്ധിക്ക് ഓർമ്മപ്പൂക്കൾ
ADVERTISEMENT
● അമ്മ ഇന്ദിരാഗാന്ധിയുടെ മരണശേഷം 40-ാം വയസ്സിൽ പ്രധാനമന്ത്രിയായി.
● സാങ്കേതിക മുന്നേറ്റങ്ങൾക്ക് തുടക്കമിട്ടു, വോട്ടിംഗ് പ്രായം 18 ആയി കുറച്ചു.
● കൂറുമാറ്റ നിരോധന നിയമം നടപ്പാക്കി.
● 1991-ൽ ശ്രീപെരുമ്പത്തൂരിൽ നടന്ന ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
ഭാമനാവത്ത്
(KVARTHA) ഇന്ത്യയുടെ ആധുനികവത്കരണത്തിന് ദിശാബോധം നൽകിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം രാജ്യം ദേശീയ സദ്ഭാവന ദിനമായി ആചരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്താൻ ആവശ്യമായ സാങ്കേതിക മുന്നേറ്റങ്ങൾക്ക് തുടക്കമിട്ട ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും മകനായി 1944 ഓഗസ്റ്റ് 20-നാണ് രാജീവ് ജനിച്ചത്. അമ്മയുടെയും അച്ഛന്റെയും രാഷ്ട്രീയ ജീവിതത്തോട് ഒട്ടും താൽപര്യമില്ലാതെ ഒരു പൈലറ്റായാണ് അദ്ദേഹം ജീവിതം നയിച്ചത്.
അമ്മയുടെ പിൻഗാമിയായി വളർത്തിക്കൊണ്ടുവന്ന ഇളയ സഹോദരൻ സഞ്ജയ് ഗാന്ധി 1980 ജൂൺ 23-ന് ഒരു വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. കുടുംബത്തിന്റെ എതിർപ്പുകൾ അവഗണിച്ച് അമ്മയുടെ നിർബന്ധപ്രകാരം അദ്ദേഹം പൊതുജീവിതത്തിലേക്ക് പ്രവേശിച്ചു.
നാല് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ, സ്വന്തം കുടുംബത്തിൽ അതിക്രൂരമായ മറ്റൊരു ദുരന്തത്തിനു കൂടി രാജീവ് സാക്ഷിയാകേണ്ടിവന്നു. പ്രധാനമന്ത്രിയായിരുന്ന അമ്മ ഇന്ദിരാഗാന്ധി ന്യൂഡൽഹിയിലെ സ്വന്തം വസതിയിൽ വെച്ച് അംഗരക്ഷകരുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചപ്പോൾ, നിസ്സഹായരായ സ്വന്തം ജനങ്ങളെ നയിക്കാൻ രാജീവ് നിർബന്ധിതനാവുകയായിരുന്നു.
1984 ഒക്ടോബർ 31-ന്, വെടിയേറ്റു വീണ അമ്മയുടെ ഭൗതിക ശരീരത്തിന് സാക്ഷിയായി 80 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി, അതുവരെ കേന്ദ്രത്തിൽ ഒരു മന്ത്രിപദവി പോലും അലങ്കരിച്ചിട്ടില്ലാത്ത 40 വയസ്സുകാരൻ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തി.
നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ട് രാജ്യത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കാനുള്ള പുതിയൊരു സംഘവുമായി രാജീവ് തന്റെ യാത്ര തുടങ്ങി.
ദേശീയവും അന്തർദേശീയവുമായ നിരവധി പ്രശ്നങ്ങൾ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. അമ്മയുടെ രക്തസാക്ഷിത്വത്തിന് കാരണമായ ഓപ്പറേഷൻ ബ്ലൂസ്റ്റാർ, ശ്രീലങ്കൻ തമിഴ് വംശജരുടെ പ്രശ്‌നം, അസം വിദ്യാർത്ഥി പ്രശ്നം, ബോഡോ പ്രശ്നം എന്നിവയെല്ലാം അതിൽ ചിലതാണ്.
ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതോടൊപ്പം രാജ്യത്തെ മുന്നോട്ട് നയിക്കുക എന്ന ഇരട്ട ഉത്തരവാദിത്തമായിരുന്നു രാജീവിന്റെ ചുമലിൽ. ഇതിന് രാജ്യത്തെ ജനങ്ങൾ പൂർണ്ണ പിന്തുണ നൽകി. 1984-ലെ തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകളുമായി കോൺഗ്രസ് ചരിത്രവിജയം നേടി.
പഞ്ചാബ് പ്രശ്നം പരിഹരിക്കാൻ രാജീവ് ലോംഗോവാൾ കരാറും, അസം കരാറും ഒപ്പിട്ടു. എന്നാൽ, ശ്രീലങ്കൻ പ്രസിഡന്റ് ജയവർധനെ ഒരുക്കിയ തന്ത്രം തിരിച്ചറിയാൻ കഴിയാതെപോയത് ശ്രീലങ്കൻ കരാറിലൂടെയാണ്. രാജീവ് സ്വന്തം ആത്മഹത്യാക്കുറിപ്പിൽ ഒപ്പിടുകയായിരുന്നു ശ്രീലങ്കൻ കരാർ എന്ന് പിന്നീട് തെളിഞ്ഞു.
ഇന്ത്യക്കാരായ തമിഴ് വംശജരെ ഇന്ത്യൻ സൈന്യത്തെക്കൊണ്ട് തന്നെ ഇല്ലാതാക്കുക എന്ന തന്ത്രം ശ്രീലങ്ക നടപ്പാക്കിയപ്പോൾ, അവിടെ നിയോഗിക്കപ്പെട്ട ഐ.പി.കെ.എഫ്-ന്റെ പല പ്രവർത്തനങ്ങളും തമിഴ് വംശജരുടെ എതിർപ്പിന് കാരണമാവുകയും അത് രാജീവ് ഗാന്ധിയോടുള്ള രോഷമായി മാറുകയും ചെയ്തു. ഈ രോഷത്തിന്റെ ബാക്കിപത്രമാണ് 1991-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീപെരുമ്പത്തൂരിൽ നടന്ന ബോംബ് സ്ഫോടനം.
ഇന്ത്യൻ രാഷ്ട്രീയത്തിലെ കൂറുമാറ്റം തടയുന്നതിനായി സമഗ്രമായ കൂറുമാറ്റ നിരോധന നിയമം നടപ്പാക്കിയ രാജീവ്, വോട്ടിംഗ് പ്രായം 18 വയസ്സായി കുറച്ച് യുവാക്കളെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. മഹാത്മാഗാന്ധിയുടെ സ്വപ്നമായ ഗ്രാമസ്വരാജ് എന്ന ത്രിതല പഞ്ചായത്ത് രാജ് സമ്പ്രദായം നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നെങ്കിലും അത് പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
കേവലം നാല് വർഷത്തെ രാഷ്ട്രീയ പരിചയം മാത്രമുള്ള ഈ ടെക്നോക്രാറ്റ് പ്രധാനമന്ത്രി രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും ചില രാഷ്ട്രീയ തീരുമാനങ്ങളിൽ പരാജയപ്പെട്ടു.
സ്വന്തം പാർട്ടി പ്രവർത്തകരും മന്ത്രിസഭയിലെ വിശ്വസ്തരും അദ്ദേഹത്തിനെതിരാവുകയും പ്രതിപക്ഷത്തിന്റെ വക്താക്കളാവുകയും ചെയ്തു. ഇതിനെത്തുടർന്ന് 1989-ൽ നടന്ന തിരഞ്ഞെടുപ്പിൽ രാജീവ് അധികാരത്തിൽ നിന്ന് പുറത്തായി.
തുടർന്ന് അധികാരത്തിൽ വന്ന മന്ത്രിസഭകൾക്ക് ഭരണസ്ഥിരത ഉറപ്പാക്കാൻ കഴിയാതിരുന്നതിനാൽ രണ്ട് വർഷത്തിനുള്ളിൽ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങേണ്ടിവന്നു. രാജീവ് ഗാന്ധി ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഇടിത്തീ പോലെ ആ ബോംബ് സ്ഫോടനം നടന്നത്. 47 വയസ്സ് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ രാജീവ് ഈ ലോകത്തോട് വിടപറഞ്ഞു.
‘എനിക്കും ഒരു സ്വപ്നമുണ്ട്’ എന്ന മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രസംഗത്തെ ഓർമ്മിപ്പിക്കും വിധം അദ്ദേഹം പറഞ്ഞു: ‘ഇന്ത്യ പ്രാചീനമായ ഒരു ദേശമാണ്. ഒരു യുവരാഷ്ട്രവും ഞാനൊരു യുവാവുമാണ്. എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുൻനിരയിൽ മാനവരാശിയുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഒരു ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം.’
ഇന്ത്യൻ രാഷ്ട്രീയത്തിൽ അതിശക്തമായ തിരിച്ചുവരവിന് തയ്യാറെടുത്ത് നിൽക്കെയാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ വെച്ച് ശ്രീലങ്കൻ തമിഴ് തീവ്രവാദ സംഘടനയായ എൽ.ടി.ടി.ഇ. നടത്തിയ ചാവേർ ആക്രമണത്തിൽ 47-ാം വയസ്സിൽ അദ്ദേഹം രക്തസാക്ഷിയായത്.
മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ക്രൂരമായ രക്തസാക്ഷിത്വത്തിന് ശേഷം ഇന്ത്യ സാക്ഷ്യം വഹിച്ച മൂന്നാമത്തെ രക്തസാക്ഷിത്വമായിരുന്നു രാജീവ് ഗാന്ധിയുടേത്.
ജീവിച്ചിരുന്നതുപോലെയായിരുന്നു രാജീവിന്റെ മരണവും. മുഖത്ത് ചെറുപുഞ്ചിരിയും ഹൃദയത്തിൽ സഹാനുഭൂതിയും ബാക്കിവെച്ച് തന്റെ സ്വപ്നങ്ങളെല്ലാം രാജ്യത്തെ യുവാക്കൾക്ക് കൈമാറി. ധനു എന്ന ചാവേർ നടത്തിയ സ്ഫോടനത്തിൽ രാജീവ് ഗാന്ധി ചിതറിത്തെറിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന്റെ സ്വപ്നത്തിന്റെ ബലിക്കല്ല് ശ്രീപെരുമ്പത്തൂരിൽ സൃഷ്ടിച്ചുകൊണ്ട്.
രാജീവ് ഗാന്ധിയുടെ സംഭാവനകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Remembering Rajiv Gandhi on his birth anniversary.
#RajivGandhi, #SadbhavanaDiwas, #IndianPolitics, #Congress, #Technology, #RememberingRajiv
