Relief camp | വന്നത് മണിപ്പൂരിലെ സഹോദരി സഹോദരന്‍മാരെ കാണാനും കേള്‍ക്കാനും, തന്നെ തടഞ്ഞത് ദൗര്‍ഭാഗ്യകരം, സമാധാനത്തിനാണ് ആദ്യ പരിഗണന നല്‍കേണ്ടതെന്നും രാഹുല്‍ ഗാന്ധി; ചുരാചന്ദ് പുരിലെ ദുരിതാശ്വാസ കാംപിലെത്തി അഭയാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇംഫാല്‍: (www.kvartha.com) മണിപ്പൂരില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചുരാചന്ദ് പുരിലെ ദുരിതാശ്വാസ കാംപിലെത്തി ഗ്രീന്‍വുഡ് കാംപിലെ അഭയാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അദ്ദേഹം കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചു.

മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച രാഹുല്‍ പൊലീസ് തന്നെ തടഞ്ഞത് ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞു. മണിപ്പൂരിലെ സഹോദരി സഹോദരന്‍മാരെ കാണാനും കേള്‍ക്കാനുമാണ് വന്നത്. സമാധാനത്തിനാണ് ആദ്യ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇംഫാലിലേക്ക് മടങ്ങി.

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞതിനെത്തുടര്‍ന്ന് രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. ആകാശത്തേക്ക് വെടിവച്ച പൊലീസ്, കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് രാഹുല്‍ ഇംഫാലിലേക്ക് മടങ്ങി. തുടര്‍ന്ന് ഇംഫാലില്‍ നിന്ന് ഹെലികോപ്റ്ററിലാണ് അദ്ദേഹം യാത്ര ചെയ്തത്.

രാഹുലിന് വഴിയൊരുക്കാനെത്തിയ നൂറുകണക്കിനു സ്ത്രീകള്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെയാണ് പ്രദേശത്തു സംഘര്‍ഷം രൂക്ഷമായത്. ഇവരെ തുരത്താനായാണ് പൊലീസ് ആകാശത്തേക്കു വെടിവച്ചത്. ഇംഫാല്‍ വിമാനത്താവളത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ബിഷ്ണുപുരില്‍ ബാരികേഡ് സ്ഥാപിച്ച് രാഹുലിന്റെ വാഹനം പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍ മുന്‍നിശ്ചയിച്ച പ്രകാരം ചുരാചന്ദ് പുരും മെയ്‌തെയ് കാംപും സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍നിന്നും രാഹുല്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഹെലികോപ്റ്ററില്‍ രാഹുല്‍ യാത്ര തുടരുമെന്ന് പാര്‍ടിവൃത്തങ്ങള്‍ അറിയിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടു മണിക്കൂറോളം രാഹുല്‍ വാഹനത്തില്‍ തന്നെ തുടര്‍ന്നു. ബിഷ്ണുപുരില്‍ പൊലീസ് തടഞ്ഞതായും കടത്തിവിടാന്‍ പറ്റാവുന്ന സാഹചര്യമല്ലെന്ന് പറഞ്ഞതായും കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ അറിയിച്ചു. രാഹുലിനെ കൈവീശി അഭിവാദ്യം ചെയ്യാനായി റോഡിന്റെ ഇരുവശങ്ങളിലും ജനം കൂടി നില്‍ക്കുകയാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഞങ്ങളുടെ യാത്ര തടഞ്ഞതെന്നു മനസ്സിലാകുന്നില്ലെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

രാഹുലിനെ തടഞ്ഞതിനെ തുടര്‍ന്നു പൊലീസും കോണ്‍ഗ്രസ് നേതാക്കളുമായി വാക് തര്‍ക്കമുണ്ടായി. രാവിലെ ഡെല്‍ഹി വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട രാഹുല്‍ 11 മണിയോടെയാണു തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുര്‍ ആദ്യം സന്ദര്‍ശിക്കാനാണു തീരുമാനിച്ചത്. റോഡ് മാര്‍ഗമായിരുന്നു രാഹുലിന്റെ യാത്ര.

എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് മണിപ്പൂര്‍ പൊലീസ് പറഞ്ഞെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നു രാഹുല്‍ അറിയിച്ചു. മണിപ്പൂരില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഹുലിന്റെ കൂടെ കെസി വേണുഗോപാല്‍ ഉള്‍പെടെയുള്ള നേതാക്കളുമുണ്ട്. മണിപ്പൂര്‍ സമൂഹത്തില്‍ സ്‌നേഹത്തിന്റെ സന്ദേശവുമായാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിന്റെ സന്ദര്‍ശനമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

മേയ് മൂന്നിന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് രാഹുല്‍ മണിപ്പൂരിലെത്തുന്നത്. സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. കലാപത്തില്‍ ഇതുവരെ 131 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. കലാപബാധിതര്‍ക്ക് കേന്ദ്രസര്‍കാര്‍ 101.75 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.

Aster mims 04/11/2022
Relief camp | വന്നത് മണിപ്പൂരിലെ സഹോദരി സഹോദരന്‍മാരെ കാണാനും കേള്‍ക്കാനും, തന്നെ തടഞ്ഞത് ദൗര്‍ഭാഗ്യകരം, സമാധാനത്തിനാണ് ആദ്യ പരിഗണന നല്‍കേണ്ടതെന്നും രാഹുല്‍ ഗാന്ധി; ചുരാചന്ദ് പുരിലെ ദുരിതാശ്വാസ കാംപിലെത്തി അഭയാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്‌നിക്, സുദീപ് റോയ് ബര്‍മന്‍, അജോയ് കുമാര്‍ എന്നിവരടങ്ങിയ വസ്തുതാന്വേഷണ സമിതിയെ നേരത്തേ എഐസിസി അധ്യക്ഷന്‍ മണിപ്പൂര്‍ വിഷയം പഠിക്കാന്‍ അയച്ചിരുന്നെങ്കിലും കുക്കി വിഭാഗങ്ങളുമായി ചര്‍ച നടത്തിയിരുന്നില്ല. എംപിമാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും മണിപ്പൂരില്‍ അനൗദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. ഒരാഴ്ചയായി രാഹുലിന്റെ ടീം മണിപ്പൂരിലുണ്ട്.

Keywords:  Rahul Gandhi visits relief camp in Churachandpur to meet displaced people, Manipur, News, Politics, Clash, Rahul Gandhi, Congress Leader, Visits Relief Camp,  Churachandpur, Children, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia