Rahul Gandhi | ഒടുവില്‍ ആ തീരുമാനമെടുത്ത് രാഹുല്‍ ഗാന്ധി; വയനാട് മണ്ഡലം ഉപേക്ഷിക്കും; ഉപതിരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ഥി ആയേക്കും


വയനാട് മൂന്ന് ലക്ഷത്തിലധികം വോടും റായ് ബറേലിയില്‍ നാല് ലക്ഷത്തില്‍ അധികം വോടുകളും നേടിയാണ് രാഹുലിന്റെ മുന്നേറ്റം
യുപി ഇക്കുറി വലിയ വിജയമാണ് ഇന്‍ഡ്യ സഖ്യത്തിന് സമ്മാനിച്ചത്. അതുകൊണ്ടു തന്നെ റായ് ബറേലി സീറ്റ് വിടുന്നത് അവിടുത്തെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കാന്‍ ഇടയുണ്ട്.
ന്യൂഡെല്‍ഹി: (KVARTHA) ഒടുവില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആ തീരുമാനം എടുത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക് സഭ തിരഞ്ഞെടുപ്പില്‍ വയനാട്, റായ് ബറേലി ലോക് സഭാ മണ്ഡലങ്ങളില്‍നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധി ഒടുവില്‍ റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനമെടുത്തതായുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്.
വയനാട് മൂന്ന് ലക്ഷത്തിലധികം വോടും റായ് ബറേലിയില്‍ നാല് ലക്ഷത്തില്‍ അധികം വോടുകളും നേടിയാണ് രാഹുലിന്റെ മുന്നേറ്റം. ഒടുവില്‍ റായ് ബറേലി തിരഞ്ഞെടുക്കാന്‍ രാഹുല്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനം വൈകാതെ കേരള നേതൃത്വത്തെ അദ്ദേഹം അറിയിക്കും.
വിഷയത്തില്‍ ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇത്തരത്തില്‍ ഒരു തീരുമാനവും വന്നിട്ടില്ല. എന്നാല്‍ റായ്ബറേലി നിലനിര്‍ത്താനും വയനാട് വിടാനുമുള്ള തീരുമാനം രാഹുല്‍ ഗാന്ധി തന്നെ കൈക്കൊണ്ടിരുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം രാഹുല്‍, ഇക്കാര്യം കെപിസിസി നേതൃത്വത്തെ അറിയിക്കും. അതിനുശേഷം രാഹുല്‍ വയനാട്ടിലെത്തി ജനങ്ങളെ നന്ദി അറിയിക്കും. ഈ സമയത്തായിരിക്കും വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് റായ്ബറേലി. ഗാന്ധി കുടുംബത്തിലെ പ്രധാന നേതാക്കള്‍ ഇവിടെ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഉത്തര്‍പ്രദേശ് ഇക്കുറി വലിയ വിജയമാണ് ഇന്‍ഡ്യ സഖ്യത്തിന് സമ്മാനിച്ചത്. അതുകൊണ്ടു തന്നെ റായ് ബറേലി സീറ്റ് വിടുന്നത് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കാനും ഇടയുണ്ട്.
അതിനാല്‍ റായ് ബറേലി മണ്ഡലം നിലനിര്‍ത്തുക, യുപിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, വയനാട്ടില്‍ കേരളത്തില്‍നിന്ന് തന്നെയുള്ള ഒരാളെ മത്സരിപ്പിക്കുക എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് ആവിഷ്‌കരിച്ചിട്ടുള്ളത് എന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. പ്രിയങ്കയെ മത്സരിപ്പിക്കാന്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും അവര്‍ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ കെ മുരളീധരന്‍ ആയിരിക്കും വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്നാണ് ലഭ്യമായ വിവരം.
തൃശൂരില്‍ നിന്നും മത്സരിച്ച കെ മുരളീധരന്‍ അവിടെ മൂന്നാമതായിരുന്നു. ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണ് അവിടെ വിജയിച്ചത്. ഇതോടെ താന്‍ പൊതുരംഗത്തുനിന്നും വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനം മുരളീധരന്‍ നടത്തിയിരുന്നു. പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു.