Rahul Gandhi | പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ; തീരുമാനം ഇന്‍ഡ്യാ സഖ്യ യോഗത്തില്‍


പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തില്‍ നടത്തുന്ന ഇടപെടലുകള്‍ രാഹുലിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും, ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷികള്‍ക്കിടയിലും സ്വീകാര്യത വര്‍ധിക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടി
ഇതോടെയാണ് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയാറായത്
ന്യൂഡെല്‍ഹി: (KVARTHA) ലോക് സഭയിലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമായി. രാഹുല്‍ ഗാന്ധി തന്നെയാണ് പ്രതിപക്ഷ നേതാവ്. ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്‍ഡ്യാസഖ്യ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീകര്‍ക്ക് കത്തു നല്‍കി. എ ഐ സി സി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. മറ്റ് ഭാരവാഹികളെ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ചേര്‍ന്ന പ്രവര്‍ത്തകസമിതിയും ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് ആയില്ലെങ്കില്‍ ഉത്തരവാദിത്തങ്ങളേല്‍ക്കാന്‍ രാഹുല്‍ വിമുഖത കാട്ടുന്നുവെന്ന ആക്ഷേപം ശക്തമാകുമെന്നായിരുന്നു പാര്‍ടിയുടെ പൊതുവെയുള്ള വിലയിരുത്തല്‍.
പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തില്‍ നടത്തുന്ന ഇടപെടലുകള്‍ രാഹുലിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും, ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷികള്‍ക്കിടയിലും സ്വീകാര്യത വര്‍ധിക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതോടെ, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയാറാകുകയായിരുന്നു.
ഭാരത് ജോഡോ യാത്രയില്‍ ജനങ്ങളുമായി അടുത്തിടപഴകി ആവശ്യങ്ങള്‍ മനസ്സിലാക്കിയ രാഹുല്‍ അക്കാര്യങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളാക്കിയത്. ജനങ്ങളുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനും അതിനായി പോരാടാനും രാഹുല്‍ മുന്നിലുണ്ടാകണമെന്നും കോണ്‍ഗ്രസ് നേതൃത്വം നിലപാടെടുത്തു. കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞതിന്റെ മുന്നണി പോരാളിയെന്ന വിശേഷണത്തോടെയാണ് രാഹുല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
2019ലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ടി പ്രസിഡന്റ് പദം രാഹുല്‍ ഗാന്ധി ഒഴിഞ്ഞിരുന്നു. പാര്‍ടി വിട്ടവരെ അവഗണിച്ചും ഒപ്പം നിന്നവരെ ചേര്‍ത്തുപിടിച്ചുമായിരുന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍ രാഹുലിന്റെ പോരാട്ടം. രാഷ്ട്രീയത്തില്‍ രാഹുല്‍ എത്തിയിട്ട് 20 വര്‍ഷം പിന്നിടുന്നു. 10 വര്‍ഷം അധികാരമില്ലാതെ നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷത്തെ നയിക്കാനുള്ള നിയോഗം രാഹുലിലേക്കെത്തുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാഹുല്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ആരേയും ഉയര്‍ത്തി കാണിച്ചിരുന്നില്ല.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി മത്സരിച്ചത്. റായ് ബറേലിയിലും വയനാട്ടിലും. റായ് ബറേലിയില്‍ 3,90,030 വോടുകള്‍ക്കും വയനാട്ടില്‍ 3,64,422 വോടുകള്‍ക്കുമാണ് രാഹുല്‍ വിജയിച്ചത്. ഒടുവില്‍ വടക്കേ ഇന്‍ഡ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. ഇപ്പോള്‍ പ്രിയങ്കയാണ് വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.