Rahul Gandhi | ഹാഥ് റസ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങളെയും പരുക്കേറ്റവരെയും സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; പരമാവധി ധനസഹായം നല്‍കണം, സര്‍കാരിന്റെ ഭാഗത്ത് പോരായ്മകളുണ്ടെന്നും പ്രതിപക്ഷ നേതാവ്  

 
'Some lapses on part of administration': Rahul Gandhi meets families of Hathras stampede victims, New Delhi, News, Rahul Gandhi, Visit, Familie, Hathras stampede victims, Injury, Politics, National News


രാഷ്ട്രീയമായി പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല

തുറന്ന മനസോടെ നഷ്ടപരിഹാരം നല്‍കാന്‍ യോഗി ആദിത്യനാഥിനോട് അഭ്യര്‍ഥിച്ചു
 

ന്യൂഡെല്‍ഹി: (KVARTHA) ഹാഥ് റസ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെയും പരുക്കേറ്റവരെയും സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇരകള്‍ക്ക് പരമാവധി ധനസഹായം നല്‍കണമെന്നും സര്‍കാരിന്റെ ഭാഗത്ത് പോരായ്മകളുണ്ടെന്നും സന്ദര്‍ശനത്തിനുശേഷം പ്രതിപക്ഷ നേതാവ്  മാധ്യമങ്ങളോട് പ്രതികരിച്ചു. ഹാഥ്‌റസിലും അലിഗഡിലുമെത്തിയ രാഹുല്‍ രാഷ്ട്രീയമായി പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

എന്നാല്‍ വീഴ്ചകളുണ്ടെങ്കില്‍ അതേകുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുറന്ന മനസോടെ നഷ്ടപരിഹാരം നല്‍കാന്‍ യോഗി ആദിത്യനാഥിനോട് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു. ദരിദ്ര കുടുംബങ്ങളായതിനാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്നും രാഹുല്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രാഹുല്‍ സഹായം വാഗ്ദാനം ചെയ്തു.

വെള്ളിയാഴ്ച പുലര്‍ചെയാണ് രാഹുല്‍ ഗാന്ധി ഡെല്‍ഹിയില്‍ നിന്നും തിരിച്ചത്. റോഡ് മാര്‍ഗം ഉത്തര്‍പ്രദേശിലെ ഹഥ് റസിലേക്ക് തിരിക്കുകയായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ രാഹുലിനോട് പറഞ്ഞു. 

രാഹുലിനൊപ്പം കോണ്‍ഗ്രസ് ചീഫ് അജയ് റായ്, സ്റ്റേറ്റ് കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് അവിനാശ് പാണ്ഡെ, പാര്‍ടി വക്താവ് സുപ്രിയ, മറ്റ് പ്രവര്‍ത്തകരും  ഉണ്ടായിരുന്നു.
 


ആള്‍ ദൈവം 'ഭോലെ ബാബ'യെ കാണാനും അദ്ദേഹത്തെ കേള്‍ക്കാനുമാണ് ജൂലായ് രണ്ടിന് ഉത്തര്‍പ്രദേശിലെ ഫുലരി ഗ്രാമത്തിലെ സികന്ദര്‍ റാവു മേഖലയില്‍ അനുയായികള്‍ തടിച്ചുകൂടിയത്. പതിനായിരങ്ങളാണ് അവിടെ എത്തിയത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. വെളുത്ത കോട്ടും പാന്റും ഷൂസും കൂളിങ് ഗ്ലാസും ധരിച്ചാണ് സാധാരണ അദ്ദേഹം അനുയായികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്. 

വയലിന് സമീപമൊരുക്കിയ താത്കാലിക പന്തലില്‍ അനുയായികള്‍ക്ക് മുന്നില്‍ അന്നും അദ്ദേഹം ആധ്യാത്മിക പ്രഭാഷണം ചൊരിഞ്ഞു. പ്രാര്‍ഥനയ്ക്ക് ശേഷം കാറില്‍ മടങ്ങിയ 'ബാബ'യെ സ്വകാര്യസുരക്ഷാ സംഘവും അനുഗമിച്ചു. അദ്ദേഹത്തിന്റെ പാദത്തിനടിയിലെ മണ്ണ് പോലും വിശുദ്ധമായി കരുതുന്ന ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ പിന്തുടര്‍ന്നു. അനുഗ്രഹം വാങ്ങാനും കാര്‍ കടന്നുപോയ വഴിയിലെ മണ്ണ് ശേഖരിക്കാനും അനുയായികള്‍ തിക്കും തിരക്കുംകൂട്ടി. വാഹനത്തിനടുത്തേക്ക് എത്താന്‍ ജനക്കൂട്ടം ശ്രമിച്ചതോടെ തിരക്ക് അനിയന്ത്രിതമാവുകയും ആ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീകളും കുട്ടികളുമുള്‍പെടെയുള്ള 121 പേരുടെ ജീവനുകള്‍ പൊലിയുകയും ചെയ്തു.


ദുരന്തത്തിനു പിന്നാലെ ഒളിവില്‍പ്പോയ ഇയാളെ കണ്ടെത്താനായിട്ടില്ല. ബാബയുടെ അടുത്ത അനുയായിയും പരിപാടിയുടെ മുഖ്യസംഘാടകനുമായ ദേവ് പ്രകാശ് മധുകറിന്റെയും മറ്റു സംഘാടകരുടെയും പേരില്‍ കേസെടുത്തെങ്കിലും ആള്‍ദൈവത്തിന്റെ പേര് പൊലീസിന്റെ എഫ് ഐ ആറിലില്ല. 

പരാതിയില്‍ ബാബയുടെ പേരുണ്ടായിട്ടും പൊലീസ് മനഃപൂര്‍വം എഫ് ഐ ആറില്‍നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പിന്നാലെ രണ്ട് സ്ത്രീകളുള്‍പെടെ ആറുപേരെ അറസ്റ്റുചെയ്തു. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia