Criticism | കുരുക്ഷേത്രയുദ്ധത്തില്‍ 6 പേര്‍ അഭിമന്യുവിനെ 'ചക്രവ്യൂഹ'ത്തില്‍ കുടുക്കി കൊലപ്പെടുത്തിയത് പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിന്റെ കുരുക്കില്‍പ്പെട്ടിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി


പ്രധാനമന്ത്രി നരേന്ദ്ര മോദി നെഞ്ചില്‍ അണിഞ്ഞിരിക്കുന്ന താമര ചിഹ്നം പ്രതിനിധീകരിക്കുന്ന ചക്രവ്യൂഹത്തിലാണ് ഇന്‍ഡ്യ കുടുങ്ങിയിരിക്കുന്നതെന്നും ആരോപണം
കുരുക്ഷേത്രത്തില്‍ കര്‍ണനും ദ്രോണരും അശ്വഥാമാവും ശകുനിയും അടങ്ങുന്ന ആറംഗ സംഘമാണ് അഭിമന്യുവിനെ വധിക്കാന്‍ കൂട്ടുനിന്നതെങ്കില്‍ ഇന്ന് ആ ചക്രവ്യൂഹത്തിന് നേതൃത്വം നല്‍കുന്നത് മോദിയും, അമിത് ഷായും, മോഹന്‍ ഭാഗവതും, അംബാനിയും, അദാനിയും, അജിത് ഡോവലുമാണെന്നും ചൂണ്ടിക്കാട്ടല്‍
ന്യൂഡെല്‍ഹി: (KVARTHA) മൂന്നാം മോദി സര്‍കാരിന്റെ (Modi Govt) ആദ്യ സമ്പൂര്‍ണ ബജറ്റ് ചര്‍ചയില്‍ (Budget Meet) കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി (Criticized) പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi). കുരുക്ഷേത്രയുദ്ധത്തില്‍ ആറുപേര്‍ അഭിമന്യുവിനെ 'ചക്രവ്യൂഹ'ത്തില്‍ കുടുക്കി കൊലപ്പെടുത്തിയത് പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിന്റെ കുരുക്കിലാണെന്ന ആരോപണമാണ് ലോക്സഭയില്‍ (Lok Sabha) പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. രാഹുലിന്റെ പ്രസംഗം സഭയെ ആകെ ഇളക്കി മറിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നെഞ്ചില്‍ അണിഞ്ഞിരിക്കുന്ന താമര ചിഹ്നം പ്രതിനിധീകരിക്കുന്ന ചക്രവ്യൂഹത്തിലാണ് ഇന്‍ഡ്യ കുടുങ്ങിയിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. കുരുക്ഷേത്രത്തില്‍ കര്‍ണനും ദ്രോണരും അശ്വഥാമാവും ശകുനിയും അടങ്ങുന്ന ആറംഗ സംഘമാണ് അഭിമന്യുവിനെ വധിക്കാന്‍ കൂട്ടുനിന്നതെങ്കില്‍ ഇന്ന് ആ ചക്രവ്യൂഹത്തിന് നേതൃത്വം നല്‍കുന്നത് മോദിയും, അമിത് ഷായും, മോഹന്‍ ഭാഗവതും, അംബാനിയും, അദാനിയും, അജിത് ഡോവലുമാണെന്നും രാഹുല്‍ തുറന്നടിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക് സഭയില്‍ വലിയ ബഹളത്തിനിടയാക്കുകയും സ്പീകര്‍ ഇടപെടുകയും ചെയ്തു.
21-ാം നൂറ്റാണ്ടില്‍ രൂപീകൃതമായ പുതിയ ചക്രവ്യൂഹത്തിന്റെ കേന്ദ്രത്തില്‍ ആറ് പേരുണ്ടെന്ന് പറഞ്ഞ രാഹുല്‍ രാജ്യത്തെ യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ചെറുകിട, ഇടത്തരം വ്യവസായങ്ങളെല്ലാം ഈ ചക്രവ്യൂഹത്തില്‍ തളര്‍ന്നിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വ്യവസായികളായ അംബാനി, അദാനി എന്നിവരാണ് ചക്രവ്യൂഹത്തിലെ കേന്ദ്ര ബിന്ദുക്കളെന്ന് രാഹുല്‍ പേരെടുത്ത് പറഞ്ഞതോടെയാണ് സഭ ബഹളത്തില്‍ മുങ്ങിയത്. ധനമന്ത്രിയുടെ ബജറ്റ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നവരെ സംരക്ഷിക്കാനാണെന്നും രാഹുല്‍ പറഞ്ഞു.
ഇതോടെ രാഹുലിന്റെ പ്രസംഗത്തില്‍ ഇടപെട്ട സ്പീകര്‍ ഓം ബിര്‍ള സഭയില്‍ അംഗങ്ങളല്ലാത്തവരുടെ പേര് പരാമര്‍ശിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി. ഇത് ശരിവച്ച രാഹുല്‍ ഗാന്ധി സ്പീകറോട് പറഞ്ഞത് അംബാനിയുടെയും അദാനിയുടെയും ദോവലിന്റെയും പേര് വേണമെങ്കില്‍ അങ്ങേയ്ക്ക് എന്റെ പ്രസംഗത്തില്‍ നിന്നും ഒഴിവാക്കാം എന്നായിരുന്നു.
ഇന്‍ഡ്യ പിടിച്ചടക്കിയ ചക്രവ്യൂഹത്തിന് പിന്നില്‍ മൂന്ന് ശക്തികളുണ്ട്, ഒന്നാമത്തേത് കുത്തക മൂലധനത്തിന്റെ ആശയമാണ് - രണ്ട് പേര്‍ക്ക് ഇന്‍ഡ്യന്‍ സമ്പത്ത് മുഴുവന്‍ സ്വന്തമാക്കാന്‍ അനുവദിക്കണം. അതിനാല്‍, ചക്രവ്യൂഹത്തിന്റെ ഒരു ഘടകം സാമ്പത്തിക ശക്തിയുടെ കേന്ദ്രീകരണത്തില്‍ നിന്നാണ്. രണ്ടാമത്തേത് സ്ഥാപനങ്ങളും സിബിഐ, ഇഡി, ആദായ നികുതി വകുപ്പ് അടക്കമുള്ള ഏജന്‍സികളാണ്. മൂന്നാമത്, പൊളിറ്റിക്കല്‍ എക്സിക്യൂടീവാണ്. ഇവ മൂന്നും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തു' എന്നും രാഹുല്‍ പറഞ്ഞു. ഭയത്തിന്റെ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഈ ബജറ്റ് ഈ രാജ്യത്തെ കര്‍ഷകരെ സഹായിക്കും, ഈ രാജ്യത്തെ യുവാക്കളെ സഹായിക്കും, ഈ രാജ്യത്തെ തൊഴിലാളികളെയും ചെറുകിട വ്യവസായങ്ങളെയും സഹായിക്കും എന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാല്‍ കണ്ടത്, ഈ ചക്രവ്യൂഹത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഈ ബജറ്റിന്റെ ഏക ലക്ഷ്യം എന്നത് മാത്രമാണ്.
കുത്തക ബിസിനസിന്റെ ചട്ടക്കൂട്, ജനാധിപത്യ ഘടനയെയും ഭരണകൂടത്തെയും ഏജന്‍സികളെയും നശിപ്പിക്കുന്ന ഒരു രാഷ്ട്രീയ കുത്തകയുടെ ചട്ടക്കൂട്, ഇതിന്റെ ഫലം ഇന്‍ഡ്യക്ക് തൊഴില്‍ നല്‍കിയവര്‍, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍, നോട് നിരോധനം, ജി എസ് ടി, നികുതി ഭീകരത എന്നിവയിലൂടെ അക്രമിക്കപ്പെട്ടു എന്നതാണെും രാഹുല്‍ പറഞ്ഞു.
ചക്രവ്യൂഹത്തിന്റെ മറ്റൊരു പേരാണ് പത്മവ്യൂഹം. പത്മവ്യൂഹത്തിന്റെ ഈ മാതൃകയാണ് മോദി ഇന്‍ഡ്യയില്‍ പ്രയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പത്മവ്യൂഹത്തിന്റെ താമര ചിഹ്നമാണ് മോദി തന്റെ കുര്‍ത്തയില്‍ ധരിച്ചത് എന്നും രാഹുല്‍ പറഞ്ഞു.
ചക്രവ്യൂഹത്തില്‍ മാധ്യമങ്ങളെയും നിശബ്ദരാക്കിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപിക്ക് ഹിന്ദു ധര്‍മത്തെ കുറിച്ചറിയില്ലെന്ന രാഹുലിന്റെ പരാമര്‍ത്തിന്, രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്നായിരുന്നു ഭരണപക്ഷത്തിന്റെ മറുപടി. ജനങ്ങള്‍ നിങ്ങളുടെ ചക്രവ്യൂഹത്തെ ഭേദിക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
ബിജെപി സര്‍കാര്‍ രാജ്യത്ത് ഭയം പടര്‍ത്തുകയാണെന്നായിരുന്നു രാഹുലിന്റെ അടുത്ത ആരോപണം. കര്‍ഷകര്‍, തൊഴിലാളികള്‍, യുവജനങ്ങള്‍ തുടങ്ങി എല്ലാവരെയും ബിജെപി ഭയപ്പെടുത്തുകയാണെന്ന് രാഹുല്‍ തുറന്നടിച്ചു. ചക്രവ്യൂഹത്തിന്റെ യുദ്ധമുറയായി നോട് നിരോധനവും ജി എസ് ടി നടപ്പാക്കലും മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദരിദ്രര്‍ക്ക് പോലും സ്വപ്നം കാണാന്‍ സാധിക്കുന്നില്ല. അംബാനി അദാനിമാര്‍ക്ക് മാത്രമാണ് മോദിയുടെ ഭരണകാലത്ത് സ്വപ്നം കാണാന്‍ സാധിക്കുകയുള്ളു എന്ന് പറഞ്ഞതോടെ സ്പീകര്‍ വീണ്ടും രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ ഇടപെട്ടു. സഭയില്‍ ഇല്ലാത്തവരുടെ പേര് പരാമര്‍ശിക്കരുതെന്ന് വീണ്ടും രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പും നല്‍കി. വാക്കുകളില്‍ അച്ചടക്കം പാലിക്കണമെന്നും സ്പീകര്‍ ആവശ്യപ്പെട്ടു.
ധനമന്ത്രിയുടെ ബജറ്റ് രാജ്യത്തെ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നവരെ സംരക്ഷിക്കാനാണെന്നായിരുന്നു രാഹുലിന്റെ അടുത്ത ആരോപണം. സകല മേഖലയെയും ചക്രവ്യൂഹത്തില്‍ കുരുക്കുകയാണ് മോദി സര്‍കാര്‍, എന്നാല്‍ ചക്രവ്യൂഹത്തെ തകര്‍ക്കാനാണ് തങ്ങളുടെ ശ്രമമെന്നും അത് സാധ്യമാക്കുമെന്നും പറഞ്ഞാണ് രാഹുല്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.