Criticism | മുന്‍കാല അപകടങ്ങളില്‍ നിന്നും ഇതുവരെ പാഠം പഠിച്ചിട്ടില്ല; കവരപ്പേട്ടയിലെ ട്രെയിന്‍ അപകടത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
Criticism | മുന്‍കാല അപകടങ്ങളില്‍ നിന്നും ഇതുവരെ പാഠം പഠിച്ചിട്ടില്ല; കവരപ്പേട്ടയിലെ ട്രെയിന്‍ അപകടത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
● ഉപമിച്ചത് ഒഡിഷയിലെ ബാലസോര്‍ തീവണ്ടി ദുരന്തത്തോട്
● കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇനി എത്ര കുടുംബങ്ങള്‍ കൂടി നശിക്കണമെന്നും ചോദ്യം
● അപകടത്തെക്കുറിച്ച് റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
ന്യൂഡല്‍ഹി: (KVARTHA) തമിഴ് നാട്ടിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
മുന്‍കാല അപകടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഇതുവരെ ഒന്നും പഠിച്ചില്ലെന്നാണ് രാഹുലിന്റെ കുറ്റപ്പെടുത്തല്‍. തിരുവള്ളൂര്‍ കവരപ്പേട്ടയില്‍ മൈസൂരു-ദര്‍ഭംഗ ബാഗ്മതി എക്‌സ്പ്രസ് തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ നാലുപേരുടെ നില ഗുരുതരവുമാണ്.
നേരത്തെ നടന്ന പല ട്രെയിന്‍ അപകടങ്ങളിലും നിരവധി ജീവനുകളാണ് നഷ്ടമായത്. മുന്‍കാല അനുഭവങ്ങള്‍ ഒരുപാടുണ്ടായിട്ടും സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഒഡിഷയിലെ ബാലസോര്‍ തീവണ്ടി ദുരന്തത്തോട് തമിഴ് നാട്ടിലെ ട്രെയിന്‍ അപകടത്തെ രാഹുല്‍ ഗാന്ധി ഉപമിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇനി എത്ര കുടുംബങ്ങള്‍ കൂടി നശിക്കണമെന്നും അദ്ദേഹം ചോദിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടമുണ്ടായത്. അമിതവേഗത്തിലായിരുന്നതിനാല്‍ ഇടിയുടെ ആഘാതത്തില്‍ തീവണ്ടിയുടെ മൂന്നു കോച്ചുകള്‍ക്ക് തീപിടിക്കുകയും 12 കോച്ചുകള്‍ പാളംതെറ്റുകയും ചെയ്തു. എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല. അപകട സമയത്ത് 1,360 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ട്രെയിന്‍ മെയിന്‍ ലൈന്‍ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
#RahulGandhi #TrainAccident #Kavaraipettai #CentralGovernment #Criticism #RailwaySafety