SWISS-TOWER 24/07/2023

ക്വിറ്റ് ഇന്ത്യ സമരത്തിന് 83 വയസ്സ്: 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഇന്നും ജ്വലിക്കുന്നു

 
A black and white photo of people protesting during the Quit India Movement.
A black and white photo of people protesting during the Quit India Movement.

Photo Credit: Facebook/ Bharath Gyan

● 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്നായിരുന്നു പ്രധാന മുദ്രാവാക്യം.
● 1942 ഓഗസ്റ്റ് 8-ന് ഗാന്ധിജി പ്രസംഗിച്ചതോടെ സമരം ശക്തമായി.
● റഷ്യൻ അനുകൂല നിലപാടുള്ളവർ സമരത്തിൽനിന്ന് വിട്ടുനിന്നു.
● സാധാരണക്കാരായ ജനങ്ങൾ സമരത്തിൽ സജീവമായി പങ്കെടുത്തു.

ഭാമനാവത്ത് 

(KVARTHA) ഇന്ന് (ഓഗസ്റ്റ് 09) ക്വിറ്റ് ഇന്ത്യ സമര ദിനം. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ 'ഓഗസ്റ്റ് വിപ്ലവം' എന്നുകൂടി അറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചിട്ട് 83 വർഷം തികയുന്നു. മഹാത്മജിയുടെ നിർദ്ദേശപ്രകാരം യൂസഫ് മെഹെറലി ആണ് സമരത്തിന് 'ക്വിറ്റ് ഇന്ത്യ' എന്ന പേര് നിർദ്ദേശിച്ചത്.

Aster mims 04/11/2022

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ചെറുതും വലുതുമായ നിരവധി പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. അഹിംസയിൽ അധിഷ്ഠിതമായ സമരങ്ങളാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും, സാഹചര്യങ്ങളുടെ സമ്മർദം കാരണം ചിലപ്പോഴെങ്കിലും നിയന്ത്രണങ്ങൾ വിട്ട് ചോരപ്പുഴ ഒഴുക്കാൻ കാരണമായിട്ടുണ്ട്. 

പല സമരങ്ങളും ഏകീകൃത സ്വഭാവമില്ലാതെ പ്രാദേശിക വികാരങ്ങൾ ഉയർത്തിക്കൊണ്ട് ബ്രിട്ടീഷ് അടിച്ചമർത്തലുകൾക്കെതിരെ നടന്നവയായിരുന്നു. കൈയിൽ ഒരു പിടി ഉപ്പുമായി ഉപ്പു കുറുക്കി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിവേരറുത്ത ഉപ്പുസത്യാഗ്രഹത്തിന് ശേഷം ദേശീയതലത്തിൽ പടർന്നുപന്തലിച്ച സമരമായിരുന്നു ക്വിറ്റ് ഇന്ത്യ സമരം.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്ത ഏറ്റവും വലിയ ജനകീയ സമരം ഏതെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ- ക്വിറ്റ് ഇന്ത്യ സമരം. മഹാത്മജിയുടെ നേതൃത്വത്തിൽ 1942 ഓഗസ്റ്റ് 9-ന് 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യവുമായി രാജ്യമെങ്ങും അലയടിച്ച മഹാപ്രക്ഷോഭം. 

1942 ഓഗസ്റ്റ് 8-ന് ബോംബെയിലെ ഗ്വാളിയ ടാങ്ക് മൈതാനത്ത് മഹാത്മജി രാജ്യത്തെ പോരാളികളെ അഭിസംബോധന ചെയ്തു നടത്തിയ ഒന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം സ്വാതന്ത്ര്യസമര പോരാളികളിൽ ആവേശം ജ്വലിപ്പിച്ചു. 

ഈ ഘട്ടത്തിൽ പരാജയപ്പെട്ടാൽ വരും തലമുറ നമ്മളോട് ക്ഷമിക്കില്ലെന്ന് ഉദ്ബോധിപ്പിച്ച മഹാത്മജി അവരോട് പറഞ്ഞു: "നമ്മുടെ മുന്നിൽ ഒരേയൊരു വഴിയേ ഉള്ളൂ, പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. ഒന്നുകിൽ നമ്മൾ ഇന്ത്യയെ സ്വതന്ത്രമാക്കും, അല്ലെങ്കിൽ ആ പരിശ്രമത്തിനിടയിൽ തെരുവിൽ വീണു മരിക്കും."

ഗാന്ധിജിയുടെ ഈ ആഹ്വാനം അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യൻ സ്വാതന്ത്ര്യസമരം അഹിംസയിൽനിന്ന് വ്യതിചലിച്ച് രക്തരൂക്ഷിതമാകാൻ പോകുകയാണെന്ന ധാരണ പരത്താൻ കാരണമായി. ഓഗസ്റ്റ് 9 പുലർന്നതോടെ എല്ലാ സ്വാതന്ത്ര്യസമര സേനാനികളെയും ജയിലിലടച്ചു. 

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് ബ്രിട്ടീഷ് സൈന്യം മറ്റൊരു യുദ്ധത്തിൽ അകപ്പെട്ടിരിക്കെ, ഇവിടെ ഒരു ആഭ്യന്തര കലാപം കൂടി ഉണ്ടായാൽ ഇന്ത്യയുടെ നിയന്ത്രണം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ ഭയന്നു. ഈ ഭയമാണ് കൂട്ട അറസ്റ്റുകൾക്ക് കാരണം. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഗാന്ധിജിയുടെ കടുത്ത വിമർശകനുമായിരുന്ന വിൻസ്റ്റൺ ചർച്ചിൽ ക്വിറ്റ് ഇന്ത്യ സമരത്തെ രൂക്ഷമായി വിമർശിച്ചു.

നേതാക്കളെ തടവിലാക്കിയാൽ സമരം ഇല്ലാതാവുമെന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെ ധാരണ വെള്ളത്തിൽ വരച്ച വരപോലെ അപ്രസക്തമാക്കുന്നതിനാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ സാധാരണക്കാർ നെഞ്ചിലേറ്റിയ ഈ മഹാസമരം അതിശക്തമായ മർദനഭരണത്തെയാണ് നേരിട്ടത്. കോൺഗ്രസിന്റെ മുഖപത്രങ്ങൾ കണ്ടുകെട്ടി. എന്നിട്ടും അതൊക്കെ അതിജീവിച്ച് തെരുവിലിറങ്ങിയ ജനങ്ങളെക്കൊണ്ട് രാജ്യത്തെ ജയിലുകൾ നിറഞ്ഞു.

മുൻകാല സമരങ്ങളിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസിനൊപ്പം സോഷ്യലിസ്റ്റുകളും ഫോർവേഡ് ബ്ലോക്കും വിപ്ലവകാരികളും അവരുടേതായ രീതികളിൽ അണിനിരന്നപ്പോൾ, മുസ്ലിം ലീഗും ഹിന്ദുമഹാസഭയും കമ്യൂണിസ്റ്റ് പാർട്ടിയും സമരത്തിൽനിന്ന് മാറിനിന്നു. 

റഷ്യ യുദ്ധത്തിൽ പങ്കാളിയായതോടെ റഷ്യൻ അനുകൂല നിലപാടുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ ബ്രിട്ടന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് നേതൃത്വത്തെ ബ്രിട്ടീഷുകാർ വിലയ്‌ക്കെടുക്കാൻ ശ്രമിച്ചപ്പോഴും, സ്വാതന്ത്ര്യസമരത്തോട് കൂറു പുലർത്തിയിരുന്ന സാധാരണക്കാരായ മുസ്ലിങ്ങൾ സമരപാതയിൽത്തന്നെയായിരുന്നു. കോൺഗ്രസ് വിരുദ്ധ വികാരങ്ങളുള്ള മതമൗലിക ശക്തികളെ സഹായിച്ച് ഇന്ത്യ വിരുദ്ധ മനോഭാവം വളർത്താൻ ബ്രിട്ടീഷുകാർ ഏറെ ശ്രമിച്ചു.

എങ്കിലും, സാധാരണക്കാരായ ജനങ്ങൾ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കരുതി സമരത്തിൽ സജീവമായി നിലകൊണ്ടു. മർദകഭരണകൂടം അഴിച്ചുവിട്ട നിരവധി അടിച്ചമർത്തലുകളെ നേരിട്ട് എത്രയോ പേർ രക്തസാക്ഷികളായി. 

ജീവിതാവസാനം വരെ കിടപ്പുരോഗികളായവർ അതിലേറെപ്പേർ. എന്നിട്ടും അവർ ഒരേ വികാരത്തോടുകൂടി മുന്നേറി. ഇന്ത്യൻ ജനതയെ 'നാം ഒന്നാണ്' എന്ന് ബോധ്യപ്പെടുത്തിയ ദേശീയ വികാരം ആളിക്കത്തിച്ചുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഏടുകളിലൊന്നായി ക്വിറ്റ് ഇന്ത്യ സമരം കാലത്തെ അതിജീവിച്ചു നിലനിൽക്കും എന്ന കാര്യം തീർച്ചയാണ്.

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ മഹത്തായ ചരിത്രം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക.

 

Article Summary: 83 years of Quit India Movement and 'Do or Die' slogan.

#QuitIndiaMovement #IndianHistory #DoOrDie #MahatmaGandhi #IndependenceDay #AugustRevolution

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia