Criticism | ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പിടി ഉഷ പുറത്താകുമോ? നീക്കം നടക്കുന്നതായി സൂചന

 
PT Usha May Be Ousted from Indian Olympic Association Presidency
PT Usha May Be Ousted from Indian Olympic Association Presidency

Photo Credit: Facebook / PT Usha

● 25 ന് ചേരുന്ന ഐഒഎ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും
● 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേരും എതിര്
● രഘുറാം അയ്യരെ സിഇഒ ആയി നിയമിച്ചതിലും വിയോജിപ്പ്

ന്യൂഡെല്‍ഹി: (KVARTHA) ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പിടി ഉഷയെ പുറത്താക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഒക്ടോബര്‍ 25 ന് ചേരുന്ന ഐഒഎ യോഗത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേരും പിടി ഉഷയ്ക്ക് എതിരാണെന്നാണ് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. പിടി ഉഷ അസോസിയേഷന്റെ ഭരണഘടന ലംഘിച്ചുവെന്നും ഏകപക്ഷീയമായി പെരുമാറുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. കൂടാതെ ഇക്കഴിഞ്ഞ ജനുവരിയില്‍ രഘുറാം അയ്യരെ സിഇഒ ആയി നിയമിച്ചതിലും അംഗങ്ങള്‍ക്ക് വിയോജിപ്പുണ്ട്. ഇതൊക്കെ ഉഷയ്ക്ക് വിനയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഐ ഒ എ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ 25 ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന വിവരവും ഉണ്ട്.  എക്സിക്യൂട്ടീവ് കൗണ്‍സില്‍ തയ്യാറാക്കിയ 26 ഇന അജണ്ടയില്‍ അവസാനത്തേതായാണ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്ന കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പിടി ഉഷയും ട്രഷറര്‍ സഹ് ദേവ് യാദവും തമ്മിലുള്ള ഭിന്നതകളാണ് പ്രധാനമായും അവിശ്വാസത്തിന് കാരണമായതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഒപ്പുവെച്ച സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ക്രമക്കേടുണ്ടെന്ന് ട്രഷറര്‍ സഹ് ദേവ് യാദവ് ആരോപിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ക്ക് മറുപടിയുമായി പിടി ഉഷ പ്രസ്താവനയിലൂടെ രംഗത്തെത്തുകയും തന്നെ വ്യക്തിപരമായി താറടിക്കാനുള്ള ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

2022-ലെ കരാര്‍പ്രകാരം റിലയന്‍സ് രണ്ട് ഏഷ്യന്‍ ഗെയിംസ് (2022, 26), കോമണ്‍വെല്‍ത്ത് ഗെയിംസ് (2022, 26), ഒളിമ്പിക്സ് (2024, 28) എന്നിവയുടെ പ്രിന്‍സിപ്പല്‍ പാര്‍ട് ണറാവും. ഗെയിംസ് വേദികളില്‍ ഇന്ത്യ ഹൗസ് നിര്‍മിച്ചു നല്‍കുന്നത് റിലയന്‍സായിരിക്കും എന്നാണ് സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ പറയുന്നത്. എന്നാല്‍ അസോസിയേഷന് 24 കോടിയുടെ നഷ്ടമുണ്ടാക്കുന്നതാണ് കരാറെന്നാണ് യാദവിന്റെ ആരോപണം. 

എക്സിക്യുട്ടീവ് കൗണ്‍സിലിന്റെ അറിവോടെയല്ല ധാരണയുണ്ടാക്കിയത്. കൂടാതെ രണ്ട് വിന്റര്‍ ഒളിമ്പിക്സും (2026, 30) യൂത്ത് ഒളിമ്പിക്സും (2026, 30) പിന്നീട് കരാറില്‍ ഉള്‍പ്പെടുത്തിയതായി സിഎജി റിപ്പോര്‍ട്ടിലുണ്ടെന്നും ഐ ഒ എ ട്രഷറര്‍ പറയുന്നു.

എന്നാല്‍, എക്സിക്യുട്ടീവ് അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയ്ക്കായി കരാര്‍ വ്യവസ്ഥകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും നിയമോപദേശത്തിനു ശേഷമാണ് കരാര്‍ ഭേദഗതി ചെയ്തതെന്നും ഉഷ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ വനിത പ്രസിഡന്റാണ് പിടി ഉഷ.

#PTUsha #IndianOlympicAssociation #IOA #TrustMotion #SportsLeadership #RelianceDeal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia