Victory | പ്രതിമാസം 100 രൂപ വാടകയ്ക്ക് നൽകിയ വീട് 58 വർഷത്തിന് ശേഷം നിയമ പോരാട്ടത്തിനൊടുവിൽ തിരിച്ചുപിടിച്ചു!


● ഡെറാഡൂൺ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
● 2016-ൽ വാടകക്കാരിയോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടു.
● 2017-ൽ സിവിൽ കോടതിയിൽ വിജയം നേടിയെങ്കിലും സെഷൻസ് കോടതിയിൽ അപ്പീൽ ചെയ്തു.
● വ്യാഴാഴ്ച ജില്ലാ ജഡ്ജി മുൻ വിധിയെ ശരിവെച്ചു.
ഡെറാഡൂൺ: (KVARTHA) ജില്ലാ സെഷൻസ് കോടതിയുടെ വിധിയെ തുടർന്ന്, 58 വർഷങ്ങൾക്ക് ശേഷം നൈനിറ്റാളിലെ ഒരു ആഡംബര വസതി നാവികസേനാ ഉദ്യോഗസ്ഥന് തിരികെ ലഭിച്ചു. 53 കാരനായ നേവി ക്യാപ്റ്റൻ മൃദുൽ ഷാ, 1960 കളിൽ റിട്ടയേർഡ് ഐഎഎഫ് ഉദ്യോഗസ്ഥന്റെ ഭാര്യ നീലം സിങ്ങിന് പ്രതിമാസം 100 രൂപ നാമമാത്ര വാടകയ്ക്ക് നൽകിയ റോസ് ബാങ്ക് കോട്ടേജ് ഇപ്പോൾ അദ്ദേഹത്തിന്റെ സ്വത്തായി മാറി.
23 വർഷം നാവികസേനയിൽ സേവനമനുഷ്ഠിച്ച ശേഷം തന്റെ കുടുംബത്തിന് സ്വന്തമായി ഒരു വീട് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി, 2016-ൽ മൃദുൽ ഷാ തന്റെ വാടകക്കാരിയായ നീലം സിംഗിനോട് വാടക വീട് ഒഴിയണമെന്ന് അഭ്യർഥിച്ചു. എന്നാൽ അവർ നിരന്തരം ഈ ആവശ്യം നിരസിച്ചതിനെ തുടർന്ന് ഷാക്ക് സിവിൽ കോടതിയെ സമീപിക്കേണ്ടി വന്നു. 2017-ൽ മൃദുൽ ഷാ ഈ കേസിൽ വിജയിച്ചെങ്കിലും നീലം സിംഗ് നൈനിറ്റാൾ സെഷൻസ് കോടതിയിൽ ഈ വിധി ചോദ്യം ചെയ്തു. എന്നാൽ വ്യാഴാഴ്ച, ജില്ലാ ജഡ്ജി സുബീർ കുമാർ മുൻ വിധിയെ ശരിവെച്ചു.
'1966-ൽ നാമമാത്രമായ 100 രൂപ വാടകയ്ക്ക് റോസ് ബാങ്ക് കോട്ടേജ് ഹർപാൽ സിംഗിന് വാടകയ്ക്ക് നൽകിയിരുന്നു. ഹർപാൽ സിംഗിന്റെ മരണശേഷം ഭാര്യയും മകളും അവിടെ താമസിച്ചു. അമ്മയുടെ മരണശേഷം മകൾ നീലം ആയി ഗൃഹനാഥ. എന്നാൽ, വാടകക്കാർ ഒരിക്കലും വാടക വർദ്ധിപ്പിച്ചില്ല, ഇപ്പോഴും അതേ 100 രൂപയാണ് നൽകുന്നത്', നാവികസേനാ ഉദ്യോഗസ്ഥന് വേണ്ടി ഹാജരായ അഭിഭാഷകൻ
നീരജ് സാഹിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
റോസ് ബാങ്ക് കോട്ടേജ് തന്റെ അവകാശമാണെന്ന് മൃദുൽ കോടതിയെ സമീപിച്ചു. തന്റെ പിതാവിന്റെ വിൽപത്രപ്രകാരം ഈ സ്വത്ത് തനിക്കു ലഭിച്ചതായും, മറ്റ് വീടുകൾ ഇല്ലാത്തതിനാൽ ഈ വീട് തനിക്കും കുടുംബത്തിനും അനിവാര്യമാണെന്നും മൃദുൽ വാദിച്ചു. എന്നാൽ, ഈ സ്വത്ത് തന്റെ കുടുംബത്തിന് അവകാശപ്പെട്ടതാണെന്ന് നീലം വാദിച്ചു. നാവികസേന തങ്ങളുടെ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും മതിയായ താമസ സൗകര്യങ്ങൾ ഒരുക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
വാദങ്ങൾ കേട്ട കോടതി മൃദുലിന് അനുകൂലമായി വിധി പ്രസ്താവിച്ചു. ഒരു വ്യക്തിക്ക് തന്റെ സ്വത്ത് സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും, വാടകക്കാരന് സ്വത്തുടമയോട് സ്വത്ത് എങ്ങനെ ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
#Nainital #propertydispute #India #courtverdict #Navy #legalbattle