Priyanka Gandhi | കെട്ടുതാലി വരെ നാടിനുവേണ്ടി ത്യാഗം ചെയ്ത അമ്മയാണ് തന്റേത്; കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ സ്ത്രീകളുടെ സ്വര്‍ണവും മംഗല്യസൂത്രയുമെല്ലാം അപഹരിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി

 

ബംഗളൂരു: (KVARTHA) കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ സ്ത്രീകളുടെ സ്വര്‍ണവും മംഗല്യസൂത്രയുമെല്ലാം അപഹരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച്‌  പ്രിയങ്ക ഗാന്ധി.

രാജ്യം സ്വതന്ത്രമായിട്ട് 76 വര്‍ഷമായി. 55 വര്‍ഷം കോണ്‍ഗ്രസാണ് ഈ രാജ്യം ഭരിച്ചത്. 55 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ആരുടെയെങ്കിലും മംഗല്യസൂത്രയോ സ്വര്‍ണമോ കവര്‍ന്നിട്ടുണ്ടോ എന്നു ചോദിച്ച പ്രിയങ്ക, കെട്ടുതാലി വരെ നാടിനുവേണ്ടി ത്യാഗം ചെയ്ത അമ്മയാണ് തന്റേതെന്നും രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം ചൂണ്ടിക്കാട്ടി മോദിയെ ഓര്‍മിപ്പിച്ചു. രാജ്യം യുദ്ധവേളയില്‍ നില്‍ക്കെ മുത്തശ്ശി ഇന്ദിരാഗാന്ധി അവരുടെ സ്വര്‍ണം മുഴുവന്‍ രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ചതാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

Priyanka Gandhi | കെട്ടുതാലി വരെ നാടിനുവേണ്ടി ത്യാഗം ചെയ്ത അമ്മയാണ് തന്റേത്; കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ സ്ത്രീകളുടെ സ്വര്‍ണവും മംഗല്യസൂത്രയുമെല്ലാം അപഹരിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട മോദി, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്തുമുഴുവന്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന വിദ്വേഷ പ്രസംഗങ്ങള്‍ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്തുവന്നത്.

പ്രിയങ്കയുടെ വാക്കുകള്‍:

കോണ്‍ഗ്രസ് പാര്‍ടി നിങ്ങളുടെ കെട്ടുതാലിയും സ്വര്‍ണവുമെല്ലാം അപഹരിക്കാന്‍ പോവുന്നുവെന്ന് രണ്ടുദിവസമായി അവര്‍ പറഞ്ഞുനടക്കുകയാണ്. രാജ്യം സ്വതന്ത്രമായിട്ട് 76 വര്‍ഷമായി. 55 വര്‍ഷം കോണ്‍ഗ്രസാണ് ഈ രാജ്യം ഭരിച്ചത്. ആരെങ്കിലും നിങ്ങളുടെ സ്വര്‍ണം കവര്‍ന്നോ? മംഗല്യസൂത്ര അപഹരിച്ചോ? രാജ്യം യുദ്ധവേളയില്‍ നില്‍ക്കെ ഇന്ദിരാഗാന്ധി അവരുടെ സ്വര്‍ണം മുഴുവന്‍ രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ചതാണ്.

എന്റെ അമ്മയുടെ മംഗല്യസൂത്ര ഈ നാടിനുവേണ്ടി ത്യാഗം ചെയ്തതാണ്. നരേന്ദ്ര മോദി കെട്ടുതാലിയുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഇത്ര വലിയ അസംബന്ധം എഴുന്നള്ളിക്കില്ലായിരുന്നു. രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ മോദി പരാജയപ്പെട്ടിരിക്കുകയാണ്. 

ഇവിടുത്തെ കര്‍ഷകര്‍ കടംകയറി ജീവിതത്തിനുമുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ അവരുടെ ഭാര്യമാര്‍ക്ക് കെട്ടുതാലികള്‍ പണയം വെക്കേണ്ടി വരുന്നു. മകളുടെ വിവാഹമോ കുടുംബത്തില്‍ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ അവരുടെ ആഭരണങ്ങള്‍ പണയം വെക്കുന്നു. ഇതൊന്നും പക്ഷേ, മോദിക്ക് മനസ്സിലാക്കാനാവുന്നില്ല.

രാജ്യത്ത് കര്‍ഷക സമരത്തിനിടെ 600 കര്‍ഷകരാണ് മരിച്ചത്. അവരുടെ ഭാര്യമാരുടെ 'മംഗല്യസൂത്ര'യെക്കുറിച്ച് മോദി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മണിപ്പൂരിലെ നിസ്സഹായയായ ഒരു സ്ത്രീയെ രാജ്യത്തിനു മുമ്പാകെ നഗ്‌നയായി നടത്തിക്കുമ്പോള്‍ അവളെക്കുറിച്ചും അവളുടെ മംഗല്യസൂത്രയെക്കുറിച്ചും എന്തുകൊണ്ടാണ് മോദി ചിന്തിക്കാതിരുന്നതും നിശ്ശബ്ദത പാലിച്ചതും?

തിരഞ്ഞെടുപ്പുകളില്‍ ഒരു രാഷ്ട്രീയ ഉപകരണം മാത്രമായാണ് മോദി സ്ത്രീകളെ കാണുന്നത്. ഇന്ന് തിരഞ്ഞെടുപ്പിനുവേണ്ടി നിങ്ങള്‍ സ്ത്രീകളെക്കുറിച്ച് ഇതുപോലെ സംസാരിക്കുന്നു. അവരെ പേടിപ്പിച്ച് വോടുകള്‍ തട്ടുകയാണ് നിങ്ങളുടെ ലക്ഷ്യം. ഇതില്‍ മോദി ലജ്ജിക്കണം. സത്യസന്ധമായ രാഷ്ട്രീയവും നാടകവും നടത്തുന്നവര്‍ക്കിടയില്‍നിന്ന് അനുയോജ്യരായവരെയാണ് നമ്മള്‍ തിരഞ്ഞെടുക്കേണ്ടതെന്നും പ്രിയങ്ക പറഞ്ഞു.

Keywords: Priyanka hits back at PM Modi: My mother’s Mangal sutra was sacrificed for country, Bengaluru, News, Politics, Priyanka Gandhi, Criticized, Lok Sabha Election, Prime Minister, Narendra Modi, Vote, Women, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia