Priyanka Gandhi | മോദിക്ക് ബദൽ ഒരു വനിത; പ്രിയങ്കാഗാന്ധി വരും?

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രി ആരായിരുന്നു എന്ന് ആരൊടെങ്കിലും ചോദിച്ചാൽ എല്ലാവർക്കും ഒറ്റ ഉത്തരമേ കാണൂ, അത് ഒരു വനിതയായിരുന്നു, മറ്റാരുമല്ല. ഇന്ദിരാഗാന്ധി തന്നെയായിരുന്നു. ഇന്നും ഇന്ദിരാഗാന്ധിക്ക് ആരാധകർ ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ ഒട്ടും കുറവല്ല. ഇന്ത്യ എന്നാൽ ഇന്ദിരയെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നും വരെ ഒരു കാലത്ത് മുദ്രാവാക്യം പോലും ഉണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ മരണത്തിന് ശേഷം അദേഹത്തിൻ്റെ മകൾ ഇന്ദിരാ പ്രിയദർശിനി എന്ന ഇന്ദിരാഗാന്ധി ഇന്ത്യയെ കരുത്തോടെ നയിക്കുകയായിരുന്നു.

Priyanka Gandhi | മോദിക്ക് ബദൽ ഒരു വനിത; പ്രിയങ്കാഗാന്ധി വരും?

ഇന്ദിരാഗാന്ധിയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ പിൻഗാമി ആകാൻ ഏറ്റവും യോഗ്യ ആരെന്നുള്ള ചോദ്യത്തിന് ഒറ്റമറുപടിയെയുള്ളു, അത് രാജിവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മകളും രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്കാ ഗാന്ധി മാത്രം. നടപ്പിലും എടുപ്പിലും പ്രവർത്തികളിലും ഒക്കെ അവർ ഇന്ദിരാഗാന്ധിയെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് ദേശീയ രാഷ്ട്രിയത്തിൽ മോദിയ്ക്കും ബി.ജെ.പിയ്ക്കും ബദലായി കോൺഗ്രസിന് ഉയർത്തിക്കൊണ്ടുവരാൻ പറ്റുന്ന ഏറ്റവും അനൂയോജ്യ മുഖമാണ് പ്രിയങ്കാ ഗാന്ധി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ മോദി - രാഹുൽ പോരാട്ടമായിരുന്നെങ്കിൽ 2024 -ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിൻ്റെ തനിയാവർത്തനം വീണ്ടും ആവർത്തിച്ചാൽ അത് വോട്ടർമാരിൽ വിരസത സൃഷ്ടിക്കുമെന്ന് തീർച്ച.

കഴിഞ്ഞ തവണ സംഭവിച്ചതിനപ്പുറം ഒന്നും കൂടുതലായി സംഭവിക്കാനും ഇടയില്ല. അതിനാൽ തന്നെ ഈ തെരഞ്ഞെടുപ്പിൽ രാഹുൽ മാറിനിന്ന് പ്രിയങ്ക കളത്തിലിറങ്ങിയാൽ അത് ജനശ്രദ്ധയാകർഷിക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. ഒപ്പം കോൺഗ്രസിന് ശക്തമായ ഒരു തിളക്കവും ഉണ്ടാകും. മോദിക്ക് ബദൽ ഒരു വനിത എന്ന സന്ദേശമാകണം കോൺഗ്രസ് ദേശീയ വ്യാപകമായി കൊടുക്കേണ്ടത്. ഒരു കാലത്ത് കോൺഗ്രസിൻ്റെ ഏറ്റവും ശക്തമായ വോട്ട് ബാങ്ക് എന്നത് സ്ത്രീകളായിരുന്നു. ഇപ്പോൾ സ്ത്രീ വോട്ടുകൾ പലയിടത്തായി ഭിന്നിച്ചിരിക്കുകയാണ്. സ്ത്രീ വോട്ടർമാരെ ആകർക്ഷിക്കാൻ അടുത്താകാലത്തൊന്നും കോൺഗ്രസിൻ്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടായതായി കണ്ടിട്ടുമില്ല.

പടുകിഴവന്മാർ അല്ലാതെ നല്ലൊരു വനിതാ നേതാവിനെ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്നില്ലെന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസ് ഭരണകാലത്ത് ആയിരുന്നു ആദ്യമായി ഒരു വനിതാ രാഷ്ട്രപതിയെ ഉയർത്തിക്കൊണ്ടുവന്നത്, പ്രതിഭാ പാട്ടീൽ. അതിന് സ്ത്രീകളുടെ ഇടയിൽ വലിയൊരു സ്വീകാര്യതയാണ് അന്ന് ലഭിച്ചത്. അതുപോലെ പ്രിയങ്കയിലൂടെ എന്തുകൊണ്ട് കോൺഗ്രസിന് ഒരു വനിതാ പ്രധാനമന്ത്രിയെ ഉയർത്തിക്കൊണ്ടുവരാൻ പറ്റുന്നില്ല എന്നത് ചിന്തിക്കേണ്ടതാണ്. ഇത് ഒരു പക്ഷേ നരേന്ദ്ര മോദിയ്ക്കും ബി.ജെ.പിക്കും മൂക്കൂകയർ ഇടാൻ വളരെ ഉപകരിച്ചെന്നിരിക്കും. സംസ്ഥാന രാഷ്ട്രീയത്തിൽ ചില വനിതകൾ ചില പാർട്ടികളിലൂടെ ഉയർന്നുവന്നപ്പോൾ പിന്നീട് അവരെ ആർക്കും തൂത്തെറിഞ്ഞുകളയാൻ പറ്റിയിരുന്നില്ലെന്നത് കണ്ടതാണ്.

മമത ബാനർജി, ജയലളിത, മായാവതി തുടങ്ങിയവരൊക്കെ ഈ ഗണത്തിൽപ്പെടുന്നവരാണ്. ഇവരൊക്കെ അവരുടെ സംസ്ഥാനങ്ങളിൽ പുരുഷ നേതാക്കളെക്കാൾ ശക്തരായ നേതാക്കളായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടിട്ടുള്ളത്. അതുപോലെ എന്തുകൊണ്ടും കോൺഗ്രസ് പ്രിയങ്കയെ ദേശീയ രാഷ്ട്രീയത്തിൽ വനിതാ പ്രധാനമന്ത്രി എന്ന ലേബലിൽ ഉയർത്തിക്കൊണ്ടുവന്നാൽ അത് ശക്തമായ പല മാറ്റങ്ങൾക്കും വഴിവെയ്ക്കും എന്നും തീർച്ചയാണ്. രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ നേതൃത്വം ഏറ്റെടുത്തിരുന്നു. അതിനുശേഷം എ.ഐ.സി.സി പ്രസിഡൻ്റു സ്ഥാനം പോലും ഏറ്റെടുക്കാൻ അദ്ദേഹം തയാറായിട്ടില്ല. കോൺഗ്രസിന് വേണ്ടത് ഇനി ഒരു വൃദ്ധനേതൃത്വം അല്ല. പ്രത്യേകിച്ച് സ്ത്രീകളെയും യൂവാക്കളെയും ആകർഷിക്കാൻ പറ്റുന്ന നേതൃമാണ് വേണ്ടത്.

അത് ഇന്നത്തെ സാഹചര്യത്തിൽ പ്രിയങ്കയുടെ കൈയ്യിൽ ഭദ്രമാണ്. നെഹ്റു കുടുംബത്തിൻ്റെ പാരമ്പര്യവും ഇന്ദിരാഗാന്ധിയുടെ പാരമ്പര്യവും മറ്റാരെക്കാളും കൂടുതൽ അവകാശപ്പെടാവുന്നത് പ്രിയങ്കയ്ക്ക് മാത്രമാണ്. പ്രിയങ്കാ ഗാന്ധി ജയിക്കാൻ പറ്റുന്ന സീറ്റിൽ അല്ല മത്സരിക്കേണ്ടത്. രാഹുൽ ഗാന്ധി കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിൽ നിന്ന് തന്നെ ജനവിധി തേടി ജയിക്കണം. അതിൻ്റെ അലയൊലികൾ ഇന്ത്യയിൽ ഒന്നടങ്കം ഒരു തരംഗമാകും. ഒരു പക്ഷേ, ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിൻ്റെ ഒരു തിരിച്ചുവരവിനു തന്നെ ഇത് വഴിവെച്ചേക്കാം. രാഹുൽ ജിയോട് പറയാനുള്ളത്, കുറച്ചു സമയം സഹോദരിക്ക് ഒരു അവസരം നൽകുക. ഇന്ദിരയെ സ്നേഹിക്കുന്നവർ പ്രിയങ്കയിലൂടെ ഇന്ദിരയെ കാണുന്നു എന്ന സത്യം തിരിച്ചറിയുക.

Priyanka Gandhi | മോദിക്ക് ബദൽ ഒരു വനിത; പ്രിയങ്കാഗാന്ധി വരും?

Keywords: News, Malayalam News, National, Narendra Modi, Indiragandhi, India, Priyanka Gandhi, Congress, Politics, Election, BJP, Priyanka Gandhi will lead Congress campaign?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia