Escape | തടവുകാര്‍ അവതരിപ്പിച്ച രാംലീല നാടകത്തിനിടെ സീതയെ തേടിയിറങ്ങുന്ന വാനരന്മാരായി വേഷമിട്ട കൊലപാതക കേസിലെ പ്രതികള്‍ ജയില്‍ചാടി
● രക്ഷപ്പെട്ടത് നാടകത്തിലെ പ്രകടനം മറയാക്കി
● നിര്‍മാണത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കോണി ഉപയോഗിച്ചാണ് മതില്‍ ചാടിയത്
● കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി
ദെഹ് റാദൂണ്‍: (KVARTHA) തടവുകാര്‍ അവതരിപ്പിച്ച രാംലീല നാടകത്തിനിടെ സീതയെ തേടിയിറങ്ങുന്ന വാനരന്മാരായി വേഷമിട്ട കൊലപാതക കേസിലെ പ്രതികള്‍ ജയില്‍ചാടി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ അതീവ സുരക്ഷയുള്ള റോഷനാബാദ് ജയിലില്‍ നിന്നാണ് തടവുകാര്‍ അതിവിദഗ്ധമായി പുറത്ത് ചാടിയത്. കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട കുറ്റവാളിയടക്കമാണ് ജയില്‍ ചാടിയതെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് നാടകം അവതരിപ്പിച്ചത്.
റോര്‍ക്ക് സ്വദേശിയായ പങ്കജ് കുമാറും ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ രാം കുമാറുമാണ് ജയില്‍ ചാടിയത്.
നാടകത്തിലെ പ്രകടനം മറയാക്കി നിര്‍മാണത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കോണി ഉപയോഗിച്ചാണ് ഇരുവരും ജയിലിന്റെ മതില്‍ ചാടിയതെന്ന് പൊലീസ് അറിയിച്ചു. ജയിലില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് കോണി എത്തിച്ചിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
രാത്രി എട്ടുമണിക്ക് പതിവുപോലെ ജയില്‍പുള്ളികളുടെ എണ്ണം എടുത്തിരുന്നെങ്കിലും ഇവരെ കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് രാവിലെ 6.30 ഓടെയാണ് രണ്ടുപേര്‍ ജയില്‍ ചാടിയ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലതാമസവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും അന്വേഷിക്കുന്നുണ്ട്.
#PrisonBreak #Uttarakhand #RamleelaEscape #HaridwarJail #CrimeNews #PoliceSearch