ഡയാനയുടെ ഓർമ്മക്ക് 28 വയസ്സ്: ഓർമ്മയിലെ തങ്കത്തിളക്കമായ വെള്ളാരം കണ്ണുള്ള രാജകുമാരി


● ഫാഷൻ സെൻസും ജനക്ഷേമപ്രവർത്തനങ്ങളും ഡയാനയെ പ്രിയങ്കരിയാക്കി.
● രാജകീയ പാരമ്പര്യങ്ങളെ മാറ്റിനിർത്തി സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നു.
● 'സ്വാതന്ത്ര്യത്തിന്റെ ജ്വാല' ഡയാനയുടെ ഓർമ്മയ്ക്കുള്ളതല്ല.
● ഇന്നും ബ്രിട്ടനിലെ ജനങ്ങൾ ഡയാനയെ ഏറെ സ്നേഹിക്കുന്നു.
ഭാമനാവത്ത്
(KVARTHA) വശ്യത തുളുമ്പുന്ന കണ്ണുകളും സ്വർണ്ണത്തലമുടിയും വെള്ളിത്തിളക്കമുള്ള പുഞ്ചിരിയുമായി ഇംഗ്ലീഷുകാരുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ ആകർഷണകേന്ദ്രമായിരുന്ന ഡയാന രാജകുമാരിയുടെ ആകസ്മികമായ അപകട മരണത്തിന് ഇന്ന് (ഓഗസ്റ്റ് 30) 28 വയസ്സ് തികയുന്നു. ബ്രിട്ടനിലെ ഇപ്പോഴത്തെ രാജാവ് ചാൾസിന്റെ മുൻ ഭാര്യയായിരുന്നു ഡയാന.

ചാൾസ് രാജകുമാരനുമായി പിരിഞ്ഞശേഷം സുഹൃത്തും കോടീശ്വരനുമായ ഈജിപ്തുകാരൻ ഡോഡി അൽ ഫയദിനൊപ്പം പാരീസിലെ സ്വകാര്യ സന്ദർശനത്തിനിടെയായിരുന്നു ആ ദുരന്തം. 36-ാം വയസ്സിൽ ഒരു വാഹനാപകടം ആ രാജകുമാരിയെ തട്ടിയെടുത്തു.
1997 ഓഗസ്റ്റ് 30-ന്, ഈഫൽ ടവറിനു സമീപമുള്ള ഡെ ലാൽമ പാലത്തിനടിയിലെ തുരങ്കത്തിലൂടെ സഞ്ചരിക്കവേ ഇരുവരും സഞ്ചരിച്ച കാർ ഒരു കോൺക്രീറ്റ് തൂണിലിടിച്ച് മറിഞ്ഞു. സുഹൃത്തും ഡ്രൈവറും തൽക്ഷണം മരിച്ചു.
ഡയാനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് പുലർച്ചെ നാല് മണിയോടെ അവർ മരണത്തിന് കീഴടങ്ങി. ഹൃദ്യവും കുലീനവുമായ പെരുമാറ്റം കൊണ്ടും ജനക്ഷേമപ്രവർത്തനങ്ങളിലൂടെയും ആഗോള സെലിബ്രിറ്റിയായി ഡയാന തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ആ ദുരന്തം.
പാപ്പരാസികൾ എന്ന് വിളിക്കുന്നവരുടെ (സ്വകാര്യതയിൽ കടന്നുകയറ്റം നടത്തി അത് ആഘോഷമാക്കുന്ന ടാബ്ലോയിഡ് പത്രക്കാർ) നിരന്തര ശല്യത്തിലായിരുന്നു ഡയാനയുടെ ഓരോ നിമിഷവും. പാരീസിലെ ഈ സ്വകാര്യ യാത്രയിലും അത്തരം ശല്യമുണ്ടായപ്പോൾ വാഹനത്തിന്റെ വേഗം കൂട്ടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്. ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു എന്നും പറയപ്പെടുന്നു.
പാരീസിലെ ഈഫൽ ടവറിലേക്ക് പോകുന്ന വഴിയിൽ സ്വർണ്ണനിറത്തിലുള്ള ഒരു ജോലിയുടെ ശിൽപം ഇന്നും കാണാം. ഡയാന രാജകുമാരിയുടെ കാർ അപകടം നടന്ന സ്ഥലത്തിന്റെ ഓർമ്മക്കായാണ് അത് എന്ന് നാട്ടുകാർ പറയാറുണ്ട്.
ഡയാനയോടുള്ള അതിരുകടന്ന സ്നേഹത്തിന്റെ പുറത്താണ് ഈ വിശ്വാസമെങ്കിലും ഇതിന് വസ്തുതയുടെ പിൻബലമില്ല. 'സ്വാതന്ത്ര്യത്തിന്റെ ജ്വാല' എന്നറിയപ്പെടുന്ന ഈ ശിൽപം ഡയാന മരിക്കുന്നതിന് 8 വർഷം മുൻപ്, 1989-ൽ നിർമ്മിച്ചതാണ്.
സൗന്ദര്യവും തികഞ്ഞ ഫാഷൻ സെൻസും മാത്രമല്ല ലേഡി ഡിയെ ജനകീയമാക്കിയത്. മറിച്ച്, രാജകുടുംബത്തിന്റെ പാരമ്പര്യ മാമൂലുകൾ പൊട്ടിച്ചെറിഞ്ഞ് വേദനിക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ നെഞ്ചിലേറ്റിയതാണ്.
മരിച്ച് കാൽ നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇന്നും കോടിക്കണക്കിന് ജനങ്ങളുടെ മനസ്സിൽ ഒരു ആരാധ്യയായി ഡയാന ജീവിച്ച് നിൽക്കുന്നു. ഇതിന് തെളിവാണ് രണ്ട് വർഷം മുൻപ് എലിസബത്ത് രാജ്ഞി മരണപ്പെട്ടതിനെ തുടർന്ന് ചാൾസ് ബ്രിട്ടീഷ് രാജാവായപ്പോഴും, കാമില രാജ്ഞി പദവിയിലെത്തിയപ്പോഴും ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഡയാനയെ ആരാധകർ തിരഞ്ഞുകൊണ്ടിരുന്നത്.
ബ്രിട്ടനിലെ ജനങ്ങൾ ഇന്നും തങ്ങളുടെ രാജകുടുംബാംഗങ്ങളിൽ ഏറ്റവും സ്നേഹിക്കുന്നത് വെള്ളാരം കണ്ണുള്ള ഈ രാജകുമാരിയെയാണ് എന്ന് അവിടെ നടക്കുന്ന എല്ലാ സർവ്വേകളും സാക്ഷ്യപ്പെടുത്തുന്നു.
ഡയാന രാജകുമാരിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Remembering Princess Diana on her 28th death anniversary.
#PrincessDiana, #Diana28, #RoyalFamily, #PrinceCharles, #Anniversary, #ForeverInOurHearts