Independence Day | സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം; ചെങ്കോട്ടയിലെ ചടങ്ങുകൾ ഇങ്ങനെ; പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തും; 6,000 പ്രത്യേക അതിഥികൾ
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഏകദേശം 2000 പേരെ ക്ഷണിച്ചിട്ടുണ്ട്. അവർ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് വമ്പൻ ആഘോഷം കാണാൻ എത്തും
ന്യൂഡൽഹി: (KVARTHA) സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം. വ്യാഴാഴ്ച രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യും. 'വികസിത ഭാരതം @ 2047' എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രമേയം. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമായി മാറ്റുന്നതിനുള്ള സർക്കാറിന്റെ ശ്രമങ്ങൾക്ക് പുതുതായ പ്രചോദനം നൽകുന്നതിനുള്ള ഒരു വേദിയായി ആഘോഷങ്ങൾ വർത്തിക്കും.
ഈ വർഷം ചെങ്കോട്ടയിലെ ആഘോഷങ്ങൾക്ക് സാക്ഷിയാകാൻ ഏകദേശം 6000 പ്രത്യേക അതിഥികളെയാണ് ക്ഷണിച്ചിട്ടുള്ളത്. യുവാക്കൾ, ആദിവാസി സമൂഹം, കർഷകർ, സ്ത്രീകൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽപ്പെട്ട വ്യക്തികളും വിവിധ ഗവൺമെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളും ചടങ്ങിൽ സംബന്ധിക്കും. പാരീസ് ഒളിമ്പിക്‌സിൽ മത്സരിച്ച താരങ്ങളും പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഏകദേശം 2000 പേരെ ക്ഷണിച്ചിട്ടുണ്ട്. അവർ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് വമ്പൻ ആഘോഷം കാണാൻ എത്തും. പ്രതിരോധ മന്ത്രാലയവും മൈ ജിഒവിയും ആകാശവാണിയും ചേർന്ന് സംഘടിപ്പിച്ച വിവിധ ഓൺലൈൻ മത്സരങ്ങളിൽ വിജയിച്ച 3000 പേരും ആഘോഷങ്ങളുടെ ഭാഗമാകും.
ചടങ്ങുകൾ ഇങ്ങനെ:
രാവിലെ ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമാനെ എന്നിവർ സ്വീകരിക്കും. തുടർന്ന് പ്രതിരോധ സെക്രട്ടറി, ഡൽഹി മേഖലാ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ ഭവനീഷ് കുമാറിനെ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും.
സല്യൂട്ടിംഗ് ബേസിലേക്ക് പ്രധാനമന്ത്രിയെ ആനയിക്കുന്നത് ഡൽഹി മേഖലാ ജനറൽ ഓഫീസർ കമാൻഡിംഗ് ആയിരിക്കും. ഇവിടെ സംയുക്ത സേനാ വിഭാഗവും ഡൽഹി പൊലീസും പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ അർപ്പിക്കും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണറിനെ പരിശോധിക്കും. കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും ഡെൽഹി പോലീസിന്റെയും ഓരോ വിഭാഗത്തിൽ നിന്നും ഒരു ഉദ്യോഗസ്ഥനും 24 ജവാന്മാരും അടങ്ങുന്നതാണ് പ്രധാനമന്ത്രിയുടെ ഗാർഡ് ഓഫ് ഓണർ.
ഇത്തവണത്തെ സംഘാടക സേന ഇന്ത്യൻ നാവികസേനയാണ്. കമാന്ഡർ അരുൺ കുമാർ മേത്തയാണ് ഗാർഡ് ഓഫ് ഓണറിന്റെ കമാൻഡർ. കരസേനയിൽ മേജർ അർജുൻ സിംഹ്, നാവികസേനയിൽ ലെഫ്റ്റനന്റ് കമാൻഡർ ഗുലിയാ ഭവേഷ് എൻ കെ, വ്യോമസേനയിൽ സ്ക്വാഡ്രൻ ലീഡർ അക്ഷര ഉണിയാൾ, ഡെൽഹി പൊലീസിൽ അഡീഷണൽ ഡിസിപി അനുരാഗ് ദിവേദി എന്നിവരാണ് ഓരോ വിഭാഗത്തിന്റെയും കമാൻഡർമാർ.
ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം പ്രധാനമന്ത്രി ചെങ്കോട്ടയുടെ കോട്ടമതിലുകളിലേക്ക് പോകും. ഇവിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദീനേഷ് കെ.ത്രിപാതി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ.ചൗധരി എന്നിവർ സ്വീകരിക്കും. ഡൽഹി മേഖലാ ജനറൽ ഓഫീസർ കമാൻഡിംഗ് പ്രധാനമന്ത്രിയെ ദേശീയ പതാക ഉയർത്താനുള്ള പീഠത്തിലേക്ക് ആനയിക്കും.
ലെഫ്റ്റനന്റ് സഞ്ജീവ് സൈനി പ്രധാനമന്ത്രിക്ക് ദേശീയ പതാക ഉയർത്തുന്നതിൽ സഹായിക്കും. 21-ഗണ്‍ സല്യൂട്ടടക്കം ഇതിനൊപ്പം ഉണ്ടാകും. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന ഉടനെ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ പൂക്കൾ ചൊരിയും. ഹെലികോപ്റ്ററുകളുടെ കമാൻഡർമാർ വിംഗ് കമാൻഡർ അംബർ അഗർവാൾ, വിംഗ് കമാൻഡർ രാഹുൽ നൈൻവാൾ എന്നിവരാണ്.
ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസംഗം അവസാനിച്ചതിന് ശേഷം നാഷണൽ കാഡറ്റ് കോർപ്സിന്റെ (എൻസിസി) കാഡറ്റുമാർ ദേശീയ ഗാനം ആലപിക്കും. രാജ്യത്തിന്റെ വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിരം ആൺ, പെൺ കാഡറ്റുമാർ (സൈന്യം, നാവികസേന, വ്യോമസേന) ആഘോഷങ്ങളിൽ പങ്കെടുക്കും. അവർ ‘മൈ ഇന്ത്യ’ ലോഗോ സൃഷ്ടിക്കും. 500 നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) വോളണ്ടിയർമാരും പങ്കെടുക്കും.