PM Modi | ഭരിക്കുന്നത് യുഡിഎഫ് ആയാലും എല്‍ഡിഎഫ് ആയാലും ബിജെപി പ്രവര്‍ത്തകര്‍ക്ക് കേരളത്തില്‍ നേരിടേണ്ടി വന്നത് വലിയ ക്രൂരതകള്‍; എങ്കിലും അവിടെ നിന്നും ഒരു എം പിയെ കിട്ടിയെന്ന് നരേന്ദ്ര മോദി


ഇന്‍ഡ്യന്‍ ഭരണഘടനയെ പുകഴ്ത്തിയും സംസാരം
ഭരണഘടനയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവനാണ് താന്‍, അംബേദ്കറിന്റെ ഈ ഭരണഘടനയുള്ളതുകൊണ്ടാണ് പിന്നോക്ക വിഭാഗത്തില്‍ നിന്ന് വന്ന പാവപ്പെട്ട കുടുംബാംഗമായ തനിക്ക് രാജ്യത്തെ സേവിക്കാനായത്
ന്യൂഡെല്‍ഹി: (KVARTHA) ഭരിക്കുന്നത് യുഡിഎഫ് ആയാലും എല്‍ഡിഎഫ് ആയാലും ബിജെപി പ്രവര്‍ത്തകര്‍ക്ക് കേരളത്തില്‍ നേരിടേണ്ടി വന്നത് വലിയ ക്രൂരതകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരില്‍ പോലും ഇത്രയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ടി യോഗത്തിലാണ് കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച് കൊണ്ടുള്ള മോദിയുടെ അഭിപ്രായ പ്രകടനം ഉണ്ടായത്.
കേരളത്തില്‍ നിന്ന് ഒരു എംപിയെ ഇത്തവണ നമുക്ക് കിട്ടി. എവിടെയും വിജയസാധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം കഠിന പരിശ്രമത്തിലൂടെ ഇന്ന് പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയായെന്നും സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.
ഇന്‍ഡ്യ ഭരണഘടനയെ പുകഴ്ത്തിയും മോദി സംസാരിച്ചു. ഭരണഘടനയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവനാണ് താനെന്നും അംബേദ്കറിന്റെ ഈ ഭരണഘടനയുള്ളതുകൊണ്ടാണ് പിന്നോക്ക വിഭാഗത്തില്‍നിന്ന് വന്ന പാവപ്പെട്ട കുടുംബാംഗമായ തനിക്ക് രാജ്യത്തെ സേവിക്കാനായതെന്നും മോദി എക്‌സില്‍ കുറിച്ചു.
വെള്ളിയാഴ്ച എന്‍ഡിഎ യോഗത്തിന് എത്തിയപ്പോള്‍ ഭരണഘടന തൊഴുന്ന ചിത്രവും മോദി പങ്കുവച്ചു. മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തുമെന്ന പ്രതിപക്ഷ വിമര്‍ശനം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് ബിജെപിയുടെ പൊതുവെയുള്ള വിലയിരുത്തല്‍.
കേന്ദ്രമന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിര്‍ദേശിച്ചു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎയുടെ നേതാവായി നിര്‍ദേശിച്ചത്. അമിത് ഷായും നിതിന്‍ ഗഡ്കരിയും രാജ്‌നാഥ് സിംഗിന്റെ നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് കയ്യടികളോടെ അംഗങ്ങള്‍ ഇതിനെ പിന്തുണക്കുകയായിരുന്നു. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തില്‍ രാജ്‌നാഥ് സിംഗ് സംസാരിക്കുകയും ചെയ്തു.
ഏകകണ്ഠേനെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്നും രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്നും യോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു. യോഗത്തിന് എത്തിച്ചേര്‍ന്ന ഘടകക്ഷി നേതാക്കളോടും തിരഞ്ഞെടുക്കപ്പെട്ട എംപിമാരോടും അദ്ദേഹം നന്ദി പറഞ്ഞു. ഇത്രയും വലിയ സംഘത്തെ വരവേല്‍ക്കാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്. വിജയിച്ചവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. രാവും പകലും അധ്വാനിച്ച പാര്‍ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. എന്‍ഡിഎ സഖ്യം ഇന്‍ഡ്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
മോദിയുടെ വാക്കുകള്‍:
നിങ്ങള്‍ നല്‍കിയ പുതിയ ഉത്തരവാദിത്തത്തില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. 2019-ല്‍ സമാനമായ അവസരത്തിലും ഞാന്‍ സംസാരിച്ചത് വിശ്വാസത്തെക്കുറിച്ചാണ്. ഇതേ വിശ്വാസത്തെക്കുറിച്ചാണ് ഇപ്പോഴും സംസാരിക്കുന്നത്. പാര്‍ലമെന്റില്‍ എല്ലാ പാര്‍ടികളുടേയും നേതാക്കള്‍ തുല്യരാണ്. അതിനാലാണ് കഴിഞ്ഞ 30 വര്‍ഷമായി എന്‍ഡിഎ സഖ്യം ശക്തമായി മുന്നോട്ട് പോകുന്നത്.
ജൂണ്‍ നാലിന് ഫലം വരുമ്പോള്‍ ജോലിത്തിരക്കിലായിരുന്നു. പിന്നീട് വിളിച്ചവരോട് വോടെണ്ണല്‍ യന്ത്രം ജീവനയോടെയുണ്ടോ എന്നാണ് ചോദിച്ചത്. ഇന്‍ഡ്യയുടെ ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലും ജനങ്ങള്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നു. അവര്‍ തുടര്‍ചയായി ഇവി എമ്മിനെതിരെ സംസാരിച്ചുകൊണ്ടിരുന്നു. ജൂണ്‍ നാലിന് ഇതെല്ലാം അവസാനിച്ചു. അഞ്ച് വര്‍ഷത്തേക്ക് ഇവി എമ്മിനെക്കുറിച്ച് കേള്‍ക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ ഇത് എന്‍ഡിഎയുടെ മഹാവിജയമാണെന്ന് ലോകം വിശ്വസിക്കുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസം എങ്ങനെയാണ് കടന്നുപോയതെന്ന് നിങ്ങള്‍ കണ്ടതാണ്. എന്‍ഡിഎ തോറ്റുപോയെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. പ്രവര്‍ത്തകരുടെ മനോവീര്യം ഉയര്‍ത്തുന്നതിനായി അവര്‍ക്ക് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കേണ്ടി വരുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍, രാജ്യത്തിലെ ഏറ്റവും ശക്തമായ സഖ്യകക്ഷി സര്‍കാര്‍ ഇതായിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കേവല ഭൂരിപക്ഷം ഇല്ലെങ്കിലും സഖ്യകക്ഷികളുടെ സഹായത്തോടെ തുടര്‍ചയായ മൂന്നാം തവണയാണ് മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ചയാണ് മൂന്നാം മോദി സര്‍കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
യോഗത്തില്‍ ഇന്‍ഡ്യ സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്താനും മോദി മറന്നില്ല. ഫോടോക്ക് വേണ്ടി മാത്രമുള്ള സഖ്യമെന്ന പരിഹാസം ഉയര്‍ത്തിയ മോദി ഒരു പതിറ്റാണ്ട് കഴിഞ്ഞാലും കോണ്‍ഗ്രസ് നൂറ് കടക്കില്ലെന്നും പറഞ്ഞു. സെന്‍ട്രല്‍ ഹാളില്‍ പതിവിന് വിരുദ്ധമായി ഏറെ സമയം ചെലവഴിച്ച മോദി മുതിര്‍ന്ന നേതാക്കളായ അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും കണ്ട് ആശിര്‍വാദം തേടി. ഞായറാഴ്ച വൈകിട്ട് ആറു മണിക്ക് മോദിയുടെ നേതൃത്വത്തില്‍ സഖ്യ സര്‍കാര്‍ അധികാരത്തിലേറും.