Prashant Kishor | ഇനി ആ പണിക്ക് പോകില്ല: ലോക് സഭാ തിരഞ്ഞെടുപ്പ് പ്രവചനത്തില്‍ തെറ്റുപറ്റിപ്പോയെന്ന് സമ്മതിച്ച് പ്രശാന്ത് കിഷോര്‍
ബിജെപി 300 സീറ്റിലെത്തുമെന്ന് പറഞ്ഞെങ്കിലും 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്
നരേന്ദ്ര മോദിയോട് ജനങ്ങള്‍ക്ക് നേരിയ അതൃപ്തിയുണ്ടെന്ന് പറഞ്ഞിരുന്നു
സംഖ്യകള്‍ മാറ്റിവച്ചാല്‍ പറഞ്ഞതെല്ലാം ശരിയായി
ന്യൂഡെല്‍ഹി: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പ് പ്രവചനത്തില്‍ തെറ്റുപറ്റിപ്പോയെന്ന് തുറന്ന് സമ്മതിച്ച് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം ഇനി പ്രവചിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡ്യ ടു ഡേ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശാന്തിന്റെ വാക്കുകള്‍:
എന്റെ വിലയിരുത്തല്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ പറഞ്ഞിരുന്നു. എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ അത് തെറ്റായിരുന്നുവെന്ന് സമ്മതിക്കുന്നു. ബിജെപി 300 സീറ്റിലെത്തുമെന്ന് പറഞ്ഞെങ്കിലും 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ നരേന്ദ്ര മോദിയോട് ജനങ്ങള്‍ക്ക് നേരിയ അതൃപ്തിയുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു.
ഒരു തന്ത്രജ്ഞന്‍ എന്ന നിലയില്‍ ഇനി സീറ്റുകളുടെ എണ്ണം പ്രവചിക്കാന്‍ പാടില്ലെന്ന് മനസ്സിലാക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിലും മാത്രമാണ് താന്‍ സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള പ്രവചനം നടത്തിയത്. സംഖ്യകള്‍ മാറ്റിവച്ചാല്‍ താന്‍ പറഞ്ഞതെല്ലാം ശരിയായെന്നും- പ്രശാന്ത് പറഞ്ഞു.