ഇന്‍ഡ്യ-യുഎസ് ആണവ കരാറിനെ എതിര്‍ക്കാന്‍ ചൈന ഇടതുപാര്‍ടികളെ ഉപയോഗിച്ചുവെന്ന് മുന്‍ വിദേശകാര്യ സെക്രടറി വിജയ് ഗോഖലെ; ആരോപണത്തില്‍ പ്രതികരിച്ച് സിപിഎം മുന്‍ ജനറല്‍ സെക്രടറി പ്രകാശ് കാരാട്ട്
Aug 3, 2021, 13:28 IST
ന്യൂഡെല്‍ഹി: (www.kvartha.com 03.08.2021) ഇന്‍ഡ്യ-യുഎസ് ആണവ കരാറിനെ എതിര്‍ക്കാന്‍ ചൈന ഇടതുപാര്‍ടികളെ ഉപയോഗിച്ചുവെന്ന് മുന്‍ വിദേശകാര്യ സെക്രടറി വിജയ് ഗോഖലെയുടെ ആരോപണത്തില്‍ പ്രതികരിച്ച് സിപിഎം മുന്‍ ജനറല്‍ സെക്രടറി പ്രകാശ് കാരാട്ട്. നയതന്ത്രപരമായി ഇന്‍ഡ്യയെ പൂര്‍ണമായും അമേരികയുടെ ആശ്രിതരാക്കുന്നതായിരുന്നു ആണവ കരാറെന്നും അതുകൊണ്ടാണ് തങ്ങള്‍ കരാറിനെ എതിര്‍ത്തതെന്നും കാരാട്ട് ദ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അമേരികയുമായി നയതന്ത്രപരമായ കൂട്ടുകെട്ട് ഉറപ്പിക്കുന്നതായിരുന്നു ആണവ കരാര്‍. സൈനിക സഹകരണമായിരുന്നു പ്രധാനം. ഇക്കാരണത്താലാണ് ഇടതുകക്ഷികള്‍ കരാറിനെ എതിര്‍ത്തത്. അതുതന്നെ സംഭവിച്ചുവെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ കാണിക്കുന്നു. ആണവ കരാര്‍ നമുക്ക് എന്തു നേടിത്തന്നു? നമ്മുടെ ആണവശക്തി വര്‍ധിപ്പിക്കാനും വിപുലീകരിക്കാനും കഴിയുമെന്ന് അവര്‍ പറഞ്ഞു. ഒന്നും സംഭവിച്ചില്ല. അമേരികയുമായി സൈനിക തലത്തിലും നയതന്ത്ര തലത്തിലും അടുത്ത ബന്ധം സ്ഥാപിച്ചുവെന്നത് മാത്രമാണ് സംഭവിച്ചത്. ഞങ്ങള്‍ അന്ന് പറഞ്ഞതും ഇതുതന്നെയാണ് -കാരാട്ട് പറഞ്ഞു. ആണവ കരാര്‍ ഇന്‍ഡ്യയെ പൂര്‍ണമായും അമേരികയുടെ ആശ്രിതരാക്കുമെന്നതായിരുന്നു ഞങ്ങളുടെ നിലപാട്.
ചൈനയുമായി ഏതെങ്കിലും ഘട്ടത്തില്‍ ആണവകരാര്‍ വിഷയത്തില്‍ ആശയവിനിമയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് കാരാട്ട് മറുപടി നല്‍കി. ആണവ ദാതാക്കളുടെ കൂട്ടായ്മയില്‍ ചൈന ഇന്‍ഡ്യയെ പിന്തുണക്കുമായിരുന്നെങ്കില്‍ പോലും ഇക്കാര്യത്തിലെ ഞങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാകുമായിരുന്നില്ല -കാരാട്ട് പറഞ്ഞു.
2007-08 കാലത്ത് ഇന്‍ഡ്യ-യുഎസ് ആണവ കരാറിനെ എതിര്‍ക്കാന്‍ ചൈന ഇന്‍ഡ്യയിലെ ഇടതുപാര്‍ടികളുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ചുവെന്നാണ് മുന്‍ വിദേശകാര്യ സെക്രടറി വിജയ് ഗോഖലെ ആരോപണമുയര്‍ത്തിയത്. അദ്ദേഹത്തിന്റെ പുസ്തകമായ 'ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത് ഇന്‍ഡ്യ'യിലാണ് വന്‍ രാഷ്ട്രീയ വിവാദത്തിന് കാരണമായേക്കാവുന്ന വെളിപ്പെടുത്തലുകള്‍.
2008ല്‍ ആണവകരാറിനെ ചൊല്ലി യു പി എ സര്‍കാരിനുള്ള പിന്തുണ ഇടത് കക്ഷികള്‍ പിന്‍വലിക്കുമ്പോള്‍ പ്രകാശ് കാരാട്ടായിരുന്നു സി പി എം ജനറല്‍ സെക്രടറി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.