Interim Appointment | സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും താല്‍ക്കാലിക കോ ഓര്‍ഡിനേറ്റര്‍ ചുമതല പ്രകാശ് കാരാട്ടിന്
● നിയമനം സീതാറാം യെച്ചൂരിയുടെ അന്ത്യത്തെ തുടര്‍ന്ന്
● അടുത്ത വര്‍ഷം മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്
● കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ രേഖ ചര്‍ച്ച ചെയ്യപ്പെടും.
ന്യൂഡെല്‍ഹി: (KVARTHA) സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും താല്‍ക്കാലിക കോ ഓര്‍ഡിനേറ്റര്‍ ചുമതല മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ടിന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടര്‍ന്നാണ് കാരാട്ടിന് താല്‍ക്കാലിക ചുമതല നല്‍കുന്നത്.
ഡെല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുത്തത്. സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെ പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ ഓര്‍ഡിനേറ്ററായി കാരാട്ട് തുടരുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെയാണ് പാര്‍ട്ടി അറിയിച്ചത്. കോഡിനേറ്ററുടെ നേതൃത്വത്തില്‍ പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് കൂട്ടായ ചുമതല നല്‍കാനായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിലുണ്ടായ ധാരണ.
അടുത്ത വര്‍ഷം മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്. അന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയം, സംഘടനാരേഖ എന്നിവ സംബന്ധിച്ച പ്രാരംഭചര്‍ച്ചകളും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടാകും.
നിലവില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട്, 2005 മുതല്‍ 2015 വരെ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു. 2005 ഏപ്രില്‍ 11നാണ് ജനറല്‍ സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2008 ഏപ്രില്‍ മൂന്നിന് കോയമ്പത്തൂരില്‍ വച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും, 2012 ഏപ്രില്‍ ഒമ്പതിന് കോഴിക്കോട് വച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും പ്രകാശ് കാരാട്ടിനെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2015ല്‍ പ്രകാശ് കാരാട്ടിന് പിന്‍ഗാമിയായാണ് സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയാകുന്നത്. ഭാര്യ വൃന്ദാ കാരാട്ട് സിപിഎം പിബി അംഗമാണ്.
#PrakashKarat #CPM #Politburo #LeadershipChange #IndianPolitics #SitaramYechury