Rahul Gandhi | ഭരണപക്ഷ പ്രതിഷേധം: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കന്നി പ്രസംഗത്തിലെ ഹിന്ദു പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കി സ്പീകര്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ലോക് സഭയില്‍ നടത്തിയ കന്നിപ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കി സ്പീകര്‍ ഓം ബിര്‍ല. ഹിന്ദുക്കള്‍, അഗ്‌നിവീര്‍, ബിജെപി, ആര്‍ എസ് എസ് എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് സ്പീകറുടെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കിയത്. ഹിന്ദുക്കളായ ചിലര്‍ ഹിംസയിലും വിദ്വേഷത്തിലും ഏര്‍പ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിക്കാണിച്ച് രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
പരമശിവന്റെ ചിത്രത്തിലെ അഭയമുദ്ര ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ ആദ്യ ദീര്‍ഘമായ പ്രസംഗം രാഹുല്‍ ഗാന്ധി ആരംഭിച്ചത്. 'അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെയും ചിഹ്നം. അഭയമുദ്രയിലൂടെ ഭഗവാന്‍ തരുന്നത് ആരേയും ഭയക്കരുതെന്ന സന്ദേശമാണ്. എല്ലാ മതങ്ങളും അതാണ് പഠിപ്പിക്കുന്നത്. ഹിന്ദുമതം അഹിംസയുടെയും സത്യത്തിന്റെയും മതമാണെന്നും എന്നാല്‍ ഇവിടെ ഹിന്ദുക്കളെന്ന് സ്വയം അവകാശപ്പെടുന്ന ചിലര്‍ വെറുപ്പും ഹിംസയും അസത്യവും പ്രചരിപ്പിക്കുന്നു' എന്നുമാണ് ഭരണഭക്ഷത്തെ നോക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞത്.
രാഹുലിന്റെ പരാമര്‍ശം ഹിന്ദുമതത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും സ്പീകറോട് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണ ഭക്ഷം ഒന്നാകെ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. 'ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ബിജെപിക്കും മോദിക്കും അല്ല' എന്നായിരുന്നു ബി ജെ പിക്ക് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി. ഇതിന് പിന്നാലെയാണ് പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കിയത്.
ബിജെപി, ആര്‍ എസ് എസ് സംഘടനകള്‍ക്കെതിരെയുള്ള രാഹുലിന്റെ ചില പരാമര്‍ശങ്ങളും രേഖകളില്‍നിന്ന് നീക്കി. അംബാനിക്കും, അദാനിക്കുമെതിരായ പരാമര്‍ശം, അഗ്നിവീര്‍ പദ്ധതി സൈന്യത്തിന്റേതല്ല മറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റേതാണ്, നീറ്റ് പരീക്ഷ സമ്പന്നര്‍ക്ക് മാത്രമുള്ളതാണ് നന്നായി പഠിച്ച് വരുന്നവര്‍ക്ക് സ്ഥാനമില്ലെന്ന ഭാഗങ്ങളും സഭ രേഖകളില്‍ നിന്നും ഒഴിവാക്കി. രാഹുലിന്റെ പരാമര്‍ശത്തെ അപലപിച്ച് ബിജെപി നേതാക്കള്‍ പിന്നീട് വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. തുടര്‍ന്ന് ബിജെപിക്കെതിരെ കോണ്‍ഗ്രസും മാധ്യമങ്ങളെ കണ്ടു.
അതേസമയം, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ചയ്ക്ക് ലോക് സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച മറുപടി നല്‍കും. വൈകുന്നേരം ലോക് സഭയിലും ബുധനാഴ്ച രാജ്യസഭയിലും മോദി സംസാരിക്കും. നീറ്റ് പരീക്ഷ, അഗ് നിവീര്‍, കര്‍ഷകരുടെ മരണം എന്നീ വിഷയങ്ങളിലുള്ള മറുപടിക്കായാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗവും മറ്റ് നേതാക്കള്‍ ഉയര്‍ത്തിയ വിഷയങ്ങളിലും ബിജെപി എന്ത് നിലപാട് സ്വീകരിക്കും എന്ന് ഇനി കണ്ടറിയാനുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം നടത്തിയ ചില പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
