വിശ്വാസികളുടെ അനിയന്ത്രിതമായ ഒഴുക്ക്: മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ

 
Thousands gather at St. Peter's Square for Pope Francis's funeral.
Thousands gather at St. Peter's Square for Pope Francis's funeral.

Photo Credit: X/ President of India

● ലത്തീൻ ഭാഷയിലാണ് പ്രധാനമായും ചടങ്ങുകൾ നടക്കുന്നത്.
● ലോകത്തിലെ 170 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തു.
● സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് വിശ്വാസികളുടെ അനിയന്ത്രിതമായ ഒഴുക്ക്.
● ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു പുഷ്പചക്രം അർപ്പിച്ചു.

വത്തിക്കാൻ സിറ്റി: (KVARTHA) ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകൾ വത്തിക്കാൻ സിറ്റിയിൽ ആരംഭിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന ദിവ്യബലിയോടെയാണ് പ്രധാന ചടങ്ങുകൾക്ക് തുടക്കമായത്. ഏകദേശം ഒന്നര മണിക്കൂറോളം ചടങ്ങുകൾ നീണ്ടുനിൽക്കും. 

തുടർന്ന് മാർപാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് തിരികെ കൊണ്ടുപോകുകയും അവിടെ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെന്റ് മേരി മേജർ ബസിലിക്കയിൽ സംസ്കരിക്കുകയും ചെയ്യും. വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശ്വാസികൾക്കായി കാരുണ്യ വിതരണം നടത്തി.

ചടങ്ങുകൾക്കായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് വിശ്വാസികളുടെ അനിയന്ത്രിതമായ ഒഴുക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനായി വൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്കാര ശുശ്രൂഷ തത്സമയം കാണുന്നതിനായി വലിയ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിലെ 170 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഈ ചരിത്രപരമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിട്ടുണ്ട്.

ലത്തീൻ ഭാഷയിലാണ് പ്രധാനമായും ചടങ്ങുകൾ നടക്കുന്നത്. കർദിനാൾ തിരുസംഘത്തിൻ്റെ തലവനായ ജിയോവാനി ബാറ്റിസ്‌റ്റ റെയാണ് മുഖ്യ കാർമികത്വം വഹിക്കുന്നത്. സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് എമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരും സംസ്കാര ശുശ്രൂഷകളിൽ സഹകാർമികരായി പങ്കെടുക്കുന്നുണ്ട്.

അനേകം പതിനായിരങ്ങൾ അന്തിമോപചാരം അർപ്പിക്കാനെത്തിയ പൊതുദർശനത്തിന് ശേഷം മാർപാപ്പയുടെ ഭൗതിക ശരീരം അടങ്ങിയ ശവപേടകം ഇന്നലെ (ഏപ്രിൽ 25) അർധരാത്രിയോടെ അടച്ചു. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ട് മൂടി. 

ഫ്രാൻസിസ് പാപ്പയുടെ ഭരണകാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ ഒരു സഞ്ചിയും അദ്ദേഹം മാർപാപ്പയായിരുന്ന കാലത്ത് ചെയ്ത പ്രധാനപ്പെട്ട കാര്യങ്ങളുടെ ഒരു ലഘുവിവരണവും പേടകത്തിനുള്ളിൽ വെച്ചു. കത്തോലിക്കാ സഭയുടെ കാമർലെംഗോയും (സ്വത്തുക്കളുടെ ചുമതലയുള്ളയാൾ), അമേരിക്കയിൽ നിന്നുള്ള കർദിനാളുമായ കെവിൻ ഫാരലിൻ്റെ നേതൃത്വത്തിൽ മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിലായിരുന്നു പേടകം അടച്ചത്. 

ഇന്നലെ (ഏപ്രിൽ 25) വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം 2.5 ലക്ഷത്തിലധികം ആളുകൾ മാർപാപ്പയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിച്ചേർന്നു. സംസ്കാര ചടങ്ങുകളുടെ 87 പേജുള്ള വിശദമായ ശുശ്രൂഷാക്രമം വത്തിക്കാൻ നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. 

മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറിൽ മാർപാപ്പയുടെ താല്പര്യപ്രകാരം ലളിതമാക്കിയിരുന്നു. സൈപ്രസ്, ഓക്ക്, വാക തുടങ്ങിയ വിവിധ മരത്തടികൾ കൊണ്ട് നിർമ്മിച്ച മൂന്ന് പെട്ടികളിലായി മാർപാപ്പമാരെ അടക്കം ചെയ്യുന്ന പഴയ ആചാരത്തിന് പകരം സാധാരണ തടിപ്പെട്ടി മതി എന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു മാർപാപ്പയുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാഷ്ട്രപതി ഇന്ന് (ഏപ്രിൽ 26) മറ്റ് ലോകനേതാക്കൾക്കൊപ്പം സംസ്കാര ചടങ്ങുകളിലും പങ്കുചേരും. കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിൻ്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും വത്തിക്കാനിൽ എത്തിയിട്ടുണ്ട്. 

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീനൻ പ്രസിഡൻ്റ് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസിഡൻ്റ് ഫെർഡിനൻഡ് മാർക്കോസ് ജൂനിയർ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും സംസ്കാര ചടങ്ങിൽ സംബന്ധിക്കും.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

 

Summary: Thousands flocked to Vatican City to pay their final respects to Pope Francis as his funeral began. The ceremonies, including a holy mass at St. Peter's Basilica, were attended by world leaders and countless faithful. The Pope's body will be interred at St. Mary Major Basilica.

#PopeFrancisFuneral, #VaticanCity, #CatholicChurch, #WorldLeaders, #FinalFarewell, #ReligiousCeremony

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia