Expressway | ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യ! ഡെൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി ഉടൻ നാടിന് സമർപിക്കും; അതിവേഗ പാതയുടെ വിശേഷങ്ങൾ അറിയാം
Feb 12, 2023, 11:02 IST
ജയ്‌പൂർ: (www.kvartha.com) രാജസ്താനിലെ ദൗസയിൽ ഡെൽഹി-മുംബൈ എക്സ്പ്രസ് വേയുടെ സോഹ്‌ന-ദൗസ സ്‌ട്രെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച നാടിന് സമർപിക്കും. ഇതോടെ ഡെൽഹിക്കും ജയ്‌പൂരിനുമിടയിലുള്ള യാത്രാ സമയം നിലവിലെ അഞ്ച് മണിക്കൂർ 40 മിനിറ്റിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂറായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏകദേശം 1.1 ലക്ഷം കോടി രൂപ ചിലവിൽ നിർമിക്കുന്ന ഡെൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് കണക്കാക്കപ്പെടുന്നു. രാജ്യത്തിന്റെ തലസ്ഥാനമായ ഡെൽഹിയെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുമായി ബന്ധിപ്പിക്കുന്നതാണ് ഇതിന് കാരണം. നിർമാണം പൂർത്തിയാകുന്നതോടെ ഈ രണ്ട് നഗരങ്ങൾ തമ്മിലുള്ള യാത്രാ ദൂരം 24 മണിക്കൂറിന് പകരം 12 മണിക്കൂർ ആയി ചുരുങ്ങും.
ഡെൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേ ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ എക്‌സ്‌പ്രസ്‌വേയായിരിക്കും, അതിന്റെ ആകെ നീളം ഏകദേശം 1,390 കിലോമീറ്ററാണ്. ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമിക്കുന്നത്. 50 ഹൗറ പാലങ്ങൾക്ക് തുല്യമായ 12 ലക്ഷം ടൺ സ്റ്റീലാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇതോടൊപ്പം 35 കോടി ക്യുബിക് മീറ്റർ മണ്ണും ഏകദേശം 80 ലക്ഷം ടൺ സിമന്റും പദ്ധതിയിൽ ഉപയോഗിക്കുന്നു.
രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ഹൈവേയും ഇതിലാണ് നിർമിക്കുന്നത്. ഇതിൽ വാഹനങ്ങൾക്ക് യാത്രയ്ക്കിടയിൽ റീചാർജ് ചെയ്യാനാവും. നിലവിൽ എക്‌സ്പ്രസ് വേ എട്ടുവരിപ്പാതയാണെങ്കിലും ഭാവിയിൽ 12 വരിയായി ഉയർത്താനാകും. ഡെൽഹി, ഹരിയാന, രാജസ്താൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലൂടെ പാത കടന്നുപോകും. ഇതോടൊപ്പം വ്യവസായ ഇടനാഴിയും വികസിപ്പിക്കുന്നുണ്ട്.
ഏതൊക്കെ നഗരങ്ങൾക്ക് പ്രയോജനം ലഭിക്കും
ഭാരത്മാല പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് എക്‌സ്പ്രസ് വേ നിർമിക്കുന്നത്. ജയ്പൂർ, കിഷൻഗഡ്, അജ്മീർ, കോട്ട, ചിറ്റോർഗഡ്, ഉദയ്പൂർ, ഭോപ്പാൽ, ഉജ്ജയിൻ, ഇൻഡോർ, അഹമ്മദാബാദ്, വഡോദര തുടങ്ങിയ സാമ്പത്തിക കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി എക്‌സ്പ്രസ് വേയുടെ പൂർത്തീകരണത്തോടെ മെച്ചപ്പെടുത്തും. ഇത് ഈ നഗരങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉയർച്ച നൽകും.
എക്‌സ്പ്രസ് വേ എപ്പോൾ തുറക്കും
അടുത്ത വർഷം മാർച്ചോടെ എക്‌സ്പ്രസ് വേ പൂർണമായും സജ്ജമാകും. സോഹ്ന-ദൗസ സെക്ഷൻ തുറക്കുന്നതോടെ ഡൽഹിക്കും ജയ്പൂരിനുമിടയിലുള്ള യാത്രാസമയം ഏകദേശം രണ്ട് മണിക്കൂറായി കുറയും. ഡൽഹിയും ജയ്പൂരും തമ്മിലുള്ള ദൂരം ഏകദേശം 270 കിലോമീറ്ററാണ്. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടമാണ് സോഹ്ന-ദൗസ സെക്ഷൻ. 2021 ഡിസംബറോടെ സോഹ്ന-ദൗസ സ്ട്രെച്ച് പൂർത്തിയാക്കേണ്ടതായിരുന്നു, എന്നാൽ കോവിഡ് കാരണം പ്രവർത്തനത്തെ ബാധിച്ചു. ഈ ഭാഗത്ത് ഒന്നര ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മുഴുവൻ ഭാഗത്തും സിസിടിവി നിരീക്ഷണമുണ്ട്, അതിലൂടെ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളും കുറ്റകൃത്യങ്ങളും നിരീക്ഷിക്കാൻ കഴിയും.
എക്സ്പ്രസ് വേയിൽ ഹെലിപാഡ് നിർമിക്കാനും പദ്ധതിയുണ്ട്. ഇതോടെ അപകടമുണ്ടായാൽ അപകടത്തിൽപ്പെട്ടവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനാകും. അതിവേഗ പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഇന്ധന ഉപഭോഗത്തിൽ 32 കോടി ലിറ്ററിന്റെ കുറവുണ്ടാകും. ഇത് പ്രതിവർഷം 3200 കോടി രൂപ ലാഭിക്കും. കൂടാതെ, കാർബൺ ഡൈ ഓക്സൈഡ് (CO2) ഉദ്‌വമനത്തിൽ 85 കോടി കിലോയുടെ കുറവുണ്ടാകും, ഇത് നാല് കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്. ഇത് പരിസ്ഥിതിക്ക് ഏറെ ഗുണം ചെയ്യും. ഹൈവേയിൽ ഓരോ 500 മീറ്ററിലും മഴവെള്ള സംഭരണി സംവിധാനമുണ്ടാകും. ഇതോടൊപ്പം എക്‌സ്പ്രസ് വേയുടെ ഇരുവശങ്ങളിലായി 40 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ട്.
ടോൾ പിരിവ് രീതി
എക്‌സ്പ്രസ് വേയിൽ ടോൾ പിരിക്കാൻ പ്രത്യേക രീതിയും സ്വീകരിച്ചിട്ടുണ്ട്. നിങ്ങളുടെ വാഹനം ഓടുന്ന കിലോമീറ്ററുകൾക്കനുസരിച്ച് മാത്രം ടോൾ നൽകിയാൽ മതി. പ്രവേശന സമയത്ത് ടോൾ ഈടാക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. പുറത്തുകടക്കുമ്പോൾ ടോൾ അടയ്‌ക്കേണ്ടിവരും. എക്സ്പ്രസ് വേയിൽ 93 സ്ഥലങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ നിർമിക്കും. അതായത് ഓരോ 50 കിലോമീറ്ററിലും ഒരു വിശ്രമകേന്ദ്രം ഉണ്ടാകും. ഇവയിൽ പെട്രോൾ പമ്പുകൾ, വിശ്രമകേന്ദ്രങ്ങൾ, റസ്റ്റോറന്റുകൾ, കടകൾ എന്നിവയുണ്ടാകും. കുട്ടികൾക്ക് കളിക്കാൻ രസകരമായ പാർക്കും ഊഞ്ഞാലുകളും ഉണ്ടാകും.
വണ്ടി നിർത്തിയാൽ ഫൈൻ
എക്‌സ്പ്രസ് വേയിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലാണ് വാഹനങ്ങൾ ഓടുക. എന്നാൽ സാങ്കേതിക തകരാർ കൂടാതെ വാഹനം എവിടെയും നിർത്താനാകില്ല. ഇങ്ങനെ ചെയ്താൽ ഫൈൻ ഈടാക്കും. വിശ്രമകേന്ദ്രത്തിൽ മാത്രമേ വാഹനം നിർത്താൻ അനുവദിക്കൂ. അമിതവേഗത നിരീക്ഷിക്കാൻ വിവിധ സ്ഥലങ്ങളിൽ സ്പീഡ് ഗവർണറുകൾ സ്ഥാപിച്ചിട്ടുണ്ട്. ആരെങ്കിലും അതിവേഗത്തിൽ വാഹനമോടിച്ചാൽ ഫൈൻ ഈടാക്കും.
ഹരിത മേൽപ്പാലം
തെരുവ് മൃഗങ്ങൾ റോഡ് മുറിച്ചുകടക്കാതിരിക്കാൻ ഹൈവേയുടെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വന്യജീവികൾക്ക് ഹരിത മേൽപ്പാല സൗകര്യം ഒരുക്കുന്ന ഏഷ്യയിലെ ഇത്തരത്തിലുള്ള ആദ്യ ഹൈവേയാണിത്. ഇതിന് കീഴിൽ എട്ടുവരിപ്പാതകളുള്ള രണ്ട് തുരങ്കങ്ങൾ നിർമിക്കും. രാജസ്ഥാനിലെ മുകുന്ദര വന്യജീവി സങ്കേതത്തിന് കീഴിലാണ് ഈ തുരങ്കങ്ങളിലൊന്ന് ആദ്യം നിർമ്മിക്കുന്നത്. മഹാരാഷ്ട്രയിലെ മതേരൻ ഇക്കോ സെൻസിറ്റീവ് സോണിലാണ് രണ്ടാം തുരങ്കം നിർമിക്കുക. ഇതിന്റെ നീളവും നാല് കിലോമീറ്ററാണ്. ഈ അതിവേഗ പാതയുടെ 160 കിലോമീറ്റർ ഹരിയാനയിലും 374 കിലോമീറ്റർ രാജസ്ഥാനിലും 245 കിലോമീറ്റർ മധ്യപ്രദേശിലും 423 കിലോമീറ്റർ ഗുജറാത്തിലുമാണ്.
യുദ്ധവിമാനങ്ങൾ ഇറങ്ങും
അടിയന്തര സാഹചര്യത്തിൽ ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ യുദ്ധവിമാനങ്ങൾക്കും ഇറങ്ങാനാകും. ഈ റോഡ് റൺവേയായി വികസിപ്പിക്കുകയാണ്. ഈ എക്‌സ്പ്രസ് വേയിൽ, സോഹ്‌നയിലെ അലിപൂർ മുതൽ മുംബൈ വരെ യുദ്ധവിമാനങ്ങൾ എളുപ്പത്തിൽ ഇറക്കാൻ കഴിയുന്ന 55 ഓളം സ്ഥലങ്ങളിൽ അത്തരം ഭാഗങ്ങൾ വികസിപ്പിക്കുന്നു. അലിപൂർ മുതൽ ദൗസ വരെയുള്ള 296 കിലോമീറ്റർ ഭാഗത്ത് യുദ്ധവിമാനങ്ങൾ എളുപ്പത്തിൽ ഇറക്കാൻ കഴിയുന്ന പത്തോളം ഭാഗങ്ങളുണ്ടാകും.
Among the key projects that will be dedicated to the nation tomorrow in Duasa is the Delhi – Dausa – Lalsot section of Delhi Mumbai Expressway. This project will greatly reduce travel time. pic.twitter.com/D4aIKXIEfP
— PMO India (@PMOIndia) February 11, 2023
Keywords: News,National,India,Jaipur,Rajasthan,Train,Railway,Indian Railway,Prime Minister,Top-Headlines,Business,Finance, PM Modi to unveil Dausa stretch of Delhi-Mumbai Expressway today
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.