Unity Push | ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
● കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ പരോക്ഷ വിമര്‍ശനം
● സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കാനും വിദേശ നിക്ഷേപകരെ അകറ്റാനും ശ്രമിക്കുന്നു
● രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന അര്‍ബന്‍ നക്സലുകളെ തിരിച്ചറിയണം
നര്‍മദ: (KVARTHA) ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകത ദിവസ് ആഘോഷചടങ്ങില്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമയില്‍ ആദരമര്‍പ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്ക് നീങ്ങുകയാണെന്നും സെക്കുലര്‍ സിവില്‍ കോഡാണിതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ പരോക്ഷ വിമര്‍ശനവും പ്രധാനമന്ത്രി ഉന്നയിച്ചു. ചില ശക്തികള്‍ രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വെല്ലുവിളി ഉയര്‍ത്തുന്നു. സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കാനും വിദേശ നിക്ഷേപകരെ അകറ്റാനും അവര്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഈ അര്‍ബന്‍ നക്സലുകളെ എല്ലാ രാജ്യസ്നേഹികളും തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
രാജ്യത്ത് ഭിന്നത ഉണ്ടാക്കാനാണ് ഈ ശക്തികള്‍ ശ്രമിക്കുന്നത്. അര്‍ബന്‍ നക്സലുകളുടെ ഐക്യത്തെ നാം തിരിച്ചറിയണം. കാടിനുള്ളില്‍ രൂപപ്പെടുകയും യുവാക്കളെ ആയുധമെടുപ്പിക്കുകയും ചെയ്ത മാവോവാദികളെ ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഇതോടെ അര്‍ബന്‍ നക്സലിസത്തിന്റെ പുതിയ രൂപം രംഗത്തെത്തിയിരിക്കുകയാണ്. അവരെ തിരിച്ചറിയണമെന്നും പ്രധാനമന്ത്രി മോദി നിര്‍ദേശിച്ചു.
വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും പഴക്കമുള്ള അജണ്ട ജമ്മു കശ്മീരിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. അവര്‍ ഇന്ത്യന്‍ ഭരണഘടനയെ, ഇന്ത്യന്‍ ജനാധിപത്യത്തെ വിജയിപ്പിച്ചിരിക്കുകയാണ്. 70 വര്‍ഷമായി നടക്കുന്ന കുപ്രചാരണങ്ങള്‍ തങ്ങളുടെ വോട്ടുകൊണ്ട് അവസാനിപ്പിച്ചു. ദേശീയ ഐക്യ ദിനമായ വ്യാഴാഴ്ച ഞാന്‍ ജമ്മു കശ്മീരിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍, ദേശീയ ഐക്യത്തിന് ഭീഷണിയായ നിരവധി പ്രശ്‌നങ്ങള്‍ ഇന്ത്യ പരിഹരിച്ചു. ഇന്ത്യയെ ദ്രോഹിക്കുന്നത് ഫലം നല്‍കില്ലെന്ന് തീവ്രവാദികളുടെ യജമാനന്മാര്‍ ഇപ്പോള്‍ മനസിലാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചു. സംഭാഷണത്തിലൂടെയും വിശ്വാസത്തിലൂടെയും വികസനത്തിലൂടെയും വിഘടനവാദത്തിന്റെ തീജ്വാലകള്‍ ഞങ്ങള്‍ കെടുത്തി. ബോഡോ, ബ്രൂ-റിയാങ് കരാറുകള്‍ സമാധാനവും സ്ഥിരതയും സ്ഥാപിച്ചു. നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെ ഉടമ്പടി ദീര്‍ഘകാലമായി നിലനിന്നിരുന്ന അസ്വസ്ഥതകള്‍ക്ക് വിരാമമിട്ടു.
സമാധാനം, വികസനം, സമൃദ്ധി എന്നിവയിലൂടെ ഇന്ത്യ മുന്നേറുകയാണ്. അസമും മേഘാലയയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചരിത്രം എഴുതപ്പെടുമ്പോള്‍, നക്‌സലിസം എന്ന രോഗത്തെ ഇന്ത്യ എങ്ങനെ പിഴുതെറിഞ്ഞു എന്നതിന് ഒരു അധ്യായം ഉണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
കാഴ്ചപ്പാടും ദിശാബോധവും നിശ്ചയദാര്‍ഢ്യവുമുള്ള ഒരു ഇന്ത്യ നമ്മുടെ മുന്നിലുണ്ട്. ലോകത്തിന്റെ വലിയ പ്രക്ഷുബ്ധതയ്ക്കിടയില്‍ അതിവേഗം വികസിക്കുന്നത് സാധാരണമല്ല. യുദ്ധസമയത്ത് ഇന്ത്യ ഒരു വിശ്വബന്ധുവായി ഉയര്‍ന്നുവരുന്നത് സാധാരണമല്ല. ലോകത്ത് ഒരു രാജ്യവും മറ്റൊരു രാജ്യവും തമ്മിലുള്ള അകലം വര്‍ധിക്കുമ്പോള്‍, ലോക രാജ്യങ്ങള്‍ ഇന്ത്യയോട് അടുക്കുകയാണ്. ഇതൊരു പുതിയ ചരിത്രമാണ്. നിശ്ചയദാര്‍ഢ്യത്തോടെ ഇന്ത്യ എങ്ങനെയാണ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതെന്ന് ഇന്ന് ലോകം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
#OneNationOneElection #PMModi #UnityDay #IndiaDemocracy #NationalSecurity #UrbanNaxals