Ma'dani | കേരളത്തിലുള്ള പിതാവിനെ കാണാനായി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി 7.20ന് കൊച്ചിയിലെത്തും; വന്‍ സുരക്ഷ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂര്‍: (www.kvartha.com) കേരളത്തിലുള്ള പിതാവിനെ സന്ദര്‍ശിക്കാനായി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ബെംഗ്ലൂറില്‍ നിന്നും വൈകിട്ട് യാത്രതിരിക്കും. 6.15നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗ്ലൂറില്‍നിന്നു പുറപ്പെടുന്ന മ്അദനി രാത്രി 7.20നു കൊച്ചിയിലെത്തും. തുടര്‍ന്ന് അന്‍വാര്‍ശേരിയിലേക്കു പോകും. ജൂലൈ ഏഴുവരെ കേരളത്തിലുണ്ടാകും

കര്‍ണാടക സര്‍കാറില്‍നിന്ന് പ്രതികൂലമായി ഒന്നുമുണ്ടായിട്ടില്ലെന്ന് മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു. വിചാരണത്തടവുകാരനായി ദീര്‍ഘനാളുകള്‍ കഴിയേണ്ടിവരുന്നതായും നിയമസംവിധാനത്തിന് ഇത് അപമാനമാണെന്നും അധികാരികള്‍ ഇക്കാര്യം ആലോചിക്കണമെന്നും മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. ക്രിയാറ്റിന്‍ ലെവല്‍ ഒമ്പതായി.

ഡയാലിസിസിലേക്ക് എത്തുന്ന അവസ്ഥയിലാണുള്ളത്. തലച്ചോറിലെ രക്തപ്രവാഹം നില്‍ക്കുന്നതുകൊണ്ട് ഇടക്കിടക്ക് സ്ട്രോക് ഉണ്ടാകുന്നുണ്ട്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സ്ട്രോക് വന്ന് വീണുപോകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നാട്ടില്‍ പോയി രണ്ടരമാസം കൊണ്ട് നല്ല ചികിത്സ ചെയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. ഇനി പിതാവിനെ കണ്ടിട്ട് വരാം. ബാക്കി കാര്യങ്ങള്‍ സര്‍വശക്തനായ ദൈവത്തിന് സമര്‍പ്പിക്കുന്നു' - എന്ന് മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു.

ബാപ്പക്ക് ഓര്‍മയൊക്കെ നഷ്ടമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ കൂടെ കുറച്ച് നാള്‍ കഴിയണം. പിന്നെ ഉമ്മാടെ ഖബറിടം സന്ദര്‍ശിക്കണം. ഇന്‍ഡ്യയില്‍ തന്നെ ഏറ്റവും അധികം കാലം വിചാരണത്തടവുകാരനായി ഇരിക്കേണ്ടി വന്നവനാണ് ഞാന്‍. ഞാനത് അഭിമുഖീകരിക്കാന്‍ മാനസികമായി തയാറെടുത്ത വ്യക്തിയാണ്. അടുത്ത കാലത്തൊന്നും തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് ഇങ്ങോട്ട് വരുമ്പോള്‍ എനിക്ക് അറിയാമായിരുന്നു. ആസൂത്രിതമായിട്ടെന്നെ കുടുക്കിയതായിരുന്നു- എന്നും മഅ്ദനി കൂട്ടിച്ചേര്‍ത്തു.

ബെംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതിയാണ് താല്‍കാലിക അനുമതി നല്‍കിയത്. കര്‍ണാടക പൊലീസിന്റെ സുരക്ഷയിലാണ് മഅ്ദനി കേരളത്തിലേക്ക് പോകേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ തങ്ങുന്നതിനുള്ള സുരക്ഷയ്ക്കുള്ള ചിലവ് മഅ്ദനി തന്നെ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുപ്രകാരം സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു കര്‍ണാടക പൊലീസിന്റെ നിര്‍ദേശം. എന്നാല്‍ സുരക്ഷയ്ക്കുള്ള ചിലവുതുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. കര്‍ണാടക സര്‍കാരിന്റെ നടപടിയില്‍ ഇടപെടില്ലെന്നാണു സുപ്രീംകോടതി അറിയിച്ചത്.

ഭാര്യ സൂഫിയ മഅദ്‌നി, പിഡിപി സംസ്ഥാന ജെനറല്‍ സെക്രടറി മുഹമ്മദ് റജീബ്, പിഡിപി നേതാക്കളായ നൗശാദ് തിക്കോടി, സലിം ബാബു, ശാനവാസ്, അശ് റഫ് കാക്കനാട്, ഹസന്‍, മുബശിര്‍ തുടങ്ങിയവരാണ് യാത്രയില്‍ മഅ്ദനിയെ അനുഗമിക്കുന്നത്.

Ma'dani | കേരളത്തിലുള്ള പിതാവിനെ കാണാനായി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി 7.20ന് കൊച്ചിയിലെത്തും; വന്‍ സുരക്ഷ

നെടുമ്പാശ്ശേരിയില്‍നിന്ന് ആംബുലന്‍സ് മാര്‍ഗം രാത്രിയോടെ ശാസ്താംകോട്ടയിലെ കുടുംബവീട്ടില്‍ എത്തി പിതാവിനെ സന്ദര്‍ശിക്കും. ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മഅ്ദനി പിതാവിനെ സന്ദര്‍ശിക്കുന്നത്. 2017ല്‍ മൂത്ത മകന്‍ ഉമര്‍ മുഖ് താറിന്റെ വിവാഹത്തിനാണ് മഅ്ദനി അവസാനമായി നാട്ടിലെത്തിയത്.

Keywords:  PDP Chairman Abdul Naser Ma'dani will reach Kochi at 7.20 pm to meet his father in Kerala, Bengaluru, News, Politics, PDP Chairman, Abdul Naser Ma'dani, Visit Kerala, Father, Protection, Treatment, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia