വിസ്മരിക്കപ്പെട്ട പ്രതിഭ: നമ്മുടെ ദേശീയ പ്രതിജ്ഞയുടെ ഉപജ്ഞാതാവ്


● രചയിതാവിൻ്റെ പേര് പ്രതിജ്ഞയ്ക്കൊപ്പം ചേർത്തില്ല.
● സ്കൂൾ പാഠപുസ്തകങ്ങളുടെ ആദ്യ പേജിൽ ഇത് അച്ചടിക്കുന്നു.
● തൻ്റെ രചന അംഗീകരിക്കപ്പെട്ടത് അദ്ദേഹം അറിഞ്ഞില്ല.
● 72-ാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
(KVARTHA) ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള പൗരന്മാരുടെ കൂറും, എല്ലാ പൗരന്മാരും പരസ്പരം ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കണമെന്ന ബോധവും പരസ്യമായി പ്രഖ്യാപിക്കുന്നതാണ് നമ്മുടെ ദേശീയ പ്രതിജ്ഞ. നാം പലപ്പോഴും വിസ്മരിച്ച, പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഈ പ്രതിജ്ഞയുടെ ഉപജ്ഞാതാവായ പൈദിമാരി വെങ്കട സുബ്ബറാവുവിന്റെ 37-ാം ചരമവാർഷികമാണ് ഇന്ന് (ഓഗസ്റ്റ് 13). രാജ്യം സ്വാതത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഓർക്കേണ്ട പേര് കൂടിയാണ് ഇദ്ദേഹത്തിൻ്റേത്.

രബീന്ദ്രനാഥ ടാഗോറിനെയും ബങ്കിം ചന്ദ്ര ചാറ്റർജിയെയും പോലെ ഇന്ത്യയിലെ ഓരോ കുട്ടിയും നിർബന്ധമായും ഓർക്കേണ്ടിയിരുന്ന ഒരു പേരായിരുന്നു സുബ്ബറാവുവിന്റേത്. പക്ഷേ, പിംഗലി വെങ്കയ്യയെപ്പോലെ ആ മഹാനുഭാവന്റെ പേരും വിസ്മരിക്കപ്പെട്ടു.
സ്കൂളിൽ പോയിത്തുടങ്ങിയ നാൾ മുതൽ അസംബ്ലിയിൽ വരിവരിയായി നിന്ന് നാം ഏറ്റുചൊല്ലിയതും അവസാനം മുഷ്ടി ചുരുട്ടി ‘ജയ് ഹിന്ദ്’ എന്ന് വിളിച്ചതും ഓരോ ഇന്ത്യക്കാരനും ഓർക്കുന്നുണ്ടാവും. നമ്മൾ പഠിക്കുന്ന പാഠപുസ്തകങ്ങളുടെ ആദ്യ പേജുകളിൽ കാണുന്ന ഈ പ്രതിജ്ഞ, ‘ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്’ എന്ന് തുടങ്ങുന്നു.
കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള യാത്രയിൽ സാമൂഹ്യബോധമുള്ള മനുഷ്യരെ മുന്നോട്ട് നയിക്കുന്നത്, തൊട്ടടുത്ത വ്യക്തിയെ സഹോദരനായി കാണണമെന്ന ഈ പ്രതിജ്ഞ നൽകുന്ന സന്ദേശമാണ്. (ഇത് പഞ്ചാബി ഹൗസ് എന്ന സിനിമയിലെ ഒരു രംഗം ഓർമിപ്പിക്കുന്നു. ‘ഈ മിണ്ടാപ്രാണി എങ്ങനെ നിന്റെ അനന്തരവനായി?’ എന്ന് ദിലീപിനെ ചൂണ്ടി ലാൽ ചോദിക്കുമ്പോൾ, കൊച്ചിൻ ഹനീഫയുടെ മറുപടി: ‘എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരിമാരല്ലേ? ഇവൻ ഏതെങ്കിലും ഒരു സഹോദരിയുടെ മകനല്ലേ? അപ്പോൾ സ്വാഭാവികമായും എന്റെ അനന്തരവനാകുമല്ലോ’). ഈ വികാരത്തിലേക്ക് നമ്മെ നയിക്കുന്നതിൽ പൈദിമാരിയുടെ തൂലികയിൽ നിന്ന് പിറന്ന ഈ രാജ്യസ്നേഹ വരികൾക്ക് വലിയ പ്രാധാന്യമുണ്ട്.
തെലുങ്ക് സാഹിത്യകാരനും ജില്ലാ ട്രഷറിയിൽ ഉദ്യോഗസ്ഥനുമായിരുന്ന സുബ്ബറാവു 1962-ലെ ഇന്ത്യ-ചൈന യുദ്ധകാലത്താണ് ഈ വരികൾ എഴുതിയത്. 1963-ൽ വിശാഖപട്ടണത്തെ ഒരു സ്കൂളിലാണ് ആദ്യമായി ഈ പ്രതിജ്ഞ ചൊല്ലിയത്.
ദേശീയ വിദ്യാഭ്യാസ വകുപ്പിന്റെ ഉപദേശപ്രകാരം, എല്ലാ സ്കൂളുകളിലും നിർബന്ധമായും പ്രതിജ്ഞ ചൊല്ലണമെന്ന നിർദ്ദേശത്തോടെ 1965-ലെ റിപ്പബ്ലിക് ദിനത്തിൽ ഇത് ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കപ്പെട്ടു. പ്രതിജ്ഞ ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യണമെന്നും എല്ലാ പാഠപുസ്തകങ്ങളുടെയും ആദ്യ പേജിൽ അച്ചടിക്കണമെന്നും സമിതി നിർദ്ദേശിച്ചു.
എന്നാൽ, അർഹിച്ച അംഗീകാരമോ പ്രശസ്തിയോ സുബ്ബറാവുവിന് ലഭിച്ചില്ല. താൻ എഴുതിയ പ്രതിജ്ഞ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടതോ എല്ലാ സംസ്ഥാനങ്ങളിലും നിർബന്ധമാക്കിയതോ അദ്ദേഹം അറിഞ്ഞിരുന്നില്ല. വർഷങ്ങൾക്കുശേഷം പേരക്കുട്ടി അവരുടെ പുസ്തകത്തിൽ ഇത് വായിക്കുന്നത് കേട്ടപ്പോഴാണ് അദ്ദേഹം രചയിതാവ് താനാണെന്ന് തിരിച്ചറിഞ്ഞത്. നിർഭാഗ്യകരമെന്ന് പറയട്ടെ, പ്രതിജ്ഞ അച്ചടിച്ച ഒരിടത്തും രചയിതാവിന്റെ പേര് ചേർക്കാൻ അധികാരികൾ ശ്രദ്ധിച്ചില്ല എന്നതാണ് ഈ ദുരവസ്ഥക്ക് കാരണം.
ഇന്ത്യൻ ജനതക്ക് ആത്മവിശ്വാസവും ദേശീയബോധവും പകർന്നുനൽകിയ ഈ പ്രതിജ്ഞയുടെ സ്രഷ്ടാവ് തന്റെ 72-ാം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് (ഓഗസ്റ്റ് 13) 37 വർഷം തികയുന്നു.
സുബ്ബറാവുവിന് അർഹിച്ച അംഗീകാരം ലഭിക്കാതിരുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Remembering the author of India's National Pledge.
#NationalPledge, #India, #PaidiVenkataSubbaRao, #UnsungHero, #IndependenceDay, #History