SWISS-TOWER 24/07/2023

പിണറായി അഴിമതിയുടെ ഡോണ്‍ എന്ന് പി മുരളീധര റാവു; മുഖ്യമന്ത്രി ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയെന്ന് വി മുരളീധരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 02.08.2020) മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിയുടെ ഡോണ്‍ ആണെന്ന് ബി ജെ പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു. ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി  പിണറായി വിജയന്‍ രാജിവയ്ക്കുക എന്ന ആവശ്യമുന്നയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഡെല്‍ഹിയില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതേസമയം ദേശവിരുദ്ധ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് സ്വന്തം ഓഫീസ് വിട്ടുകൊടുത്ത പിണറായി വിജയന്‍ രാജ്യത്തെ ഒറ്റുകൊടുത്തെന്ന് കേന്ദ്ര വിദേശ- പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പിണറായി രാജിവച്ചൊഴിയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി അഴിമതിയുടെ ഡോണ്‍ എന്ന് പി മുരളീധര റാവു; മുഖ്യമന്ത്രി ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയെന്ന് വി മുരളീധരന്‍

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അഴിമതി രാജ്യം മുഴുവന്‍ കാണുകയാണെന്ന് പറഞ്ഞ മുരളീധര്‍ റാവു സ്വര്‍ണക്കടത്തില്‍ ഞാനൊന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത് എന്നും കുറ്റപ്പെടുത്തി. എന്നാല്‍ പഴയ തമിഴ്, തെലുങ്ക് സിനിമകളിലെ പോലെ ക്ലൈമാക്‌സില്‍ വില്ലന്‍ അദ്ദേഹം തന്നെയാവും. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് നടന്നത്. ഒരു ഭാഗത്ത് മഹാമാരിയും മറുഭാഗത്ത് സ്വര്‍ണക്കള്ളക്കടത്തുമാണ് കേരളത്തില്‍ നടക്കുന്നത്.

ലോകം മുഴുവന്‍ കോവിഡില്‍ കഷ്ടപ്പെടുമ്പോള്‍ കേരളത്തില്‍ സ്വപ്ന ഗോള്‍ഡ് വൈറസാണ്. കേരള മോഡല്‍ എന്നാല്‍ സ്വര്‍ണക്കള്ളക്കടത്താണോയെന്നും മുരളീധര്‍ റാവു പരിഹാസത്തോടെ ചോദിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ഭീകരവാദവും അഴിമതിയും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുകയാണ്. സാമ്പത്തിക ഭീകരവാദമാണിത്. സി എ എ വിരുദ്ധ സമരമടക്കം എല്ലാ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഫണ്ട് സ്വരൂപിക്കുന്നത് സ്വര്‍ണക്കടത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ് അതിന് ചുക്കാന്‍ പിടിക്കുന്നത്.

ധീരജവാന്‍മാരുടെ വീരമൃത്യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ ചൈന ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ചപ്പോള്‍ ചൈനക്കെതിരെ ഒരു വാക്കു പോലും മിണ്ടാതിരുന്നയാളാണ് കേരള മുഖ്യമന്ത്രി. രാജ്യത്തെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അദ്ദേഹമായിരിക്കുമെന്നും റാവു കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്ന കസ്റ്റംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ ഐ എ കേസ് അന്വേഷിക്കുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് യു എ പി എ ചുമത്തിയത് എന്നും വി മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ ജോലി ചെയ്ത സ്വപ്ന സുരേഷിന് ബഹിരാകാശ ശാസ്ത്രജ്ഞന്‍മാരുമായി പോലും ഇടപെടാന്‍ അവസരം ഉണ്ടായി.

രാജ്യത്തിന്റെ വിവര സാങ്കേതികവിദ്യയും രഹസ്യങ്ങളും കള്ളക്കടത്തുകാരി ആര്‍ക്കൊക്കെ കൈമാറിയെന്ന് അന്വേഷിക്കേണ്ടതുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ മുഖ്യമന്ത്രിക്കാവില്ല. വ്യാജസര്‍ട്ടിഫിക്കറ്റുമായി ഒരു തട്ടിപ്പുകാരി സ്വന്തം ഓഫീസില്‍ കയറി നിരങ്ങിയിട്ടും അറിയാത്ത മുഖ്യമന്ത്രിക്ക് എന്ത് ഭരണ നൈപുണ്യമാണ് ഉള്ളതെന്ന് അദ്ദേഹത്തെ പാടിപുകഴ്ത്തുന്നവര്‍ പറയണം.

ഇന്റലിജന്‍സില്‍ നിന്നും വിവരങ്ങള്‍ കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറുമെല്ലാം പറയുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരുള്ള കേരള പൊലീസ് സേനയെ മൊത്തത്തില്‍ അപമാനിക്കുന്നതിന് തുല്യമാണിത്. പാഠം പഠിച്ചെന്നും ഇനി ഇന്റലിജന്‍സിന്റെ സമ്മതമില്ലാതെ എങ്ങും പോകില്ലെന്നുമാണ് സ്പീക്കര്‍ പറയുന്നത്. ആരോപണം ഉയര്‍ന്ന് 12 ദിവസം കഴിഞ്ഞാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായത്. ഇത് പല സംശയങ്ങള്‍ക്കും ഇടനല്‍കുന്നുണ്ട്.

സ്വന്തം നാട്ടിലെ പാവപ്പെട്ടവര്‍ക്ക് അരിവാങ്ങാനാണ് യുഎഇ കോണ്‍സുലേറ്റിന്റെ സഹായം തേടിയതെന്നാണ് മന്ത്രി കെ ടി ജലീല്‍ പറയുന്നത്. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ജലീലിന് ലജ്ജയില്ലേയെന്ന് വി മുരളീധരന്‍ ചോദിച്ചു. പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മന്ത്രിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. സ്വന്തം ഓഫീസും കുടുംബവും ആരോപണത്തിന്റെ നിഴലില്‍ വരുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് എങ്ങനെ നടപടിയെടുക്കാനാവുമെന്നും മുരളീധരന്‍ പരിഹസിച്ചു. എല്ലാ യോഗ്യതകളുമുള്ള ചെറുപ്പക്കാര്‍ തൊഴിലിനായി അലയുന്ന നാട്ടിലാണ് വ്യാജബിരുദക്കാര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും ഇത് നാണക്കേടാണ്.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി കൃഷ്ണകുമാര്‍, പി സുധീര്‍, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവര്‍ സംസാരിച്ചു.

Keywords:  P Muralidhar Rao  and V Muraleedharan criticized Pinarayi Vijayan, New Delhi, News, Politics, Criticism, Chief Minister, Pinarayi vijayan, Smuggling, Trending, BJP, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia