AIMIM | തെലങ്കാന തിരഞ്ഞെടുപ്പ്: പഴയ ഹൈദരാബാദ് മേഖല എഐഎംഐഎമ്മിന്റെ ഉരുക്കുകോട്ട; എങ്ങനെയാണ് പാർട്ടി ഇവിടെ അജയ്യരായത്?

 


ഹൈദരാബാദ്: (KVARTHA) തെലങ്കാനയിൽ നിർണായക സ്വാധീനമാണ് അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീന് (AIMIM) ഉള്ളത്. നിയമസഭയിൽ നിലവിൽ ഏഴ് എംഎൽഎമാരുണ്ട് പാർട്ടിക്ക്. മുൻകാല റെക്കോർഡും വോട്ടിംഗും പരിശോധിച്ചാൽ, പഴയ ഹൈദരാബാദ് നഗരം ഉൾക്കൊള്ളുന്ന മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളിൽ എഐഎംഐഎം അജയ്യമാണ്. നാല് പതിറ്റാണ്ടിലേറെയായി ഹൈദരാബാദ് രാഷ്ട്രീയത്തിൽ എഐഎംഐഎമ്മിന്റെ ആധിപത്യം പുലർത്തുന്നു.

AIMIM | തെലങ്കാന തിരഞ്ഞെടുപ്പ്: പഴയ ഹൈദരാബാദ് മേഖല എഐഎംഐഎമ്മിന്റെ ഉരുക്കുകോട്ട; എങ്ങനെയാണ് പാർട്ടി ഇവിടെ അജയ്യരായത്?

പഴയ ഹൈദരാബാദിനെ നഗരത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന മൂസി നദിക്ക് കുറുകെയുള്ള പാലങ്ങളിലൊന്നായ നയാപൂലിൽ എല്ലാ രാഷ്ട്രീയ തരംഗങ്ങളും നിലക്കുമെന്ന് എഐഎംഐഎമ്മിനെ ഉദ്ദേശിച്ച് രാഷ്ട്രീയ നിരീക്ഷകർ പറയാറുണ്ട്. 2014-ൽ തെലങ്കാന ഒരു പ്രത്യേക സംസ്ഥാനമായി വിഭജിക്കപ്പെട്ടതിന് ശേഷം, തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്, അടുത്തിടെ ഭാരത് രാഷ്ട്ര സമിതി അഥവാ ബിആർഎസ് എന്ന് പുനർനാമകരണം ചെയ്തു) ആധിപത്യം പുലർത്തുന്ന പുതിയ രാഷ്ട്രീയ സാഹചര്യവുമായി പാർട്ടി സ്വയം പൊരുത്തപ്പെട്ടു.

ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലും നഗരത്തിലെ ഏഴ് മുസ്ലീം ഭൂരിപക്ഷ നിയമസഭാ മണ്ഡലങ്ങളിലും ആധിപത്യം നിലനിർത്തുമ്പോൾ തന്നെ, 2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പുകളിൽ എഐഎംഐഎം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ ടിആർഎസിനെ പിന്തുണച്ചു. ഈ സൗഹൃദവും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മതേതര പ്രതിച്ഛായയും സംസ്ഥാനത്തെ നാല് കോടി വരുന്ന മുസ്‌ലിംകളുടെ പിന്തുണ ഉറപ്പാക്കാൻ ടിആർഎസിനെ സഹായിച്ചു.

രാഷ്ട്രീയ ഉയർച്ച

മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി 1927-ലാണ് എംഐഎം സ്ഥാപിതമായത്. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഹൈദരാബാദ് സംസ്ഥാനം സ്വതന്ത്രമായി നിലനിർത്താൻ ആഗ്രഹിച്ച ഭരണാധികാരി നിസാമിനൊപ്പമായിരുന്നു എംഐഎമിന്റെ സന്നദ്ധപ്രവർത്തകരോ പിന്തുണക്കാരോ ആയിരുന്ന റസാക്കർമാർ. ഇത് എംഐഎം നിരോധിക്കപ്പെടുന്നതിനും കാരണമായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് പതിമൂന്ന് മാസങ്ങൾക്ക് ശേഷം, 'ഓപ്പറേഷൻ പോളോ' എന്ന രഹസ്യനാമമുള്ള ഇന്ത്യയുടെ സൈനിക നടപടിയെ തുടർന്ന് ഹൈദരാബാദ് സ്റ്റേറ്റ് ഇന്ത്യൻ യൂണിയനിൽ അംഗമായി.

എന്നിരുന്നാലും, 1958-ൽ അസദുദ്ദീൻ ഒവൈസിയുടെ മുത്തച്ഛനായ മൗലാന അബ്ദുൽ വാഹിദ് ഉവൈസി പുതിയ ഭരണഘടനയോടെ എംഐഎം പുനരുജ്ജീവിപ്പിച്ചു. അബ്ദുൽ വാഹിദ് ഉവൈസി എന്ന അഭിഭാഷകൻ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നതിന് അതിനെ ഒരു രാഷ്ട്രീയ പാർട്ടിയാക്കി മാറ്റി. എഐഎംഐഎം 1959-ൽ ഹൈദരാബാദിലെ രണ്ട് മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച് തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ചു. 1960-ൽ ഹൈദരാബാദിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായി ഉയർന്നു.

1980-കളിൽ സ്വലാഹുദ്ദീൻ ഉവൈസി പാർട്ടിയുടെ മൂന്ന് ഹിന്ദു കോർപറേഷൻ അംഗങ്ങളെ ഹൈദരാബാദ് മേയർമാരാക്കിയതോടെയാണ് പാർട്ടിക്ക് പ്രതിച്ഛായ രൂപപ്പെട്ടത്. ഹൈദരാബാദ് വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച നാളുകളായിരുന്നു അത്. പഴയ ഹൈദരാബാദ് നഗരത്തിലെ മുനിസിപ്പൽ വാർഡുകൾ മുതൽ 2019 ലെ രണ്ട് ലോക്‌സഭാ സീറ്റുകൾ വരെ, സ്വതന്ത്ര ഇന്ത്യയിൽ ആറ് പതിറ്റാണ്ട് നീണ്ട യാത്രയിൽ എഐഎംഐഎം രാഷ്ട്രീയപരമായി ഒരുപാട് മുന്നോട്ട് പോയി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ പഴയ ഹൈദരാബാദ് നഗരത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പാർട്ടി കൂടുതൽ സംസ്ഥാനങ്ങളിൽ മത്സരിക്കാൻ തുടങ്ങി. ഇതിലൂടെ ബിജെപിയെ സഹായിക്കുന്നുവെന്ന വിമർശനവും അവർക്ക് നേരിടേണ്ടി വന്നു. പാർട്ടിക്ക് ഇപ്പോൾ രാജ്യത്ത് 10 എംഎൽഎമാരുണ്ട് - തെലങ്കാനയിൽ ഏഴ്, മഹാരാഷ്ട്രയിൽ രണ്ട്, ബിഹാറിൽ ഒന്ന്.

ഏഴ് സീറ്റും നിലനിർത്തിയേക്കും

ഇത്തവണയും തെലങ്കാനയിലെ ഏഴ് സീറ്റുകളിൽ എഐഎംഐഎം വെല്ലുവിളികളൊന്നും നേരിടുന്നില്ലെന്നാണ് റിപ്പോർട്ട്. 2009 മുതൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) പരിധിയിൽ നിന്ന് എഐഎംഐഎം ഏഴ് നിയമസഭാ സീറ്റുകൾ നേടുന്നു. അവയിൽ ആറെണ്ണം - ചന്ദ്രയാൻഗുട്ട, ബഹദൂർപുര, ചാർമിനാർ, യാകുത്പുര, മലക്പേട്ട്, കർവാൻ എന്നിവ പഴയ നഗര പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. അതിന് പുറത്തുള്ളത് നാമ്പള്ളി മാത്രമാണ്. ഹൈദരാബാദിലെ 10 നിയോജക മണ്ഡലങ്ങളിൽ 35 മുതൽ 60 ശതമാനം വരെ മുസ്ലീം വോട്ടർമാർ ഉണ്ടെന്നാണ് കണക്ക്.

Keywords: News, National, Hyderbad, AIMIM, Telangana, Election, Election Result, Owaisi’s AIMIM looks invincible in its old Hyderabad strongholds. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia