Owaisi slams | 'ഇത് ആസാദി കാ അമൃതിന്റെ ബിജെപി പതിപ്പ്'; ബിൽകീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ മോചിപ്പിച്ചതിനെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഉവൈസി

 


ന്യൂഡെൽഹി: (www.kvartha.com) ഗുജറാത് കലാപത്തിനിടെ അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽകീസ് ബാനുവിനെ കൂട്ട ബലാത്സംഗംത്തിന് ഇരയാക്കുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും വിട്ടയച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് ഓൾ ഇൻഡ്യ മജ്‌ലിസ്-ഇ-ഇതിഹാദുൽ മുസ്ലിമീൻ (AIMIM) തലവൻ അസദുദ്ദീൻ ഉവൈസി.               
               
Owaisi slams | 'ഇത് ആസാദി കാ അമൃതിന്റെ ബിജെപി പതിപ്പ്'; ബിൽകീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ മോചിപ്പിച്ചതിനെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഉവൈസി


ഇത് ആസാദി കാ അമൃതിന്റെ ബിജെപിയുടെ പതിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. 'ക്രൂരമായ കുറ്റകൃത്യത്തിൽ കുറ്റക്കാരായ ആളുകൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ക്രൂരമായ ബലാത്സംഗവും വിദ്വേഷ കുറ്റകൃത്യങ്ങളും പോലും പൊറുക്കാവുന്ന തരത്തിലാണ് ബിജെപിയുടെ മതത്തോടുള്ള പക്ഷപാതം. റുബീന മേമന്റെ മോചനവും പരിഗണിക്കാൻ ബിജെപി-ഷിൻഡെ മഹാ സർകാർ കമിറ്റി രൂപീകരിക്കുമോ?', അദ്ദേഹം ചോദിച്ചു. 1993ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് യെർവാഡ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന വ്യക്തിയാണ് റുബീന മേമൻ.

'ഇന്നത്തെ പ്രസംഗത്തിൽ സ്ത്രീകളുടെ അന്തസ് കുറയ്ക്കുന്ന ഒന്നും ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കാൻ ഇൻഡ്യക്കാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്ത്രീ ശക്തിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് പറഞ്ഞു. കൂട്ടബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ഗുജറാത് ബിജെപി സർകാർ അതേ ദിവസം വിട്ടയച്ചു. സന്ദേശം വ്യക്തമാണ്', ഉവൈസി ട്വീറ്റ് ചെയ്തു.

2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെച്ചു. ഈ പ്രതികൾ 15 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചതിന് ശേഷമാണ് ഇവരിൽ ഒരാൾ തന്റെ അകാല മോചനത്തിനായുള്ള അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത് സർകാരിനോട് സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്ന് സർകാർ ഒരു കമിറ്റി രൂപീകരിച്ചതായി പാനലിന്റെ തലവനായ പഞ്ച്മഹൽസ് കലക്ടർ സുജൽ മയാത്ര പറഞ്ഞു.

2002 ഫെബ്രുവരിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽകീസ് ബാനു തന്റെ കൊച്ചു മകളോടും മറ്റ് 15 പേരോടുമൊപ്പം ഗ്രാമം വിട്ടു. മാർച് മൂന്നിന് വയലിൽ അഭയം പ്രാപിച്ചപ്പോൾ 20-30 പേരടങ്ങുന്ന സംഘം അരിവാൾ, വാളുകൾ, വടികൾ എന്നിവയുമായി അവരെ ആക്രമിക്കുകയും ബിൽകീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊല്ലപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കേസ്. മറ്റ് ആറ് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. 2004ലാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്.

അഹ്‌മദാബാദിലാണ് വിചാരണ ആരംഭിച്ചത്. എന്നിരുന്നാലും, സാക്ഷികളെ ദ്രോഹിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടുമെന്നും ബിൽകീസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് 2004 ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. തുടർന്ന് 2008 ജനുവരി 21ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ ശിക്ഷിച്ചത്. മറ്റ് ഏഴ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ പ്രത്യേക കോടതി വെറുതെ വിട്ടു. പ്രതികളിലൊരാൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

കുറ്റാരോപിതരുടെ ശിക്ഷ ശരിവച്ചുള്ള 2018 ലെ ഉത്തരവിൽ, ബോംബെ ഹൈകോടതി ഏഴ് പേരെ വെറുതെവിട്ടത് റദ്ദാക്കി. ബിൽകീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും വീടും നൽകാൻ 2019 ഏപ്രിലിൽ ഗുജറാത് സർകാരിനോട് സുപ്രീം കോടതി നിർദേശിച്ചു. ജസ്വന്ത്ഭായ് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധേശം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, പ്രദീപ് മോർധിയ, ബകഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവർക്കാണ് അകാല മോചനം അനുവദിച്ചത്. രാധേശം ഷായാണ് ക്രിമിനൽ നടപടിച്ചട്ടത്തിലെ 432, 433 വകുപ്പുകൾ പ്രകാരമുള്ള ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് ഗുജറാത് ഹൈകോടതിയെ സമീപിച്ചത്.

Keywords: Owaisi slams against 11 convicts in Bilkis Bano case walk free, National, Newdelhi, Gujarat, News, Top-Headlines, BJP, High Court, Supreme Court, Case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia