ഒരുമിച്ചിരിക്കാം, പറയാം: കുടുംബ ബന്ധങ്ങളുടെ ശക്തി

 
Let's Sit Together, Let's Talk: The Strength of Family Bonds
Let's Sit Together, Let's Talk: The Strength of Family Bonds

Representational Image Generated by Meta AI

● സാമൂഹ്യ ബോധത്തിനും വിശ്വാസത്തിനും പരിമിതി സംഭവിച്ചു.
● ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് ബന്ധം മെച്ചപ്പെടുത്തും.
● കുട്ടികളുടെ കൂട്ടുകാരെ രക്ഷിതാക്കൾ അറിയണം.
● ഒറ്റപ്പെടലിൽ നിന്ന് പങ്കുവെക്കലിലേക്ക് മാറണം.

ഭാമനാവത്ത്


(KVARTHA) കുടുംബം ഏതൊരു രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാന ഏകകമാണ്. ഓരോ സമൂഹവും ഒരു രാഷ്ട്രമായി വളരുന്നത് കുടുംബങ്ങളിലൂടെയാണ്. ഒരു കുടുംബം നന്നായിത്തീർന്നാൽ എല്ലാം നന്നായിത്തീരും എന്ന ചൊല്ല് വെറുതെയല്ല. ഒത്തുചേരുമ്പോളാണ് ഒരു കുടുംബത്തിന് യഥാർത്ഥമായ സന്തോഷം ലഭിക്കുന്നത്. സാമൂഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും ചെറിയതും എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതുമായ ഘടകമാണ് കുടുംബം.

ഇന്ന് (മെയ് 15), അന്താരാഷ്ട്ര കുടുംബ ദിനത്തിൽ, നമ്മുടെ കുടുംബങ്ങളുടെ ദൃഢതയും ഐക്യവും വിലയിരുത്തുന്നതിനും പുനഃപരിശോധിക്കുന്നതിനും നമുക്ക് ഒരവസരം ലഭിക്കുന്നു. കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്തുക, കുടുംബങ്ങളെ സ്വാധീനിക്കുന്ന സാമൂഹികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക, എല്ലാറ്റിനുമുപരിയായി കുടുംബാംഗങ്ങളെ പരസ്പരം അറിയുക, കുടുംബ ഐക്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുക എന്നിവയാണ് മെയ് 15 ന് ആചരിക്കുന്ന ഈ ദിനത്തിന്റെ ലക്ഷ്യങ്ങൾ.

പരസ്പരം വിട്ടുവീഴ്ച ചെയ്തും സ്നേഹം പങ്കിട്ടും, ഒരാൾക്കുള്ളത് എല്ലാവർക്കുമായി കരുതി കരുതലോടും കൂട്ടായ്മയോടും കഴിഞ്ഞിരുന്ന കൂട്ടുകുടുംബ സംസ്കാരത്തിൽ നിന്ന് പുതിയ തലമുറ അണുകുടുംബങ്ങളിലേക്ക് മാറിയപ്പോൾ സാമൂഹ്യബോധത്തിനും പരസ്പര വിശ്വാസത്തിനും പങ്കുവെക്കലിനും സംഭവിച്ച ഗുരുതരമായ പരിമിതി അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. 

ഇത്തരം പങ്കുവെക്കലുകൾ സമൂഹത്തിന്റെയും വ്യക്തികളുടെയും സന്തോഷകരമായ ജീവിതത്തിന് അനിവാര്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുന്ന ഒരു സന്ദേശം ഈ ദിനാചരണം നമുക്ക് നൽകുന്നു. സമൂഹം ഒരു കൂട്ടായ്മയുടെ ഭാഗമാണെന്നും ആ കൂട്ടായ്മയുടെ ബോധം സ്വന്തം കുടുംബത്തിൽ നിന്ന് ആരംഭിക്കണമെന്നും, 'ഞാൻ എന്റേത് എനിക്ക് മാത്രം' എന്ന ചിന്ത ഒഴിവാക്കി 'നാം നമ്മുടേത് നമുക്കുള്ളത്' എന്ന മനോഭാവത്തിലേക്ക് കുടുംബബന്ധങ്ങൾ വളരേണ്ടത് അത്യാവശ്യമാണെന്നും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ കുടുംബബന്ധങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 1980 കളിലാണ് ഐക്യരാഷ്ട്രസഭ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. 1983 ൽ സാമൂഹിക വികസന കമ്മീഷൻ വികസന പ്രക്രിയയിൽ കുടുംബത്തിന്റെ പങ്കിനെക്കുറിച്ചുള്ള ഒരു പ്രമേയം അവതരിപ്പിച്ചു. ഇതിന്റെ ഫലമായി 1993 മെയ് 15 നാണ് ആദ്യമായി ഈ ദിനാചരണം നടന്നത്.

ഒരു വീട്ടിൽ ഒരു ലാൻഡ്‌ഫോൺ ഉണ്ടായിരുന്ന കാലത്ത്, അത് ബെൽ അടിക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിയുമായിരുന്നു. അവിടെ ഒരു കൂട്ടായ്മ രൂപപ്പെട്ടിരുന്നു. എന്നാൽ മൊബൈൽ ഫോണുകളുടെ വളർച്ചയോടെ ഈ കൂട്ടായ്മ ഇല്ലാതായി, ഓരോരുത്തരും അവരവരുടെ ലോകത്തേക്ക് ഒതുങ്ങുകയും കുടുംബബന്ധങ്ങൾ പോലും പരിമിതമാവുകയും ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേർന്നു.

തിരക്കിട്ട ജീവിതത്തിനിടയിൽ മാതാപിതാക്കളും മക്കളും തമ്മിലുള്ള സൗഹൃദം പോലും അകന്നുപോകുമ്പോൾ, അവർക്ക് അവരുടെ വിശേഷങ്ങൾ പരസ്പരം പങ്കുവെക്കാൻ വേദികളില്ലാതെയാകുമ്പോൾ, ചിലപ്പോൾ കുട്ടികൾ തെറ്റായ കൂട്ടുകെട്ടുകളിലേക്ക് പോകാനും മറ്റു ചിലപ്പോൾ അവരിലേക്ക് തന്നെ ഒതുങ്ങിക്കൂടാനും സാധ്യതയുണ്ട്. ഈ അവസ്ഥ സൃഷ്ടിക്കുന്ന ഒറ്റപ്പെടൽ യുവതലമുറയിൽ കാര്യമായ വഴിതെറ്റലുകൾക്ക് കാരണമാകുന്നു എന്നത് കുടുംബദിനത്തിന്റെ പ്രാധാന്യം നമ്മെ ഓർമ്മിപ്പിക്കുന്നു.
മാതാപിതാക്കളും മക്കളും ഒരു ദിവസം ഒരു മണിക്കൂറെങ്കിലും ഭക്ഷണ മേശയ്ക്ക് ചുറ്റുമിരുന്ന് അവർക്ക് പരസ്പരം പറയാനുള്ളത് പങ്കുവെക്കേണ്ടത്, കുട്ടികൾക്ക് സ്കൂളിലും വഴിയിലും ഉണ്ടായ നല്ലതും ചീത്തതുമായ അനുഭവങ്ങൾ പങ്കുവെക്കാൻ അവസരം ഉണ്ടാകേണ്ടത് കുടുംബബന്ധത്തിന് അനിവാര്യമാണെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഇന്നത്തെ അണുകുടുംബ ജീവിതത്തിലെ രക്ഷിതാക്കൾ ഇത് ഗൗരവമായി എടുക്കേണ്ട വിഷയമാണ്. 

കുട്ടികളുടെ കൂട്ടുകാർ ആരാണെന്ന് രക്ഷിതാക്കൾ അറിയാതെ പോകുന്നതും പലരും തെറ്റായ വഴികളിൽ എത്തിപ്പെടുന്നതും ഈ അനിവാര്യമായ കൂട്ടായ്മ ഇല്ലാത്തതുകൊണ്ടാണ്. മക്കളെ നല്ല സുഹൃത്തുക്കളായി രക്ഷിതാക്കൾ കാണേണ്ടത് കുടുംബബന്ധത്തിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്നു.

ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ടിൽ നിന്ന് പരസ്പരം പങ്കുവെക്കലിന്റെ സന്തോഷത്തിലേക്കുള്ളതാവണം ഇത്തരം ദിനാചരണങ്ങളും കുടുംബ സംഗമങ്ങളും എന്നത് നമുക്ക് പ്രത്യാശ നൽകുന്നു.


അന്താരാഷ്ട്ര കുടുംബ ദിനത്തിൽ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ഈ ലേഖനം ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കുക.

Summary: This article discusses the importance of family bonds, highlighting the shift from joint families to nuclear families and its impact on social awareness and sharing. It emphasizes the need for communication and togetherness in families, especially in today's fast-paced life, and the significance of International Family Day.

#FamilyDay, #FamilyBonds, #InternationalFamilyDay, #SocialAwareness, #Communication, #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia