സോണിയയുടെ ഇഫ്താര്‍ വിരുന്നില്‍ മുലായവും ഇടത് നേതാക്കളും എത്തിയില്ല; നിതീഷും ശരത്തും പങ്കെടുത്തു

 


ഡെല്‍ഹി: (www.kvartha.com 14/07/2015) കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞദിവസം ഡെല്‍ഹിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മുലായവും ഇടത് നേതാക്കളും എത്തിയില്ല. അതേസമയം നിതീഷും ശരത്തും പങ്കെടുത്തു.

ഇഫ്താറില്‍ പ്രമുഖ നേതാക്കളുടെ നിരതന്നെ കാണപ്പെട്ടു.  എന്നാല്‍ വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ ഏകോപിത നീക്കമെന്ന രാഷ്ട്രീയം കൂടി മുന്‍നിര്‍ത്തി നടത്തിയ വിരുന്നില്‍ ഇടതുപാര്‍ട്ടികള്‍ അടക്കം പങ്കെടുത്തില്ല.

യു.പി.എ ഘടകകക്ഷികളാണെങ്കിലും കേരളത്തില്‍ നിന്ന് മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് പ്രതിനിധികളും പങ്കെടുത്തില്ല. സി.പി.എം, സി.പി.ഐ തുടങ്ങി ഇടതു പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുത്തില്ല. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എത്തിയില്ലെങ്കിലും പ്രതിനിധിയായി രാജ്യസഭാംഗം ഡെറിക് ഒബ്രിയനെ അയച്ചു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ജനതാദള്‍യു നേതാവ് ശരദ് യാദവ് എന്നിവരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. കോണ്‍ഗ്രസും ജനതാദള്‍ യുവും തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നീങ്ങാന്‍ താല്‍പര്യപ്പെടുന്നതിന്റെ വ്യക്തമായ സന്ദേശമാണ് നേതാക്കളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത്.

അതേസമയം, ജനതാ പരിവാറില്‍പെട്ട സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്, ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ്, ജനതാദള്‍ എസ് നേതാവ് എച്ച്.ഡി. ദേവഗൗഡ എന്നിവരുടെ  അസാന്നിധ്യവും ശ്രദ്ധേയമായി. തിങ്കളാഴ്ചതന്നെ പട്‌നയില്‍ ലാലുവും ഇഫ്താര്‍ വിരുന്ന് നടത്തിയിരുന്നു.

സോണിയയുടെ തൊട്ടടുത്താണ് നിതീഷ് കുമാര്‍, ശരദ് പവാര്‍ തുടങ്ങിയവര്‍ ഇരുന്നത്. രാഹുല്‍ ഗാന്ധിക്കൊപ്പം ശരദ് യാദവ്, ഡി.എം.കെയുടെ കനിമൊഴി തുടങ്ങിയവര്‍ ഒരു മേശക്കു ചുറ്റുമിരുന്നു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എ.കെ. ആന്റണി തുടങ്ങിയവര്‍ക്കൊപ്പമാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ ഡെറിക് ഒബ്രിയന്‍ ഇരുന്നത്. കാമറകള്‍ക്ക് നടുവില്‍ സൗഹൃദ സംഭാഷണങ്ങള്‍ക്കപ്പുറം, കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല. അടുത്ത തിങ്കളാഴ്ച തുടങ്ങുന്ന വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണ്.

യു.പി.എ സഖ്യകക്ഷികളില്‍നിന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍, ഡി.എം.കെ പ്രതിനിധിയായി കരുണാനിധിയുടെ മകള്‍ കനിമൊഴി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല തുടങ്ങിയവര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.

അശോക ഹോട്ടലില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബസിത് എത്തിയിരുന്നു. അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ഗുലാംനബി ആസാദ്, വയലാര്‍ രവി, അംബിക സോണി, കെ. റഹ്മാന്‍ഖാന്‍, സല്‍മാന്‍ ഖുര്‍ഷിദ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, ആനന്ദ് ശര്‍മ, കെ.പി.സി.സി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് കെ.കെ കൊച്ചുമുഹമ്മദ്, ജമാഅത്തെ ഇസ്ലാമി നേതാവ് എഞ്ചിനീയര്‍ മുഹമ്മദ് സലിം, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് എസ്.ക്യു.ആര്‍ ഇല്യാസ് തുടങ്ങിയവര്‍ എത്തിയിരുന്നു.

സോണിയയുടെ ഇഫ്താര്‍ വിരുന്നില്‍ മുലായവും ഇടത് നേതാക്കളും എത്തിയില്ല; നിതീഷും ശരത്തും പങ്കെടുത്തു


Also Read:  പനി ബാധിച്ച് മൂന്നുവയസ്സുകാരി മരിച്ചു

Keywords:  Opposition Stands Together at Sonia Gandhi's Iftar Party, But Mulayam Stays Away, New Delhi, Parliament, Rahul Gandhi, Politics, Bihar, Mamata  Banerji, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia