Thushar Vellappally | എംഎല്‍എമാരെ കൂറുമാറ്റി സര്‍കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസ്; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന പൊലീസിന്റെ ലുകൗട് നോടിസ്

 



ഹൈദരാബാദ്: (www.kvartha.com) തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി സര്‍കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന പൊലീസിന്റെ ലുകൗട് നോടിസ്. ഓപറേഷന്‍ താമരയുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോടിസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നടപടി. 

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോ. ജഗ്ഗുസ്വാമിക്കെതിരെയും ലുകൗട് നോടിസുണ്ട്. ഇയാളെ അന്വേഷിച്ച് തെലങ്കാന പൊലീസിന്റെ പ്രത്യേക സംഘം കേരളത്തില്‍ എത്തിയിരുന്നു. കണ്ടെത്താന്‍ കൊച്ചിയിലും കൊല്ലത്തും പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ജഗ്ഗുസ്വാമിയെ പരിചയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയുമുണ്ടായെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് റിപോര്‍ട്.

തെലങ്കാനയില്‍ സര്‍കാരിനെ അട്ടിമറിക്കാനുള്ള 'ഓപറേഷന്‍ താമര' പദ്ധതിക്ക് പിന്നിലെ കേന്ദ്രബിന്ദു തുഷാറാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ആരോപിച്ചിരുന്നു. ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനായ തുഷാറാണെന്നായിരുന്നു കെസിആറിന്റെ ആരോപണം. 

Thushar Vellappally | എംഎല്‍എമാരെ കൂറുമാറ്റി സര്‍കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസ്; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ തെലങ്കാന പൊലീസിന്റെ ലുകൗട് നോടിസ്


തുഷാറിന്റെ ഏജന്റുമാര്‍ ടിആര്‍എസിന്റെ എംഎല്‍എമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോയും മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിട്ടിരുന്നു. തെലങ്കാന സര്‍കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്കുവേണ്ടി ഇടപെട്ടത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രി അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച് വിഡിയോകളാണ് പുറത്തുവിട്ടത്. 

അമിത്ഷായും തുഷാറും ഒരുമിച്ചുനില്‍ക്കുന്ന ഫോടോകളും മറ്റു ചില രേഖകളും വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. ബിഡിജെഎസ് പ്രസിഡന്റ് ആയ തുഷാര്‍ ആണ് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായവരുടെ പുറകിലെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

പി രോഹിത് റെഡ്ഢി എംഎല്‍എയുടെ ഹൈദരാബാദിന് സമീപത്തുള്ള ഫാംഹൗസിലെ രഹസ്യക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരുന്നത്. രോഹിത് റെഡ്ഢിയുടെ പരാതിയെ തുടര്‍ന്നാണ് രാമചന്ദ്ര ഭാരതി, കോര്‍ നന്ദു കുമാര്‍, സിംഹയാജി സ്വാമി എന്നിവര്‍ക്കെതിരെ കേസെടുത്തത്. ബിജെപിയിലേക്ക് കൂറുമാറാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് പരാതി. ബിജെപിയിലേക്ക് കൂറുമാറിയാലുള്ള സാമ്പത്തിക നേട്ടത്തെപ്പറ്റി 4 എംഎല്‍എമാരോട് അറസ്റ്റിലായവര്‍ വിശദീകരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. 

തുടര്‍ന്നാണ് തെലങ്കാന പൊലീസ് കൊച്ചി ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം തുഷാറിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി നോടിസ് നല്‍കിയിരുന്നു. 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നോടിസ് നല്‍കിയത്. മലയാളിയായ നല്‍ഗൊണ്ട എസ്പി രമ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചുകുളങ്ങരയില്‍ എത്തിയത്.

Keywords:  News,National,India,Hyderabad,Telangana,Government,Top-Headlines,Trending, Politics,party,BJP,Allegation,Enquiry,Case,Police, Operation Lotus:  Look Notice Against Notice to Tushar Vellapalli 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia