CAA | 'പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധം', സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ മകൻ്റെ പഴയ വീഡിയോ വൈറൽ; 'ആർട്ടിക്കിൾ 14 ഇന്ത്യയിലെ എല്ലാവർക്കും സമത്വത്തിനും നിയമപരിരക്ഷക്കുമുള്ള അവകാശം നൽകുന്നു'

 


ന്യൂഡെൽഹി: (KVARTHA) പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ ഇതുസംബന്ധിച്ച ചൂടേറിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ, ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിശദീകരിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ മകൻ അഭിനവ് ചന്ദ്രചൂഡിന്റെ പഴയ വീഡിയോ വൈറലായി. സിഎഎ നിരവധി ന്യൂനപക്ഷങ്ങളെയും നിരീശ്വരവാദികളെയും അജ്ഞേയവാദികളെയും ഒഴിവാക്കുന്നുവെന്നും മതേതര രാഷ്ട്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമാണെന്നും അഭിഭാഷകനായ അഭിനവ് ചന്ദ്രചൂഡ് വീഡിയോയിൽ വാദിക്കുന്നു. ഈ വീഡിയോയ്ക്ക് 2020 മുതൽ നാല് വർഷം പഴക്കമുണ്ട്. ഡി വൈ ചന്ദ്രചൂഡ് അന്ന് ചീഫ് ജസ്റ്റിസായിരുന്നില്ല.

CAA | 'പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധം', സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ മകൻ്റെ പഴയ വീഡിയോ വൈറൽ; 'ആർട്ടിക്കിൾ 14 ഇന്ത്യയിലെ എല്ലാവർക്കും സമത്വത്തിനും നിയമപരിരക്ഷക്കുമുള്ള അവകാശം നൽകുന്നു'

അഡ്വ. അഭിനവ് ചന്ദ്രചൂഡിന്റെ വാക്കുകൾ ഇങ്ങനെയാണ്:

'ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം സിഎഎ ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14 പൗരന്മാർക്ക് മാത്രമല്ല ഇന്ത്യയിലെ എല്ലാവർക്കും സമത്വത്തിനും നിയമപരിരക്ഷക്കുമുള്ള അവകാശം നൽകുന്നുണ്ട്. 2020-ൽ സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾ നടക്കുന്ന സമയത്ത് എന്തുകൊണ്ട് ജൂതന്മാരെ സിഎഎയിൽ ഉൾപ്പെടുത്തിയില്ല എന്ന് ചോദിച്ച് ഞാൻ സാമൂഹ്യ മാധ്യമത്തിൽ ഒരു പോസ്റ്റിട്ടു. ജൂതന്മാർക്ക് ഇസ്രാഈൽ ഉണ്ടെന്നായിരുന്നു ലഭിച്ച മറുപടി.

അങ്ങനെയാണെങ്കിൽ ക്രിസ്‌ത്യാനികൾക്കും ബുദ്ധമതക്കാർക്കും അവരുടേതായ രാജ്യമുണ്ട്. നിരീശ്വരവാദികളെ ഉൾപ്പെടുത്തിയിട്ടില്ല. ദൈവമുണ്ടോ ഇല്ലയോ എന്നറിയാത്ത ആജ്ഞേയവാദികളെ ഉൾപ്പെടുത്തിയിട്ടില്ല. പാകിസ്‌താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളായി പരിഗണിക്കാവുന്ന മുസ്ലീം വിഭാഗങ്ങളെ പോലും സിഎഎയിൽ ഉൾപ്പെടുത്തിയില്ല. ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ യോഗ്യ പൗരത്വഭേദഗതി നിയമത്തിലൂടെ ചുരുങ്ങിയിരിക്കുന്നു.

പാകിസ്‌താൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്‌താൻ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 ന് മുമ്പ് കുടിയേറിയ ഹിന്ദുക്കൾ, സിഖ്, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, ജൈനർ, പാഴ്സികൾ എന്നീ വിഭാഗങ്ങൾക്ക് സിഎഎ ഇന്ത്യൻ പൗരത്വം നൽകും. ഇന്ത്യൻ പൗരനാകാൻ താൽപര്യപ്പെടുന്നവർ 11 വർഷത്തേക്ക് ഇന്ത്യയിൽ താമസിക്കണം. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിന് കീഴിൽ വരുന്ന ഒരാൾക്ക്, പൗരത്വത്തിന് അഞ്ച് വർഷം മതിയാകും.

പാഴ്‌സികൾക്ക് ഇത് എങ്ങനെ ബാധകമാകുന്നു എന്ന് നോക്കാം. പാഴ്‌സികൾ ഇറാനിൽ നിന്ന് പലായനം ചെയ്തു‌. ഇറാൻ വിട്ട് ഇന്ത്യയിലേക്ക് വന്ന ഒരു പാഴ്‌സിക്ക് പൗരത്വം ലഭിക്കാൻ 11 വർഷം കാത്തിരിക്കണം എന്നാൽ അഫ്ഗാനിസ്താനിൽ നിന്ന് പലായനം ചെയ്യുന്ന ഒരു പാഴ്‌സിക്ക് അഞ്ച് വർഷം കാത്തിരുന്നാൽ മതി. ഈ വൈരുധ്യങ്ങളൊന്നും എനിക്ക് മനസിലാകുന്നില്ല.

കൂടാതെ സിഎഎയിൽ മറ്റു പ്രശ്‌നങ്ങളുമുണ്ട്. 1987-നു മുമ്പ് ആർക്കും ജന്മം കൊണ്ട് ഇന്ത്യൻ പൗരത്വം ലഭിക്കുമായിരുന്നു. 87-നു ശേഷവും 2004-നു മുമ്പും ജനിച്ചയാളാണെങ്കിൽ ഇവിടെ ജനിച്ചവരാണെന്നും മാതാപിതാക്കളിൽ ഒരാൾ ഇന്ത്യയിൽ ജനിച്ചയാളാണെന്നും തെളിയിക്കണം. 2004-നു ശേഷം ജനിച്ചയാളാണെങ്കിൽ നിങ്ങൾ ഇന്ത്യയിലാണ് ജനിച്ചതെന്നും മാതാപിതാക്കളിലൊരാൾ ഇന്ത്യൻ പൗരത്വമുള്ളയാളാണെന്നും മറ്റേയാൾ അനധികൃത കുടിയേറ്റം നടത്തിയവരല്ലെന്നും തെളിയിക്കണം. നിങ്ങളൊരു അനാഥനോ ജനിക്കുന്ന സമയം തന്നെ ഉപേക്ഷിക്കപ്പെടുന്ന ഒരു ട്രാൻസ്‌ജെൻഡറോ ആണെങ്കിൽ എന്ത് ചെയ്യും. ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ മാതാപിതാക്കൾക്ക് ഇന്ത്യയിൽ ജനിക്കുന്ന കുഞ്ഞ് എന്ത് തെറ്റാണ് ചെയ്യുന്നത്. ഇന്ത്യയിൽ ജനിച്ചത് ആ കുഞ്ഞിൻ്റെ കുറ്റമാണോ'.


'മുസ്ലീങ്ങളുടെ സ്വത്ത് ഹിന്ദുക്കൾക്കും സിഖുകാർക്കും നൽകിയിരുന്നു'

രാജ്യവിഭജനത്തിന് ശേഷം കൊണ്ടുവന്ന പെർമിറ്റ് സംവിധാനത്തെക്കുറിച്ചും അഭിനവ് ചന്ദ്രചൂഡ് പരാമർശിച്ചിട്ടുണ്ട്. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ പടിഞ്ഞാറൻ പാകിസ്‌താനിൽ നിന്ന് ഇന്ത്യയിലേക്കുള്ള കുടിയേറ്റത്തിൻ്റെ രണ്ട് തരംഗങ്ങൾ ഉണ്ടായിരുന്നു. ഒന്ന് 1947 ൽ ഹിന്ദുക്കളും സിഖുകാരും ഉൾപ്പെടുന്നു, മറ്റൊന്ന് 1948 ൽ മുസ്ലികളും അടങ്ങുന്നതായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഈ രണ്ടാം തരംഗം ഇന്ത്യൻ ഭരണകൂടത്തിന് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യ വിട്ട മുസ്ലീങ്ങളുടെ സ്വത്ത് ഹിന്ദുക്കൾക്കും സിഖുകാർക്കും നൽകിയിരുന്നു. അതിനാൽ, ഇന്ത്യ വിട്ട് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി. ഈ പെർമിറ്റ് സമ്പ്രദായം കിഴക്കൻ പാകിസ്‌താനിൽ (ഇന്ന് ബംഗ്ലാദേശ്) നിന്ന് വന്നവർക്കായിരുന്നില്ലെന്നും അഭിനവ് ചന്ദ്രചൂഡ് പറഞ്ഞു

മാർച്ച് 11നാണ് പൗരത്വ ഭേദഗതി നിയമം അതായത് സിഎഎ രാജ്യത്തുടനീളം നടപ്പാക്കി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. ഈ നിയമ പ്രകാരം പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകും. പാസ്‌പോർട്ടിൻ്റെയോ വിസയുടെയോ അഭാവത്തിൽ പോലും പൗരത്വത്തിന് അപേക്ഷിക്കാം. ഇതിനായി ആഭ്യന്തര മന്ത്രാലയം പോർട്ടലും ആരംഭിച്ചിട്ടുണ്ട്.

Keywords: News, National, New Delhi, CAA, Citizenship Amendment Act, Supreme Court, Video, Viral, Citizenship, Old video of CJI Chandrachud's son Abhinav goes viral amid furore over CAA, Shamil.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia