Obituary | ആനക്ക് ഔദ്യോഗിക അന്ത്യാഞ്ജലി; അനുശോചിച്ച് പ്രധാനമന്ത്രി

 


മടിക്കേരി: (www.kvartha.com) ഹുന്‍സൂര്‍ ആന സങ്കേതത്തില്‍ ക്ഷയരോഗ ബാധിതനായി ചെരിഞ്ഞ മൈസൂറു ജംബോ കാപ്റ്റന്‍ ഗജവീരന്‍ ബലരാമയുടെ(67) ജഡം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഭീമനകട്ടെ ആന സങ്കേതത്തില്‍ സംസ്‌കരിച്ചു. പൂജാരി എസ് വി പ്രഹ്ലാദ് റാവു അന്ത്യ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മൈസൂറു ദസറ ഉത്സവങ്ങളില്‍ 1999 മുതല്‍ 2011വരെ 13 തവണ 750 കിലോഗ്രാം ഭാരമുള്ള സ്വര്‍ണ അമ്പാരി വഹിച്ച് ആന സവാരിയില്‍ ഗജവീരന്മാരെ നയിച്ച് വിഖ്യാതനായ ബലരാമ മാസങ്ങളായി ചികിത്സയിലായിരുന്നു. വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടര്‍മാര്‍ സാധ്യമായതെല്ലാം ചെയ്‌തെങ്കിലും ആന കുഴഞ്ഞ് മറിഞ്ഞ് ചെരിയുകയായിരുന്നു. 60 കഴിഞ്ഞ ആന 2012ല്‍ വിരമിച്ചെങ്കിലും ആറ് വര്‍ഷം കൂടി മൈസൂറു കൊട്ടാരം ആനയ്ക്ക് സേവനം നീട്ടി നല്‍കിയിരുന്നു. പ്രായം ചലനങ്ങളില്‍ പ്രകടമായതോടെ 2020ല്‍ ദസറയില്‍ നിന്ന് പുറത്തായി.

കുടക് ജില്ലയിലെ കട്ടെപുര വനത്തില്‍ നിന്ന് 1987ല്‍ പിടികൂടി ഹുന്‍സൂര്‍ മതിഗോഡ് ആന സങ്കേതത്തില്‍ അഞ്ച് വര്‍ഷം താമസിപ്പിച്ച് മെരുക്കിയ ശേഷം തൊട്ടടുത്ത ഭീമനകട്ടെ ആന സങ്കേതത്തില്‍ പരിശീലനം നല്‍കിയാണ് ദസറയുടെ ഭാഗമാക്കിയത്. കാട്ടില്‍ ശൗര്യം കാട്ടിയതിന്റെ അടയാളമായി എതിരാളിയുടെ കുത്തേറ്റ് ഇടത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ട നിലയിലായിരുന്നു ബലരാമ മതിഗോഡ് സങ്കേതത്തില്‍ എത്തിയത്.

Obituary | ആനക്ക് ഔദ്യോഗിക അന്ത്യാഞ്ജലി; അനുശോചിച്ച് പ്രധാനമന്ത്രി

ഒറ്റക്കണ്ണനായിട്ടും കാല്‍നൂറ്റാണ്ട് ദസറയില്‍ ഒന്നാമനായി. കഴിഞ്ഞ ഡിസംബറില്‍ സുരേഷ് എന്ന കര്‍ഷകന്‍ നാടന്‍ തോക്ക് ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ ബലരാമന് പരുക്കേറ്റിരുന്നു. കഴിക്കുന്നതെല്ലാം ഛര്‍ദിക്കാന്‍ തുടങ്ങിയതോടെ നടത്തിയ പരിശോധനയില്‍ 'വൈ' ആകൃതിയിലുള്ള മരക്കമ്പ് തൊണ്ടയില്‍ കുടുങ്ങിതായി കണ്ടെത്തി. അത് മലത്തിലൂടെ പുറന്തള്ളിയപ്പോള്‍ വയറിലുണ്ടായ മുറിവുകള്‍ ആനയെ കൂടുതല്‍ അവശനാക്കുകയാണ് ചെയ്തത്. വലത് കണ്ണിന്റെ കാഴ്ചക്കുണ്ടായ മങ്ങല്‍ ജീവിതത്തേയും ബാധിച്ചു.

ബലരാമയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ഗ്ലീഷിലും കന്നടയിലും ട്വീറ്റ് ചെയ്തു.

Keywords:  Official funeral for elephant; Condolences Prime Minister, Madikeri, News, Elephant, Dead, Prime Minister, Narendra Modi, Condolence, Injury, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia