Target Threat | അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി എന്ന് സമൂഹ മാധ്യമ പോസ്റ്റ്; ഒറിയ നടന്‍ ബുദ്ധാദിത്യ മൊഹന്തിക്കെതിരെ കേസ്


● സാമൂഹിക മാധ്യമങ്ങളില്‍ വിവാദ പ്രസ്താവന പ്രചരിപ്പിച്ചതില്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം
● പരാതി നല്‍കിയിരിക്കുന്നത് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ
● സംഭവം വിവാദമായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് നടന്റെ ക്ഷമാപണം
ന്യൂഡെല്‍ഹി: (KVARTHA) അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി എന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഒഡീഷ സിനിമതാരം ബുദ്ധാദിത്യ മൊഹന്തിക്കെതിരെ കേസെടുത്ത് ഒഡീഷ പൊലീസ്. നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍ എസ് യു ഐ) നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
എന്‍ എസ് യു ഐ ഒഡീഷ സംസ്ഥാന പ്രസിഡന്റ് ഉദിത് പ്രധാനാണ് സംഭവത്തില്‍ ബുദ്ധാദിത്യ മൊഹന്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളില്‍ വിവാദ പ്രസ്താവന പ്രചരിപ്പിച്ചതില്‍ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് ഉദിത് പരാതി നല്‍കിയിരിക്കുന്നത്. തങ്ങളുടെ നേതാവിനെതിരേയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ക്ഷമിക്കാന്‍ സാധിക്കില്ലെന്നാണ് ഉദിത് പ്രധാന്‍ അറിയിച്ചിരിക്കുന്നത്. പരാതി സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതായും അറിയിച്ചു.
എന്‍സിപി നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് ശേഷം അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയാണെന്നാണ് ബുദ്ധാദിത്യ മൊഹന്തി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ നടന്‍ പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള എന്റെ പോസ്റ്റ് അദ്ദേഹത്തെ ഉപദ്രവിക്കാനോ അപമാനിക്കാനോ ലക്ഷ്യമിട്ടുള്ളത് ആയിരുന്നില്ല. എന്റെ പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
#RahulGandhi #LawrenceBishnoi #OdishaActor #SocialMediaControversy #BudhadityaMohanty #OdishaNews