Legacy | ഒ എൻ വി കുറുപ്പ്  വിട വാങ്ങിയിട്ട്   9 വർഷം; അനശ്വരം കാവ്യശലഭങ്ങളും ഗാനവീചികളും

 
O.N.V. Kurup, Malayalam poet, legacy, Malayalam poetry
O.N.V. Kurup, Malayalam poet, legacy, Malayalam poetry

Image Credit: Facebook/ ONV Kurup

● ഒ എൻ വി കുറുപ്പ് 1931-ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു.
● അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരം ‘പൊരുതുന്ന സൗന്ദര്യം’ 1949-ൽ പുറത്തിറങ്ങി.
● ഒ എൻ വി, 2007-ൽ ജ്ഞാനപീഠ പുരസ്കാരം നേടി.
● 1989-ൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് ലോക്സഭയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
●1958 മുതൽ 25 വർഷം കേരളത്തിലെ കോളജുകളിൽ മലയാളം അധ്യാപകനായിരുന്നു കുറുപ്പ്.
● ‘ശ്രീ ഗുരുവായൂരപ്പൻ’ എന്ന സിനിമയിൽ അദ്ദേഹം ഗാനരചന ആരംഭിച്ചു.
● 2016 ഫെബ്രുവരി 13-ന്, 84-ാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങി.

(KVARTHA) മലയാള അക്ഷരങ്ങൾ കൂട്ടി വായിക്കാൻ അറിയുന്ന ആരെയും തന്റെ തൂലികകൊണ്ട് കോൾമയിർ കൊള്ളിച്ച, മലയാള കവിതയെ ജ്ഞാനപീഠം വരെ കയറ്റിയ കാവ്യ ഗന്ധർവൻ, പ്രശസ്ത മലയാള കവിയും സിനിമ ഗാനരചയിതാവുമായ  ഒ എൻ വി കുറുപ്പ്  വിടവാങ്ങിയിട്ട് ഫെബ്രുവരി 13ന് ഒൻപതു വർഷം തികയുന്നു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. 

ചങ്ങമ്പുഴക്കും പി കുഞ്ഞിരാമൻ നായർക്കും ശേഷം മലയാള തനിമകളെ എഴുതി പ്രതിഫലിപ്പിച്ച കവിയാണ് ഒ എൻ വി. കവിതയായാലും സിനിമ ഗാനമായാലും നാടകഗാനങ്ങൾ ആയാലും എല്ലാം മലയാളികൾ ഏറ്റുപാടി. ഉപ്പ്, ഉജ്ജയിനി, ഭൂമിക്കൊരു ചരമഗീതം, ദാഹിക്കുന്ന പാനപാത്രം എന്നിങ്ങനെ 40ലേറെ കവിതകൾ,  എണ്ണിയാൽ ഒടുങ്ങാത്ത ചലച്ചിത്ര നാടക ഗാനങ്ങൾ. സിനിമ ഗാനങ്ങളിൽ കവിത നിറച്ച വ്യക്തിയായിരുന്നു ഈ കാവ്യ ഗന്ധർവൻ. നമ്മൾ നിത്യവും മൂളി നടക്കുന്ന എത്രയോ പാട്ടുകൾ എത്രയോ കവിതകൾ. 

കവിതയുടെ മൂന്നക്ഷരം, അതാണ് ഒഎൻവി. മഹത്തായ കവിതകളിലൂടെ സാഗരങ്ങളെ പോലും പാടി ഉണർത്തിയ കവി. ആരെയും ഭാവഗായകനാക്കിയ ആ കാവ്യ ഗന്ധർവന്റെ വിയോഗം ഏൽപ്പിച്ച മുറിവ്  മലയാള കവിതയുടെ ആത്മാവിനെ നിത്യ ശൂന്യതയിൽ ഉറക്കുന്നു. ഒരു വാക്കിലോ ഒരു വരിയിലോ ഒതുക്കാവുന്ന ഒന്നായിരുന്നില്ല ഒ എൻ വി എന്ന വട വൃക്ഷം. അത് വാക്കിൽ വിരിഞ്ഞ വസന്തം തന്നെ ആയിരുന്നു. 

ഒ.എൻ.വി. എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്  1931 മെയ് 27നാണ് കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചത്. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വിയുമായി.

ആറു പതിറ്റാണ്ടു നീണ്ട പൊതു ജീവിതത്തിനിടയിൽ 
കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും കേരള കലാമണ്ഡലത്തിന്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2007-ലെ ജ്ഞാനപീഠ പുരസ്കാരം, പത്മശ്രീ , പത്മവിഭൂഷൺ ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്. സിനിമാഗാനങ്ങൾക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്ന അദ്ദേഹം 1989 ൽ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ നിന്ന്  ഇടതുമുന്നണി സ്ഥാനാർഥിയായി  മത്സരിച്ചെങ്കിലും  പരാജയപ്പെടുകയായിരുന്നു. ആദ്യം എറണാകുളം മഹാരാജാസ് കോളേജിലും പിന്നീട് 1958 മുതൽ 25 വർഷം  കേരളത്തിലെ വിവിധ ഗവൺമെന്റ് കോളേജുകളിലും മലയാള വിഭാഗം തലവനായിരുന്നു ഒ എൻ വി  ഒരു മികച്ച ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.

1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആദ്യം ബാലമുരളി എന്ന പേരിൽ പാട്ടെഴുതിയിരുന്ന ഒ.എൻ.വി. ശ്രീ ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങൾ എഴുതിയത്. 
ജ്ഞാനപീഠ പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിൽ വെച്ച്  ഒഎൻവി പറഞ്ഞ വാക്കുകൾ  ഭൂമിയെന്ന ഈ വാടക വീട്  ഞാൻ ഒരിക്കൽ ഒഴിഞ്ഞു പോകുമ്പോൾ  എന്റെ ഏറ്റവും ചൈതന്യവത്തായ ഒരു അംശം ഇവിടെ അവശേഷിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അത് മറ്റൊന്നുമല്ല എന്റെ കവിതയായെന്നായിരുന്നു ആ വാക്കുകൾ. 

പറഞ്ഞ വാക്കുകളെ പൂർണ്ണമായും അർത്ഥവത്താക്കിക്കൊണ്ട് 2016 ഫെബ്രുവരി 13-ന് വൈകീട്ട് തന്റെ എൺപത്തിനാലാം വയസിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.   
അദ്ദേഹത്തിന്റെ സംസ്കാരം നടക്കുമ്പോൾ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്റെ നേതൃത്വത്തിൽ 84 ഗായകർ അദ്ദേഹം ജീവിച്ച 84 വർഷങ്ങളെ പ്രതിനിധീകരിച്ച് അണിനിരന്ന് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ആലപിച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത് ഒഎൻവിയുടെ ആരാധകരിൽ വിവരിക്കാൻ ആവാത്ത വിധമുള്ള വികാരം സൃഷ്ടിച്ച അനുഭവമായിരുന്നു.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

O.N.V. Kurup, the legendary poet and lyricist, passed away 9 years ago. His immortal contributions to Malayalam poetry and music continue to inspire.

#ONVKurup #MalayalamPoetry #PoetOfTheCentury #MusicLegend #Jnanapeedam #MalayalamLiterature

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia