Bravery | വടത്തിൽ തൂങ്ങി പുഴ കടന്ന് 35-ലധികം പേരെ രക്ഷിച്ച ധീരത! തമിഴ് നാട് സർക്കാരിന്റെയും മനം കവർന്ന സബീന

 
nurse ziplines to rescue 35 lives in wayanad landslide

Photo: Arranged

നീലഗിരി: (KVARTHA) വയനാട് മേപ്പാടിയിൽ ഉണ്ടായ ഭീകരമായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അത്ഭുതകരമായ രക്ഷാപ്രവർത്തനം നടത്തിയ നഴ്സ് എ സബീന അതിശയിപ്പിക്കുന്ന ധീരതയുടെയും മനുഷ്യത്വത്തിന്റെയും മികച്ചൊരു ഉദാഹരണമാണ്. തമിഴ്നാട് നീലഗിരി സ്വദേശിനിയായ സബീനയ്ക്ക് കഴിഞ്ഞദിവസം തമിഴ്നാട് സർക്കാർ കൽപ്പന ചൗള പുരസ്കാരം നൽകി ആദരിച്ചത് ഈ ധീരതയ്ക്കാണ്. 

കഴിഞ്ഞ ജൂലൈ 30-ന് വയനാട്ടിലെ മേപ്പാടി, ചൂരൽമല പ്രദേശങ്ങളിൽ സംഭവിച്ചത് 400-ലധികം പേരുടെ ജീവൻ അപഹരിച്ച ഭീകര ദുരന്തമായിരുന്നു. നിരവധി പേർ ഇപ്പോഴും കാണാമറയത്താണ്. ഈ ദുരന്തത്തിനിടയിൽ വടത്തിൽ തൂങ്ങി പുഴ കടന്ന് 35-ലധികം പേരെ രക്ഷിച്ച സബീനയുടെ പ്രവർത്തനമാണ്  എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. തന്റെ ജീവൻ പണയപ്പെടുത്തിയാണ് സബീന ഈ രക്ഷാപ്രവർത്തനം നടത്തിയത്. സബീനയുടെ ഈ ധീരത സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. 

ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയ്കുള്ള പാലം തകര്‍ന്നതോടെയാണ് വടത്തില്‍ തൂങ്ങി മറുകരയിലേക്ക് പോകേണ്ട സാഹചര്യമുണ്ടായത്. സിപ്‌ലൈനിൽ തൂങ്ങി പുഴ കടക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അത്തരമൊരു ദുരന്ത സാഹചര്യത്തിൽ. എന്നാൽ സബീനയ്ക്ക് ഭയമൊന്നും തോന്നിയില്ല. തന്റെ ഉത്തരവാദിത്തം മനസ്സിലാക്കി അവർ അത് ചെയ്തു. ഒരു നഴ്‌സിന്റെ ഹൃദയത്തോടെ, ഒരു മനുഷ്യന്റെ സഹജീവി സ്നേഹത്തോടെ അവർ രോഗികളെ പരിചരിച്ചു. 

nurse ziplines to rescue 35 lives in wayanad landslide

ജൂലൈ 30-ന് രാവിലെ 11 മണിയോടെ വയനാട്ടിൽ നഴ്‌സുമാരുടെ ആവശ്യമുണ്ടെന്ന് സഹപ്രവർത്തകരിൽ നിന്ന് ഫോൺ കോൾ ലഭിച്ചപ്പോൾ സബീന ഉടൻ തന്നെ ദുരന്തമുഖത്തേക്ക് തിരിച്ചു. 'ദുരന്ത മുഖത്ത് കണ്ടത് കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു, എവിടെയും മൃതദേഹങ്ങൾ, ഒലിച്ചുപോയ വീടുകൾ. പക്ഷെ എനിക്കു കഴിയുന്ന സഹായം ചെയ്യണമെന്നുണ്ടായിരുന്നു', സബീന പറയുന്നു.

വടത്തില്‍ തൂങ്ങി കടക്കുന്നതിനിടയിൽ തന്നെ വെള്ളത്തിൽ ഒഴുകിപ്പോകുന്ന മൃതദേഹങ്ങൾ കണ്ടിരുന്നതായി സബീന ഓർക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നീലഗിരിയിൽ നിന്നുള്ള ഈ നഴ്സ് മറുകരയിൽ കുടുങ്ങിയവരെ ചികിത്സിക്കാൻ പുഴയ്ക്ക് കുറുകെ പത്ത് തവണ വടത്തില്‍ തൂങ്ങി പോയിട്ടുണ്ട്. ഭാഷാ, ജാതി, വർഗ, മത വ്യത്യാസങ്ങൾക്കതീതമായി ദുരന്തസമയത്ത് എല്ലാവരും കൈകോർക്കണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സബീന പറഞ്ഞുവെക്കുന്നു.

ഒരു ദുരന്ത സമയത്ത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തന്റെ ജീവൻ പണയപ്പെടുത്തിയ സബീനയെ പോലുള്ള മനുഷ്യത്വത്തിന്റെ മാതൃകകൾ നമ്മുടെ സമൂഹത്തിൽ വളരെ അത്യാവശ്യമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണങ്ങളുണ്ടായി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് കല്‍പന ചൗള പുരസ്‌കാരം നല്‍കി സബീനയെ ആദരിച്ചത്. ഗൂഡല്ലൂരിലെ ശിഹാബ് തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഹ്യൂമാനിറ്റി (എസ്.ടിഎസ്.എച്ച്) ഹെല്‍ത്ത് കെയര്‍ ആതുര സേവന വളണ്ടിയര്‍ വിഭാഗത്തിലെ നഴ്സാണ് അവർ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia