Controversy | നീറ്റ് യുജി മെഡികല്‍ പ്രവേശന പരീക്ഷയുടെ മാര്‍ക് പുനര്‍മൂല്യനിര്‍ണയം നടത്തുമെന്ന് എന്‍ടിഎ; 'ടോപ് സ്‌കോറര്‍മാരില്‍ 6 പേരുടെ മാര്‍കിനെ ബാധിക്കാന്‍ സാധ്യതയുണ്ട്'
ജൂലൈ എട്ടിന് സുപ്രീം കോടതിയുടെ നിര്‍ണായക വാദം കേള്‍ക്കുന്നതിന് മുന്നോടിയായാണ് പരീക്ഷയുടെ മാര്‍ക് പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള എന്‍ടിഎയുടെ തീരുമാനം
1,563 ഉദ്യോഗാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക് നല്‍കാനുള്ള തീരുമാനം റദ്ദാക്കിയതായി എന്‍ടിഎ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു
ന്യൂഡെല്‍ഹി:(KVARTHA) ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് നീറ്റ് യുജി മെഡികല്‍ പ്രവേശന പരീക്ഷയുടെ മാര്‍ക് പുനര്‍മൂല്യനിര്‍ണയം നടത്തുകയാണെന്ന് വ്യക്തമാക്കി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) വൃത്തങ്ങള്‍.
സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് പരീക്ഷയ്ക്കിടെ സമയനഷ്ടം ആരോപിച്ച് നല്‍കിയ 'ഗ്രേസ് മാര്‍ക്' നീക്കം ചെയ്തതോടെ 67 ടോപ് സ്‌കോറര്‍മാരില്‍ ആറ് പേരുടെ മാര്‍കിനെ ബാധിക്കുമെന്നാണ് അറിയുന്നത്. ഒരു ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ പ്രയോഗിക്കുന്ന ഈ മാര്‍കുകള്‍ 60-70 പോയിന്റ് കുറയാന്‍ ഇടയാകും. പ്രത്യേകിച്ചും ഇത് ഹരിയാനയിലെ ജജ്ജാറിലെ ഒരു കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ ബാധിക്കുമെന്നും റിപോര്‍ടില്‍ പറയുന്നു.
ജൂലൈ എട്ടിന് സുപ്രീം കോടതിയുടെ നിര്‍ണായക വാദം കേള്‍ക്കുന്നതിന് മുന്നോടിയായാണ് പരീക്ഷയുടെ മാര്‍ക് പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള എന്‍ടിഎയുടെ തീരുമാനം. 1,563 ഉദ്യോഗാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക് നല്‍കാനുള്ള തീരുമാനം റദ്ദാക്കിയതായി എന്‍ടിഎ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 23 ന് റീടെസ്റ്റ് വാഗ്ദാനവും ചെയ്തു.
പരീക്ഷയിലെ പൊരുത്തക്കേടിന്റെ പേരില്‍ എന്‍ടിഎ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ആറ് കേന്ദ്രങ്ങളില്‍, പരീക്ഷാ പേപറുകള്‍ തെറ്റായി വിതരണം ചെയ്തതിനാലാണ് നഷ്ടപ്പെട്ട സമയത്തിന് നഷ്ടപരിഹാരമായി ഗ്രേസ് മാര്‍ക് നല്‍കാന്‍ ഏജന്‍സിയെ പ്രേരിപ്പിച്ചത്.
പേപര്‍ ചോര്‍ച ആരോപണങ്ങള്‍ നേരിടുന്ന മറ്റ് കേന്ദ്രങ്ങളില്‍, മിക്ക വിദ്യാര്‍ഥികളും 500 ല്‍ താഴെയാണ് സ്‌കോര്‍ ചെയ്തതെന്ന് ഏജന്‍സി വെളിപ്പെടുത്തുന്നു. ഇത് മെഡികല്‍ സീറ്റ് ഉറപ്പാക്കാന്‍ പര്യാപ്തമല്ല. സാധാരണഗതിയില്‍, ഒരു സര്‍കാര്‍ മെഡികല്‍ കോളജില്‍ സീറ്റ് നേടാന്‍ 650-ഓ അതിലധികമോ സ്‌കോര്‍ ആവശ്യമാണ്. മികച്ച കോളജുകള്‍ക്ക് 690-ല്‍ കൂടുതല്‍ സ്‌കോര്‍ ആവശ്യമാണ്.
അറസ്റ്റിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്ന ബീഹാറിലും ഗുജറാത്തിലെ ഗോധ്രയിലും സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങളിലെ ചോര്‍ചയില്‍ നിന്ന് ഈ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു.
ജൂലൈ ആറിന് ആരംഭിക്കാനിരിക്കുന്ന നീറ്റ് കൗണ്‍സിലിംഗ് നടപടികള്‍ നിര്‍ത്തിവെക്കാനും ആരോപണങ്ങളില്‍ ഉടന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനും ബുധനാഴ്ച സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളും അകാദമിക് വിദഗ്ധരും നല്‍കിയ ഹര്‍ജികളില്‍ പ്രതികരണം ആവശ്യപ്പെട്ട് കേന്ദ്രത്തിനും എന്‍ടിഎയ്ക്കും കോടതി നോടീസ് അയച്ചു.