Mini Vande Bharat | വാരാണസിക്കും ഹൗറയ്ക്കും ഇടയില്‍ പുതിയ മിനി വന്ദേഭാരത് സര്‍വീസ് ആരംഭിച്ചു; 6 മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താം


കിഴക്കന്‍ സംസ്ഥാനങ്ങളും വടക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള ട്രെയിന്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് പുതിയ മിനി വന്ദേഭാരത്
പുതിയ മിനി വന്ദേഭാരത് കൂടെ വരുന്നതോടെ രാജ്യത്തെ പ്രധാന വന്ദേഭാരത് ഹബ്ബായി മാറുകയാണ് വാരണാസി.
ന്യൂഡെല്‍ഹി: (KVARTHA) ഉത്തര്‍പ്രദേശിലെ വാരാണസിക്കും പശ്ചിമബംഗാളിലെ ഹൗറയ്ക്കും ഇടയില്‍ പുതിയ മിനി വന്ദേഭാരത് സര്‍വീസ് ആരംഭിച്ചു. വാരാണസി ജന്‍ക്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മിനി വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഹൗറയിലേക്ക് പുറപ്പെടുക. ചെയര്‍ കാറുകളും സ്ലീപറുകളും അടക്കം എട്ട് കോചുകളാണ് മിനി വന്ദേഭാരത് എക്സ്പ്രസിലുള്ളത്. പ്രധാന നഗരങ്ങള്‍ തമ്മിലുള്ള റെയില്‍ ബന്ധം വര്‍ധിക്കുന്നത് ടൂറിസം മേഖലയുടെ വികസനത്തിനും സാമ്പദ് ഘടനയുടെ വളര്‍ചയ്ക്കും സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
മണിക്കൂറില്‍ 130 മുതല്‍ 160 വരെ കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന ഈ ട്രെയിനില്‍ ആറു മണിക്കൂര്‍ കൊണ്ട് ഇനി ലക്ഷ്യസ്ഥാനത്തെത്താം. വാരാണസിയില്‍ നിന്നും രാജ്യത്തെ മറ്റ് നഗരത്തിലേക്കുള്ള അഞ്ചാമത്തെ വന്ദേഭാരത് എക്സ് പ്രസാണിത്. ന്യൂഡെല്‍ഹിയിലേക്ക് രണ്ടും പട്നയിലേക്കും റാഞ്ചിയിലേക്കും ഓരോന്ന് വീതവും വന്ദേഭാരത് എക്സ് പ്രസുകള്‍ വാരാണസിയില്‍ നിന്ന് നേരത്തെ തന്നെ പുറപ്പെടുന്നുണ്ട്.
കിഴക്കന്‍ സംസ്ഥാനങ്ങളും വടക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള ട്രെയിന്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് പുതിയ മിനി വന്ദേഭാരത്. ഇതിലൂടെ ബംഗാളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ക്ക് കുറഞ്ഞ സമയത്തില്‍ വാരാണസിയിലെത്താന്‍ സാധിക്കും. വാരാണസിയില്‍ നിന്ന് നിലവിലുള്ള ഡെല്‍ഹി, പട് ന, റാഞ്ചി സര്‍വീസുകള്‍ ഏറെ ജനപ്രിയമാണ്. പുതിയ മിനി വന്ദേഭാരത് കൂടെ വരുന്നതോടെ രാജ്യത്തെ പ്രധാന വന്ദേഭാരത് ഹബ്ബായി മാറുകയാണ് വാരണാസി.
മിനി വന്ദേഭാരത് സര്‍വീസുകള്‍ കൂടി ഹിറ്റായതോടെ രാജ്യത്തെ വന്ദേഭാരത് നെറ്റ് വര്‍കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബംഗ്ലൂരിനും ഡെറാഡൂണിനും ഇടയിലാണ് ആദ്യത്തെ മിനി വന്ദേഭാരത് എക്സ് പ്രസ് സര്‍വീസ് ആരംഭിച്ചത്.
ചെന്നൈയിലെ കോച് ഫാക്ടറിയിലാണ് മിനി വന്ദേഭാരത് കോചുകള്‍ നിര്‍മിക്കുന്നത്. വന്ദേഭാരത് ട്രെയിനുകളില്‍ 16 കോചുകളാണെങ്കില്‍ മിനി വന്ദേഭാരത് ട്രെയിനില്‍ എട്ട് കോചുകളാണുള്ളത്.