HC Verdict | 'ബലാത്സംഗം ചെയ്യുമ്പോള്‍ ഇര പ്രതിരോധിച്ചില്ലെങ്കില്‍ അതിനര്‍ഥം ലൈംഗിക ബന്ധത്തിന് സമ്മതിച്ചുവെന്നല്ല'; ശ്രദ്ധേയമായ വിധിയുമായി ഹൈകോടതി

 


പട്‌ന: (www.kvartha.com) ബലാത്സംഗത്തിനിരയായ സ്ത്രീ ആ സമയത്ത് പ്രതിരോധിച്ചില്ലെങ്കിലോ ശരീരത്തില്‍ മുറിവുകളുടെ പാടുകള്‍ ഇല്ലെങ്കിലോ, അവള്‍ ലൈംഗികബന്ധത്തിന് സമ്മതിച്ചുവെന്ന് അര്‍ഥമാക്കുന്നില്ലെന്ന് പട്‌ന ഹൈകോടതി. 2015ലെ ഒരു കേസ് പരിഗണിക്കവെ, വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയുടെ  അപീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ എം ബദര്‍ ശ്രദ്ധേയമായ ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
         
HC Verdict | 'ബലാത്സംഗം ചെയ്യുമ്പോള്‍ ഇര പ്രതിരോധിച്ചില്ലെങ്കില്‍ അതിനര്‍ഥം ലൈംഗിക ബന്ധത്തിന്  സമ്മതിച്ചുവെന്നല്ല'; ശ്രദ്ധേയമായ വിധിയുമായി ഹൈകോടതി

വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി ഹാജരാക്കിയ ഇരയുടെ മൊഴിയില്‍ പിഴവില്ലെന്ന് കോടതി കണ്ടെത്തി. കേസ് റിപോര്‍ടില്‍ പറയുന്നതിങ്ങനെ: 'ജാമുയി ജില്ലയില്‍ താമസിക്കുന്ന, പ്രതിയുടെ ഇഷ്ടിക ചൂളയിലെ തൊഴിലാളിയായിരുന്ന ഇര. 2015 ഏപ്രില്‍ ഒമ്പതിന് ഇവര്‍ ഉടമയില്‍ നിന്ന് കൂലി ആവശ്യപ്പെട്ടിരുന്നു. അതേ ദിവസം രാത്രിയില്‍ യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പ്രതി യുവതിയെ വീട്ടിലെത്തി ബലാത്സംഗം ചെയ്തു'. ഇതുസംബന്ധിച്ച് പിറ്റേന്ന് രാവിലെ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 

ഉപജീവനത്തിനായി ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താണെന്നും മകന് നാല് വയസ് മാത്രമേയുള്ളൂവെന്നും ഇര ചോദ്യം ചെയ്യലില്‍ പറഞ്ഞതായി ഹൈകോടതി നിരീക്ഷിച്ചു. 'അത്തരമൊരു സാഹചര്യത്തില്‍ അവര്‍ക്ക്  എതിര്‍ക്കാന്‍ കഴിയില്ലെന്ന്' കോടതി പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ  മൊഴി വിശ്വസനീയവും സത്യവുമാണെന്ന് കണ്ടെത്തിയാല്‍, സംഭവസമയത്ത് ഇര ശാരീരികമായി എതിര്‍ത്തില്ലെന്ന കാരണത്താല്‍ ബലാത്സംഗത്തെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായി കണക്കാക്കാനാവില്ലെന്ന് ജഡ്ജ് വ്യക്തമാക്കി.

 ഐപിസിയുടെ 376, 452 വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, ക്രിമിനല്‍ അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ച വിചാരണ കോടതിയുടെ വിധി ഹൈകോടതി ശരിവച്ചു. എന്നിരുന്നാലും, മുറിവേല്‍പ്പിക്കല്‍ (സെക്ഷന്‍ 323 ഐപിസി), ഭീഷണിപ്പെടുത്തല്‍ (സെക്ഷന്‍ 506 ഐപിസി), എസ്‌സി, എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള കുറ്റങ്ങളില്‍ നിന്ന് പ്രതിയെ വെറുതെവിട്ടു.

Keywords:  National, Patna, Bihar, News, Top-Headlines, High Court, Assault, Law, Not resisting assault doesn't mean act was consensual: HC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia