Parliament | പാര്‍ലമെന്റില്‍ സഭാധ്യക്ഷനെ സംബോധന ചെയ്യുമ്പോള്‍ ഇനി 'സര്‍' വിളിയില്ല; പിന്നില്‍ ശിവസേന എം പിയുടെ ഇടപെടല്‍
Sep 21, 2022, 18:44 IST
ന്യൂഡെല്‍ഹി: (www.kvartha.com) പാര്‍ലമെന്റില്‍ സഭാധ്യക്ഷനെ സംബോധന ചെയ്യുമ്പോള്‍ ഇനി 'സര്‍' വിളിയില്ല. ഇതോടെ പാര്‍ലമെന്ററി ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലെ അധ്യക്ഷ സംബോധന ഇനി ലിംഗനിഷ്പക്ഷമാവും. സഭാധ്യക്ഷനെ സംബോധന ചെയ്യുമ്പോള്‍ 'സര്‍' എന്ന പദം ഉപയോഗിക്കുന്ന പതിവാണ് നിലവിലുള്ളത്.
ശിവസേന എം പി പ്രിയങ്ക ചതുര്‍വേദി പാര്‍ലമെന്ററി കാര്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായി സഭയിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഉള്‍പെടെ എല്ലാ നടപടിക്രമങ്ങളിലും ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാലിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് രാജ്യസഭാ സെക്രടറിയേറ്റ് അറിയിച്ചതായി പ്രിയങ്ക ചതുര്‍വേദി ട്വിറ്ററിലൂടെ അറിയിച്ചു.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പ്രിയങ്ക ഇതുസംബന്ധിച്ച് പാര്‍ലമെന്ററി കാര്യമന്ത്രിയ്ക്ക് കത്തയച്ചത്. പാര്‍ലമെന്റിലെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമ്പോള്‍ 'സര്‍' എന്നാണുപയോഗിക്കുന്നതെന്നും ജനാധിപത്യത്തിന്റെ മുഖ്യകേന്ദ്രമായ പാര്‍ലമെന്റിനുള്ളില്‍ തന്നെ ലിംഗവിവേചനം സുസ്ഥാപിതമായി തുടരുന്നത് വനിതാ അംഗമെന്ന നിലയില്‍ ഏറെ വിഷമമുണ്ടാക്കുന്നതായും എം പി കത്തില്‍ സൂചിപ്പിച്ചു.
താനയച്ച കത്തും രാജ്യസഭാ സെക്രടറിയേറ്റില്‍ നിന്ന് ലഭിച്ച മറുപടിക്കത്തും പ്രിയങ്ക ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. സഭയിലെ എല്ലാ നടപടികളിലും അധ്യക്ഷനെയാണ് സംബോധന ചെയ്യുന്നതെന്നും എങ്കിലും രാജ്യസഭയുടെ അടുത്ത സമ്മേളനം മുതല്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടികളുള്‍പെടെ എല്ലാ നടപടികളും ലിംഗനിഷ്പക്ഷമാക്കാന്‍ എല്ലാ മന്ത്രാലയങ്ങളേയും അറിയിക്കുമെന്നും രാജ്യസഭാ സെക്രടറിയേറ്റില്‍ നിന്നുള്ള കത്തില്‍ പറയുന്നു.
തുല്യതയില്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്‍ഡ്യന്‍ ഭരണഘടനയെന്നും ഇതൊരു ചെറിയ മാറ്റമാണെന്ന് തോന്നുമെങ്കിലും പാര്‍ലമെന്ററി കാര്യങ്ങളില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതില്‍ ഈയൊരു ചെറിയ മാറ്റം വഴിയൊരുക്കുമെന്നും പ്രിയങ്ക കത്തില്‍ പറഞ്ഞിരുന്നു.
Keywords: 'No, Sir' No Longer: Parliament Makes Rule Change After Sena MP's Letter, New Delhi, News, Politics, Parliament, Shiv Sena, Letter, Secretariat, National.Small step, big difference. Thank the Rajya Sabha Secretariat for correcting the anomaly in parliament question responses from ministries to women MPs. Henceforth the replies will be gender neutral from the ministries. pic.twitter.com/1m0hxBGmvn
— Priyanka Chaturvedi🇮🇳 (@priyankac19) September 21, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.