Broadcasting Bill | പുതിയ ബ്രോഡ് കാസ്റ്റിംഗ് ബില്ലിനെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എതിര്‍ക്കുന്നത് എന്തിന്?
ദക്ഷ മനു
ന്യൂഡെല്‍ഹി: (KVARTHA) രാഷ്ട്രീയം, ഭരണം, സാമൂഹ്യവിഷയങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങി സമസ്തമേഖലകളെ കുറിച്ചും അഭിപ്രായം പറയുന്ന യൂട്യൂബര്‍മാരും ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളും വിവര പ്രക്ഷേപണ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും അവരുടെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയും വേണം. 2024-ലെ നിര്‍ദിഷ്ട ബ്രോഡ് കാസ്റ്റിംഗ് റെഗുലേഷന്‍ ബില്ലിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഇത്തരത്തിലുള്ള പലതരം നൂലാമാലകളാണുള്ളത്.
ബ്രോഡ് കാസ്റ്റിംഗ് നിയമത്തിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ ഡിജിറ്റല്‍ ഉള്ളടക്കം സൃഷ്ടിക്കുന്നവരുടെ വായ് മൂടിക്കെട്ടാന്‍ 'ലൈസന്‍സ് രാജ്' അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന് തങ്ങള്‍ ഒരു ഭീഷണിയാണെന്ന നിലയിലാണ് അധികാരികള്‍ കാണുന്നതെന്ന് ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ മുഖ്യധാരാ മാധ്യമങ്ങളെ തങ്ങളുടെ വരുതിയിലാക്കി.
പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളേയും ബിജെപിക്ക് വേണ്ടപ്പെട്ട വ്യവസായികള്‍ വാങ്ങിക്കഴിഞ്ഞു. അതുകൊണ്ട് നിലവില്‍ ഭീഷണിയായിരിക്കുന്ന ധ്രൂവ് റാഠിയെ പോലുള്ള യൂട്യൂബര്‍മാരെയും ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളെയും വേട്ടയാടാന്‍ തീരുമാനിച്ചിരിക്കുന്നു.
കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റിലെ ഉള്ളടക്കം തങ്ങളുടെ പ്രതീക്ഷകളെ അട്ടിമറിച്ചെന്ന് സര്‍ക്കാരിന് അറിയാം എന്ന് 70 ലക്ഷത്തിനടുത്ത് വരിക്കാരുള്ള യൂട്യൂബ് ചാനല്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിസര്‍ ശര്‍മ്മ പറഞ്ഞു. ബ്രോഡ് കാസ്റ്റിംഗ് ബില്ലിനെ മാത്രം അടിസ്ഥാനമാക്കിയല്ല ശര്‍മ്മ ഇക്കാര്യങ്ങള്‍ പറയുന്നത്. ബില്ലിലെ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നതിന് മുമ്പുതന്നെ, സോഷ്യല്‍ മീഡിയയില്‍ സ്വാധീനശക്തിയുള്ളവരുടെ ഉള്ളടക്കത്തെ ഭരണനേതൃത്വം ഭയപ്പെട്ടിരുന്നുവെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് നിലവിലുള്ള ഭരണകൂട ഭീകരതയാല്‍ നിശബ്ദരായി കഴിയുന്ന വോട്ടര്‍മാരെ സ്വാധീനിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.
ബ്രോഡ് കാസ്റ്റിംഗ് ബില്ലിന്റെ സ്വാധീനം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങില്ലെന്ന് ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള രാഷ്ട്രീയ വിമര്‍ശകയായ ഡോ. മെഡൂസ (യഥാര്‍ത്ഥ പേരല്ല) ഭയത്തോടെ പറയുന്നു: 'എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയാല്‍ ആര്‍ക്കും എന്നെ തേടി വരാം,' ബില്‍ തന്റെ സ്വകാര്യതയെയും സുരക്ഷയെയും ഹനിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.
രജിസ്റ്റര്‍ ചെയ്യുന്നതിന് പേരും വിലാസവും ഫോണ്‍ നമ്പറും നല്‍കേണ്ടിവരും. തുടര്‍ന്ന് ഓണ്‍ലൈനില്‍ ബലാത്സംഗ ഭീഷണികളാകും ഉണ്ടാവുക- എന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഇന്റര്‍നെറ്റിന്റെ ജനാധിപത്യ ഇടം ഏകീകരിക്കുക' എന്ന ലക്ഷ്യത്തോടെയാണ് ബില്ലെന്നും ഡോ മെഡൂസ പറഞ്ഞു. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഉള്ളടക്കം സൃഷ്ടിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ക്ക് കഴിയും.
ഒരു ഫോണ്‍ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യാം, സ്വന്തമായി വീഡിയോകള്‍ എഡിറ്റ് ചെയ്യാം. വീടിന്റെ മുറിയുടെ ഭിത്തികളില്‍ ഒന്ന് പച്ച നിറത്തില്‍ ചായം പൂശിയതാണ്, അത് ഗ്രീന്‍ സ്‌ക്രീനായി ഉപയോഗിക്കുന്നു. വളരെ ലളിതമായ കാര്യമാണ്. വാര്‍ത്താ ചാനലുകള്‍ ദിവസവും പ്രൈം ടൈമില്‍ പ്രചരിപ്പിക്കുന്ന മാലിന്യത്തിന് ബദല്‍ സൃഷ്ടിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. അത് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.
ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാനല്ല സര്‍ക്കാര്‍ ബില്ല് കൊണ്ടുവരുന്നത്, പകരം മേല്‍നോട്ടം വഹിക്കുന്നതിനാണ്. ഏത് തരം ഉള്ളടക്കമാണ് അവര്‍ നിയന്ത്രിക്കുന്നത് എന്നതല്ല, എന്തിനെയാണ് അവര്‍ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് ഭയക്കേണ്ടതെന്ന് ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയായ വിമോ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയവും ശാസ്ത്ര അവബോധവും സൃഷ്ടിക്കുന്ന വിമോയ്ക്ക് മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഉള്ളടക്കം സൃഷ്ടിക്കുന്നവരെ എതിര്‍ക്കുന്നില്ല എന്നത് വ്യക്തമാണ്. അവരുടെ സ്വാധീനം ശക്തിപ്പെടുത്താന്‍ അവരതിനെ ഉപയോഗിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ്, 23 ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് പ്രഥമ ദേശീയ ക്രിയേറ്റേഴ്‌സ് അവാര്‍ഡ് പ്രധാനമന്ത്രി സമ്മാനിച്ചു. ഭരണകക്ഷിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടില്‍ പ്രവര്‍ത്തിക്കുന്ന ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത് എന്നത് ശ്രദ്ധേയമാണ്.
കരട് ബില്ലിന്റെ ഔദ്യോഗിക പതിപ്പ് ഇപ്പോഴും പൊതുമണ്ഡലത്തിലില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിശദാംശങ്ങളുടെ ചോര്‍ച്ച തടയുന്നതിന് വാട്ടര്‍മാര്‍ക്ക് ചെയ്ത കോപ്പി കുറച്ച് ഓണ്‍ലൈന്‍ ഉള്ളടക്ക സൃഷ്ടികള്‍ക്ക് നല്‍കി. അതെല്ലാം സര്‍ക്കാരിന് വേണ്ടപ്പെട്ടവരാണ്. വിമര്‍ശകര്‍ക്ക് കൈമാറിയിട്ടില്ല. ഈ രഹസ്യാത്മകത ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്ന് ഇന്‍സ്റ്റാഗ്രാമില്‍ 1.5 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ബല്‍റാം വിശ്വകര്‍മ പറഞ്ഞു.
'അന്ധേരി വെസ്റ്റ് ഷിറ്റ് പോസ്റ്റിംഗ്' എന്ന തന്റെ അക്കൗണ്ടിന്റെ പേര് തന്നെ മാറ്റേണ്ടിവരുമെന്ന് വിശ്വകര്‍മ ഭയപ്പെടുന്നു. മുംബൈയിലെ നാഗരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി നര്‍മ്മ വീഡിയോകളാണ് അദ്ദേഹം പോസ്റ്റ് ചെയ്യുന്നത്. 'ഷിറ്റ്' എന്ന വാക്കില്‍ അവര്‍ക്ക് പ്രശ്‌നമുണ്ടാകുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പലപ്പോഴും റീലുകള്‍ ഉണ്ടാക്കാറുണ്ട്.
യാത്രക്കാരിലൊരാള്‍ തന്റെ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഒരു വാക്ക് ഉപയോഗിച്ചാല്‍, അതിന് ഞാന്‍ ശിക്ഷിക്കപ്പെടണോ? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മുംബൈയിലെ ഒരു ചേരിയിലാണ് താന്‍ വളര്‍ന്നതെന്നും പൗര പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിശ്വകര്‍മ പറഞ്ഞു.
കോളേജില്‍ പോയതിനുശേഷമാണ് ഈ പ്രശ്‌നങ്ങള്‍ക്ക് സാമൂഹിക നീതി ലഭിക്കണമെന്ന് പഠിച്ചത്, ജീവിതാനുഭവങ്ങള്‍ തുറന്നുകാട്ടാന്‍ ഇന്റര്‍നെറ്റ് എനിക്ക് അവസരം നല്‍കി. അതുകൊണ്ട് നിര്‍ദ്ദിഷ്ട ബില്‍ തട്ടിയെടുക്കാന്‍ ആഗ്രഹിക്കുന്നത് ഇന്റര്‍നെറ്റിന്റെ അടിസ്ഥാന തത്വശാസ്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.