Assurance | 'ഇന്ത്യയുടെ വികാരങ്ങൾക്കൊപ്പം മാത്രം', ഐസി 814 വിവാദങ്ങൾക്കിടെ കേന്ദ്രസർക്കാരിന് നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഉറപ്പ്
1999-ലെ ഇന്ത്യൻ വിമാനം റാഞ്ചിയ സംഭവത്തെ ആസ്പദമാക്കിയുള്ള സീരീസ്.
ന്യൂഡൽഹി: (KVARTHA) രാജ്യത്തെ നടുക്കിയ കാണ്ഡഹാർ വിമാനറാഞ്ചൽ പ്രമേയമാക്കിയ നെറ്റ്ഫ്ലിക്സ് വെബ് സീരീസ് 'ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്' വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിനിടെ നെറ്ഫ്ലിക്സ് ഇന്ത്യ, ഭാവിയിൽ തങ്ങളുടെ ഉള്ളടക്കം ഇന്ത്യൻ ജനതയുടെ വികാരങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്ന് കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ.
1999-ൽ പാകിസ്താനിൽ നിന്നുള്ള ഭീകര സംഘടന ഇന്ത്യൻ വിമാനം തട്ടികൊണ്ടുപോയ സംഭവത്തെ ആസ്പദമാക്കിയുള്ള ഈ സീരീസ് ഓഗസ്റ്റ് 29 ന് പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ വിവാദങ്ങൾക്ക് ഇടയാക്കി. പ്രത്യേകിച്ച്, ആറ് എപ്പിസോഡുകളുള്ള സീരീസിൽ, വിമാനം റാഞ്ചുന്ന ഭീകരവാദികളിൽ രണ്ടുപേർക്ക് 'ഭോല' എന്നും 'ശങ്കർ' എന്നും പേർ നൽകിയതാണ് ചർച്ചയായത്. ഇത് തെറ്റാണെന്നും, യഥാർത്ഥ സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും, ഇത് ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും പലരും പറയുന്നു.
പരമ്പര സോഷ്യൽ മീഡിയയിലും വാക്പോരിന് തിരികൊളുത്തി. പാകിസ്ഥാനി ഭീകരവാദികളുടെ കുറ്റകൃത്യങ്ങൾ മറയ്ക്കാനുള്ള അജണ്ടയാണിതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. #BoycottNetflix, #BoycottBollywood എന്നീ ഹാഷ്ടാഗുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡായി.
എന്നിരുന്നാലും, 1999 ലെ സംഭവത്തിന് പിന്നാലെ 2000 ജനുവരി ആറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന ഇതിന്റെ യാഥാർഥ്യം വ്യക്തമാക്കി. കറാച്ചി സ്വദേശികളായ ഷാഹിദ് അക്തർ സെയ്‌ദ്, സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂർ ഇബ്രാഹീം എന്നിവരും ഇബ്രാഹിം അതർ, ശാക്കിർ എന്നിവരുമായിരുന്നു കേസിലെ പ്രതികൾ. വിമാനത്തിനുള്ളിൽ അവർ ചീഫ്, ഡോക്ടർ, ബർഗർ, ഭോല, ശങ്കർ എന്നിങ്ങനെ പേരുകൾ പരസ്പരം വിളിച്ചിരുന്നു.
#NetflixIndia #NationalSentiments #Content #Controversy #Ice814 #KandaharHijack #IndiaNews #Bollywood #Streaming