SC Order | നീറ്റ് കൗൺസിലിംഗ് നിർത്തിവയ്ക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഹൈകോടതികളിലെ എല്ലാ കേസുകൾക്കും സ്റ്റേ; എൻടിഎയ്ക്കും കേന്ദ്രത്തിനും നോട്ടീസ്


ന്യൂഡെൽഹി: (KVARTHA) മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് നടത്തിപ്പിലെ ക്രമക്കേടുകളും പരീക്ഷ ചോർച്ചയുമടക്കം ചൂണ്ടിക്കാട്ടിയുള്ള ഹൈകോടതികളിലെ എല്ലാ ഹര്‍ജികളിലും തുടര്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. നീറ്റ് കേസുകൾ എല്ലാം സുപ്രീം കോടതിയിൽ കേൾക്കണമെന്നുള്ള എൻടിഎയുടെ ഹർജിയിൽ ബന്ധപ്പെട്ടവര്‍ക്ക് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു.
കൂടാതെ, നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും ക്രമക്കേടുകളിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി കേന്ദ്രത്തിനും എൻടിഎയ്ക്കും നോട്ടീസ് അയച്ചു. കേസിൽ അടുത്ത വാദം കേൾക്കുന്ന ജൂലൈ എട്ടിനകം മറുപടി നൽകണമെന്ന് ബെഞ്ച് നിർദേശിച്ചു.
14 ഹർജികളാണ് വാദം കേൾക്കുന്നതിനിടെ വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിച്ചത്. ഇതിൽ 10 ഹർജികൾ 49 വിദ്യാർത്ഥികളും സ്റ്റുഡൻ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (SFI) സമർപ്പിച്ചതാണ്. ബാക്കി നാലെണ്ണം എൻടിഎയുടേതാണ്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ഹൈകോടതികളിൽ കെട്ടിക്കിടക്കുന്ന എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റാൻ നിർദേശം നൽകണമെന്നാണ് എൻടിഎ ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം നിലവിൽ നടക്കുന്ന കൗൺസിലിംഗ് പ്രക്രിയ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. അതായത്, ജൂലൈ ആറ് മുതൽ കൗൺസിലിംഗ് ആരംഭിക്കുമെന്നാണ് സൂചന. മെയ് അഞ്ചിന് 4,750 കേന്ദ്രങ്ങളിലായി നടന്ന പ്രവേശന പരീക്ഷയിൽ 24 ലക്ഷത്തോളം പേർ പങ്കെടുത്തു. ജൂൺ നാലിന് ഫലപ്രഖ്യാപനം വന്നതുമുതൽ, പേപ്പർ ചോർച്ച, റാങ്കുകളുടെ എണ്ണം, ഗ്രേസ് മാർക്ക് അനുവദിക്കുന്നതിലെ അപാകതകൾ, മറ്റ് ക്രമക്കേടുകൾ എന്നിവയിൽ എൻടിഎ കടുത്ത വിമർശനത്തിന് വിധേയമായിരുന്നു.