Viral Video | ഫോണ്‍നമ്പര്‍ തരുമോ എന്ന് നീരജ് ചോപ്രയോട് യൂറോപ്യന്‍ ആരാധിക; താരത്തിന്റെ മറുപടി വൈറല്‍
● ഫോണ്‍നമ്പര്‍ വേണമെന്ന ആവശ്യം സ്നേഹപൂര്‍വം നിരസിച്ച് താരം
● മുന്‍പ് നമ്പര്‍ നല്‍കിയപ്പോള്‍ നല്ല അനുഭവങ്ങളല്ല ഉണ്ടായതെന്നും തുറന്നുപറച്ചില്‍
ന്യൂഡെല്‍ഹി: (KVARTHA) ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവനും ആരാധകരുണ്ട്. ജാവലിന്‍ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ നീരജ് ചോപ്രയോട് ഏതൊരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തുമ്പോഴും ആരാധകര്‍ ഓട്ടോഗ്രാഫ് ചോദിക്കുന്നതും ഒരുമിച്ച് ഫോട്ടോ എടുക്കുന്നതുമെല്ലാം പതിവാണ്.
അത്തരത്തില്‍ ഒരു യൂറോപ്യന്‍ ആരാധിക താരത്തോട് ഫോണ്‍ നമ്പര്‍ ചോദിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എക്സില്‍ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ പത്തുലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു. ഓട്ടോഗ്രാഫിനായി സമീപിച്ച രണ്ട് ആരാധികമാരില്‍ ഒരാളാണ് നീരജിനോട് ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടത്.
European girls are crazy for Neeraj Chopra 🔥 pic.twitter.com/OI40C8Rmc5
— Johns (@JohnyBravo183) September 16, 2024
ആള്‍ക്കൂട്ടത്തിനടുത്തെത്തിയ നീരജ്, അവര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചിലര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. മടങ്ങിപ്പോകുന്നതിനിടെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത ആരാധികമാരില്‍ ഒരാള്‍ ഫോണ്‍ നമ്പര്‍ തരുമോ എന്ന് താരത്തോട് ചോദിച്ചു. ആ ആവശ്യം സ്നേഹപൂര്‍വം നിരസിച്ച നീരജ് മുന്‍പ് നമ്പര്‍ നല്‍കിയപ്പോള്‍ നല്ല അനുഭവങ്ങളല്ല ഉണ്ടായതെന്ന് പറയുകയും ചെയ്തു. ഇതോടെ ആരാധികയില്‍ ചെറിയ നിരാശ പ്രകടമാകുന്നത് ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ സംഭവം എവിടെവെച്ചാണെന്നുള്ളതില്‍ വ്യക്തതയില്ല. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ഡയമണ്ട് ലീഗിനിടെയാണെന്നാണ് ചിലരുടെ വാദം. ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ 87.86 മീറ്റര്‍ എറിഞ്ഞ്, ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ രണ്ടാംസ്ഥാനത്തായിരുന്നു നീരജ്. ഫൈനലില്‍ കൈക്കേറ്റ പരുക്കുമായാണ് താരം കളിച്ചിരുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
#NeerajChopra #javelinthrow #diamondleague #viral #faninteraction #sports #india