Postal Worker's Day | ജൂലൈ ഒന്ന്: തപാൽ തൊഴിലാളികൾക്കായി ഒരു ദിനം


ന്യൂഡെൽഹി: (KVARTHA) ജൂലൈ ഒന്ന് ദേശീയ തപാൽ തൊഴിലാളി ദിനമായി ആചരിക്കുന്നു. ഒരു കാലത്തു പരസ്പര ആശയ വിനിമയം നടത്താൻ ആശ്രയിച്ചിരുന്ന ഏക മാർഗമാണ് തപാലുകൾ. സാങ്കേതിക വിദ്യകൾ വികസിച്ചിട്ടും തപാൽ മാർഗത്തിന്റെ ആവശ്യകതയേയും തപാൽ തൊഴിലാളികളുടെ പ്രാധാന്യത്തെയും കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനാണ് ഈ ദിനം ആചരിച്ചു വരുന്നത്.
ഇന്ത്യയിൽ തപാൽ സേവനങ്ങൾ 1854 ഒക്ടോബർ ഒന്നിനാണ് ആരംഭിച്ചത്. തടസങ്ങളില്ലാത്ത ആശയവിനിമയം നടത്താൻ തപാൽ തൊഴിലാളികൾ വഹിച്ച പങ്ക് ചെറുതല്ല. അവരുടെ അർപ്പണ ബോധത്തെ ആദരിക്കാൻ കൂടിയാണ് ഈ ദിനം വർഷാവർഷം കൊണ്ടാടുന്നത്.
ഏത് കാലാവസ്ഥയിലും സന്ദർഭങ്ങളിലും തപാൽ സേവനം ഉറപ്പ് വരുത്തുന്നതിന് തപാൽ സേവന രംഗത്തു പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് നന്ദി അറിയിക്കാൻ കൂടിയാണ് ഈ ദിനം. സാങ്കേതിക വിദ്യകൾ എത്രമേൽ ഉയർന്നാലും തപാൽ സേവനത്തിന്റെ ആവശ്യകത ഇന്നും നമുക്ക് ഒഴിവാക്കാൻ പറ്റാത്തതാണ്. തപാൽ വഴിയുള്ള ആശയവിനിമയം അനിവാര്യമാണ് അന്നും ഇന്നും.
ചരിത്രം
1997 ൽ സിയാറ്റിൽ പ്രദേശത്തെ ഒരു തപാൽ വിതരണക്കാരൻ സഹപ്രവർത്തകരെ ആദരിക്കുന്നതിനായി ആരംഭിച്ച പ്രാദേശിക പരിപാടിയായാണ് ദേശീയ തപാൽ വകുപ്പ് ദിനത്തിലേക്ക് കൊണ്ടെത്തിച്ചത് . ഈ ആശയം അമേരിക്കയിൽ ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുകയും, പിന്നീട് ലോകമെമ്പാടും ഈ ദിനം ആചരിക്കുകയും ചെയ്യുന്നു.ഏത് പ്രതിസന്ധികളിലും തപാലുകൾ വിതരണം ചെയ്തിരുന്ന തപാൽ തൊഴിലാളികളുടെ പ്രവർത്തനത്തെ അംഗീകരിക്കാനായാണ് തപാൽ തൊഴിലാളി ദിനം നിലവിൽ വന്നത്