Order | തൊഴിലിടങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; സ്ഥാപനങ്ങൾക്ക് നിർദേശങ്ങളുമായി ദേശീയ മെഡിക്കൽ കമ്മീഷൻ
സമീപകാലത്തായി മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നടപടി
ന്യൂഡൽഹി: (KVARTHA) എല്ലാ മെഡിക്കൽ കോളേജുകളിലും സ്ഥാപനങ്ങളിലും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ നിർദേശം നൽകി ദേശീയ മെഡിക്കൽ കമ്മീഷൻ. സമീപകാലത്തായി മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നടപടി.
ഫാക്കൽറ്റി, മെഡിക്കൽ വിദ്യാർത്ഥികൾ, റെസിഡന്റ് ഡോക്ടർമാർ തുടങ്ങി എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും കോളേജ് കാമ്പസിൽ സുരക്ഷിതമായി ജോലി ചെയ്യാൻ സഹായിക്കുന്ന ഒരു നയം വികസിപ്പിക്കാൻ എല്ലാ മെഡിക്കൽ കോളേജുകളോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപിഡി, വാർഡുകൾ, കാഷ്വാലിറ്റി, ഹോസ്റ്റലുകൾ, കാമ്പസിലെ തുറന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മതിയായ സുരക്ഷാ നടപടികൾ ഈ നയത്തിലൂടെ ഉറപ്പാക്കണം.
ജീവനക്കാർക്ക് വൈകുന്നേരങ്ങളിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സുരക്ഷിതമായി നടക്കാൻ ഇടനാഴികളിലും കാമ്പസിലും നല്ല വെളിച്ച സംവിധാനം ഒരുക്കുകയും ജാഗ്രത വേണ്ട പ്രദേശങ്ങളിൽ സിസിടിവി സജ്ജമാക്കുകയും വേണം. മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിലെ ഒപിഡി, വാർഡുകൾ, കാഷ്വാലിറ്റി, ലേബർ റൂമുകൾ, ഹോസ്റ്റലുകൾ, റെസിഡൻഷ്യൽ ക്വാർട്ടേഴ്സ്, തുറന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ (പുരുഷന്മാരും സ്ത്രീകളും) നിയമിക്കണം.
മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ കോളേജ് മാനേജ്മെന്റ് ഉടൻ അന്വേഷണം നടത്തി പൊലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ ദേശീയ മെഡിക്കൽ കമ്മീഷന് അയക്കണം എന്നും ഉത്തരവിൽ പറയുന്നു.
#medicalsafety #doctorsafety #NMC #India #healthcare #campussecurity