Oath | സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ച നടക്കാനിരിക്കെ സ്ഥാനമാനങ്ങള്‍ക്കായി വിലപേശല്‍ തുടര്‍ന്ന് സഖ്യകക്ഷികള്‍; പ്രതിസന്ധിയിലായി മോദി; എന്താകുമോ എന്തോ? കാത്തിരുന്ന് കാണാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍
 

 
Narendra Modi Oath taking ceremony; Tug of war continues, New Delhi, News, Narendra Modi, Oath, Controversy, Cabinet Post, BJP, Politics, National News


ടിഡിപിയും ജെഡിയുവും ആവശ്യപ്പെട്ടിരിക്കുന്നത് നാല് മന്ത്രിസ്ഥാനങ്ങള്‍ വീതം 

കാബിനറ്റ് മന്ത്രിപദം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച നേതാവ് ജിതന്‍ റാം മാഞ്ചിയും രംഗത്തെത്തിയിട്ടുണ്ട്

സ്വതന്ത്ര ചുമതല ചോദിച്ച് അപ്നാ ദള്‍ എംപി അനുപ്രിയ പട്ടേലും ഉണ്ട്
 

ന്യൂഡെല്‍ഹി: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് സഖ്യകക്ഷികളുടെ പിന്തുണയോടെ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് മൂന്നാമതും അധികാരമേല്‍ക്കുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍കാര്‍. കഴിഞ്ഞദിവസം തന്നെ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു.

മൂന്നാം മോദി സര്‍കാരിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചര്‍ചകള്‍ ഊര്‍ജിതമായി. മന്ത്രിമാരുടെ പട്ടിക ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാവിലെയോ തയാറാകുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി ജെപി നദ്ദയുടെ വസതിയില്‍ സഖ്യകക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. വകുപ്പുകളുടെ വീതംവെപ്പ് കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. 

അതിനിടെ എന്‍ഡിഎയില്‍ സ്ഥാനമാനങ്ങള്‍ക്കായുള്ള ഘടക കക്ഷികളുടെ വിലപേശല്‍ തുടരുന്നതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങള്‍ വീതം വേണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന.
മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രധാന സഖ്യകക്ഷികളായ തെലുഗു ദേശം പാര്‍ടി (ടി ഡി പി) യുമായും ജനതാദള്‍ സെകുലറുമായും (ജെ ഡി യു)  ബി ജെ പി ചര്‍ച തുടരുകയാണ്. റെയില്‍വേക്കായി ജെ ഡി യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പിടിമുറുക്കിയിട്ടുണ്ട്. ആന്ധ്രാപ്രദേശിന് പ്രത്യേക പാകേജെന്ന ആവശ്യം അംഗീകരിച്ചതോടെ ലോക് സഭാ സ്പീകര്‍ സ്ഥാനത്തിനായുള്ള കടുംപിടിത്തം ടി ഡി പി നേതാവ് ചന്ദബാബു നായിഡുവിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. 

കാബിനറ്റ് മന്ത്രിപദം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച നേതാവ് ജിതന്‍ റാം മാഞ്ചിയും രംഗത്തെത്തിയിട്ടുണ്ട്. സഹമന്ത്രി സ്ഥാനം നല്‍കാമെന്ന ബിജെപി നിലപാടില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചതായും റിപോര്‍ടുണ്ട്. സ്വതന്ത്ര ചുമതല ചോദിച്ച് അപ്നാ ദള്‍ എംപി അനുപ്രിയ പട്ടേലും രംഗത്തെത്തി. സഹമന്ത്രി സ്ഥാനം പോരെന്നും സ്വതന്ത്ര ചുമതല വേണമെന്നുമാണ് അനുപ്രിയയുടെ ആവശ്യം.

അതേസമയം, ആന്ധ്രയ്ക്ക് ആകെ ആറ് മന്ത്രിമാര്‍ വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ടിഡിപി. ഡെപ്യൂടി സ്പീകര്‍ സ്ഥാനം ടിഡിപിക്ക് നല്‍കാമെന്നാണ് ബിജെപിയുടെ നിലപാട്. നേരത്തെ സ്പീകര്‍ സ്ഥാനത്തിലും ടിഡിപി കണ്ണുവെച്ചിരുന്നു. 

ഇതിനിടെ ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയെ അപമാനിച്ചെന്ന വിവാദവും ഉയര്‍ന്നു. എന്നാല്‍ ആരോപണം തള്ളി ബിജെപി രംഗത്തെത്തി. ജയന്തിന് ഇരിപ്പിടം നല്‍കിയില്ലെന്നായിരുന്നു ആരോപണം. ജയന്തിനെ വേദിയില്‍ ഇരുത്താത്തത് സ്ഥല പരിമിതി കാരണമെന്നും ബിജെപി വിശദീകരിച്ചു. 


അതേസമയം, കാബിനറ്റ് പദവികളുടെ എണ്ണത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് പാര്‍ടികള്‍ വ്യക്തമാക്കുന്നത്. നാല് കാബിനറ്റ് പദവികളാണ് നായിഡു ആവശ്യപ്പെട്ടത്. മൂന്ന് കാബിനറ്റ് പദവികള്‍ നിതീഷ് കുമാറും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കാബിനറ്റ് പദവിയും രണ്ട് സഹമന്ത്രി സ്ഥാനവുമാണ് ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ ആവശ്യം. ഇതിന് പുറമെ മഹാരാഷ്ട്രയിലെ മന്ത്രിസഭാ പുനഃസംഘടനയില്‍ കൂടുതല്‍ മന്ത്രിസ്ഥാനമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഏഴ് സീറ്റുകളാണ് ഷിന്‍ഡെ വിഭാഗത്തിനുള്ളത്. 

മഹാരാഷ്ട്രയില്‍ ബി ജെ പിയുടെയും എന്‍ സി പി അജിത് പവാര്‍ വിഭാഗത്തിലേയും 
തിരഞ്ഞെടുപ്പിലെ പ്രകടനം മോശമായത് മുതലെടുക്കാനാണ് ഷിന്‍ഡെയുടെ ശ്രമം. സഖ്യത്തില്‍ മേധാവിത്വം നേടിയാല്‍ നാല് മാസം മാത്രം അകലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വിലപേശി വാങ്ങാമെന്നും ഷിന്‍ഡെ കണക്കുകൂട്ടുന്നു. ലോക് ജനശക്തി പാര്‍ടി നേതാവ് ചിരാഗ് പാസ്വാനും രാഷ്ട്രീയ ലോക് ദള്‍ (ആര്‍ എല്‍ ഡി) നേതാവ് ജയന്ത് ചൗധരിയും കാബിനറ്റ് പദവി ആവശ്യവുമായി രംഗത്തുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia