Fact | പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടം ഉണ്ടാക്കുമെന്ന വാദം തെറ്റോ, വിഡ്ഢികളാകുന്നത് ആര്?

 
Fact

Representational Image Generated by Meta AI

ഇങ്ങനെ പെട്രോൾ പമ്പുകളിൽ ഒരു ബോർഡ് കണ്ടിട്ടുള്ള പലരും ഇതിൻ്റെ ഏഴയലത്തുനിന്നും ഫോണിൽ സംസാരിക്കുന്നതിന് വിമുഖത കാട്ടുന്നതും കാണാം. ഫോൺ വിളിക്കുമ്പോൾ എന്തെങ്കിലും തീപിടുത്തമോ പൊട്ടിത്തെറിയോ ഭയന്നിട്ടാകും പലരും ഇങ്ങനെ ചെയ്യുന്നത്

ഡോണൽ മൂവാറ്റുപുഴ

(KVARTHA) നമ്മുടെ പ്രദേശത്ത് ഏത് പെട്രോൾ പമ്പുകളിലൂടെയും സഞ്ചരിച്ചാൽ പലയിടത്തും ഒരു വാചകം കാണാവുന്നതാണ്, പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന്. അപകടം ഉണ്ടാക്കുമെന്ന സൂചനയുടെ പുറത്താണ് ഇങ്ങനെയൊരു വാചകം എഴുതിവെച്ചിരിക്കുന്നത്. പലരും പമ്പിൽ എത്തുമ്പോൾ തന്നെ മൊബൈൽ ഫോൺ ഒതുക്കി വെയ്ക്കുക പതിവാണ്. കാരണം, നമ്മൾ ചിന്തിക്കുന്നു വെറുതെ നമ്മൾ എന്തിന് അപകടം ക്ഷണിച്ചുവരുത്തണമെന്ന്. ഒരു പരിധിവരെ ഇങ്ങനെയുള്ള ശ്രദ്ധ നല്ലതുമാണ്. ഇതിൽ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും ചെറിയ ഒരു സൂചന വരുമ്പോൾ അല്പം കരുതലെടുക്കുക നല്ലത് തന്നെ. 

Fact

ഇങ്ങനെ പെട്രോൾ പമ്പുകളിൽ ഒരു ബോർഡ് കണ്ടിട്ടുള്ള പലരും ഇതിൻ്റെ ഏഴയലത്തുനിന്നും ഫോണിൽ സംസാരിക്കുന്നതിന് വിമുഖത കാട്ടുന്നതും കാണാം. ഫോൺ വിളിക്കുമ്പോൾ എന്തെങ്കിലും തീപിടുത്തമോ പൊട്ടിത്തെറിയോ ഭയന്നിട്ടാകും പലരും ഇങ്ങനെ ചെയ്യുന്നത്. കൂട്ടത്തിൽ വരുന്നവരോടും അപയ സൂചനകൾ കൊടുക്കുക സ്വഭാവികം. അതേസമയം, പെട്രോൾ പമ്പുകളിൽ ഇപ്പോൾ യുപിഐ ഐഡി വഴി പണം നൽകുന്നതിനായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട് എന്നത് മറ്റൊരുവശം. ഈ അവസരത്തിൽ വളരെ പ്രമാദമായ ഒരു കുറിപ്പാണ്  ശ്രദ്ധിക്കപ്പെടുന്നത്. അതിൽ പറയുന്നത് പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്  അപകടം ഉണ്ടാക്കുമെന്ന വാദം തെറ്റാണെന്നാണ്. 

ഇത് ഇൻ്റർനെറ്റിലെ പല തട്ടിപ്പുകളിലും പെട്ട ഒന്നാണെന്നാണ് വാദം. ഇതുവരെ ഇങ്ങനെയൊരപകടം ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ലെന്ന് കുറിപ്പിൽ അക്കമിട്ട് പറയുകയും ചെയ്യുന്നു. അതിൻ്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചും കൃത്യമായി വിവരിക്കുന്നുണ്ട്. 'ഇന്റർനെറ്റ് തട്ടിപ്പുകൾ-പെട്രോൾ പമ്പുകളും മൊബൈൽ ഫോണുകളും' എന്ന തലക്കെട്ടോടെ കെപി ചക്രപാണി എന്നയാൾ എഴുതിയ കുറിപ്പാണ്  പൊതുസമൂഹത്തിൽ ശ്രദ്ധയാകർഷിച്ചുകൊണ്ട് ഇരിക്കുന്നത്. ശരിക്കും ഇതിനെപ്പറ്റി കൂടുതൽ പഠിക്കാനും ചിന്തിക്കാനും ചർച്ചാ വിഷയമാക്കാനും പറ്റുന്നതാണ് ഇതിലുള്ളത്.

കുറിപ്പിൽ പറയുന്നത്:

'ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന അബദ്ധജടിലമായ ധാരാളം നുണകളിൽ ഒന്നാണ് പെട്രോൾ പമ്പുകളിൽ മൊബൈൽ ഉപയോഗിയ്ക്കരുത് എന്നുള്ളത്. 2000 മാണ്ടിലാണ് പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിയ്ക്കരുത്, തീപ്പിടുത്തം ഉണ്ടാകും എന്നുള്ള മുന്നറിയിപ്പ് ആദ്യമായി ലോകത്തിൽ ഇറങ്ങുന്നത്. 1999 ൽ ഇന്തോനേഷ്യയിൽ ഒരു പെട്രോൾ പമ്പിന് തീ പിടിയ്ക്കുകയുണ്ടായ സംഭവമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്. ഈ തീപ്പിടുത്തം ഉണ്ടായ അവസരത്തിൽ പെട്രോളടിയ്ക്കാൻ വന്ന കാറിന്റെ ഉടമ മൊബൈൽ ഫോണിൽ സംസാരിയ്ക്കുകയായിരുന്നു. അന്ന് അത്യപൂർവ്വ വസ്തുവായിരുന്നു മൊബൈൽ ഫോൺ. 

ആ തീപ്പിടുത്തം ഉണ്ടായത് മൊബൈൽ ഫോണിൽ നിന്നാണെന്നു ഇന്ന് വരെ തെളിയിയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഇത് പോലുള്ള തീപ്പിടുത്തങ്ങൾ ഇന്റർനെറ്റിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ധാരാളം വീഡിയോകളും പ്രചരിയ്ക്കുന്നുണ്ട്. എങ്കിലും നമ്മുടെ അറിവിൽ എവിടെയും ഒരു പെട്രോൾ പമ്പും മൊബൈൽ ഫോൺ മുഖേനയോ അല്ലാതെയോ പോലും തീ പിടിച്ചതായി റിപ്പോർട്ടുകളില്ല. ലോകത്തിൽത്തന്നെ അത്രയും അത്യപൂർവ്വ സംഭവമാണ് പെട്രോൾ സ്റ്റേഷനുകളിലെ തീപ്പിടുത്തം. അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട്, ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ, ഓസ്‌ട്രേലിയൻ മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് അസോസിയേഷൻ എന്നിവ ഈ വിഷയത്തിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ആകെ, ലോകമെമ്പാടുമായി നടന്ന 300 പെട്രോൾ പമ്പ് തീപ്പിടുത്തങ്ങളാണ് ഇവർക്ക് പഠനവിധേയമാക്കാൻ കഴിഞ്ഞത്. ഈ സ്ഥാപനങ്ങളും റിപ്പോർട്ടുകളും ലോകം മുഴുവനും അംഗീകരിച്ചവയാണ്. ഈ റിപ്പോർട്ടുകളിലെല്ലാം തന്നെ ഒരു മൊബൈൽ ഫോണിന് പെട്രോൾ സ്റ്റേഷനിൽ തീപ്പിടുത്തമുണ്ടാക്കാൻ സാദ്ധ്യമല്ലെന്ന് അസന്നിഗ്ദ്ധമായി പറയുന്നുണ്ട്. ഇന്ത്യയിൽ പെട്രോളിയം കൺസർവേഷൻ റിസർച്ച് ഓർഗനൈസേഷനാണ് (PCRA) ഈ വിഷയത്തിൽ പഠനങ്ങൾ നടത്തിയിട്ടുള്ളത്. ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ച 2008 ലെ പഠന റിപ്പോർട്ടിൽ ഇന്ത്യയിൽ പെട്രോൾ സ്റ്റേഷനുകളിൽ നടന്ന തീപ്പിടുത്തങ്ങൾ കാര്യകാരണ സഹിതം അക്കമിട്ടു പറയുന്നുണ്ട്. അതിൽ മൊബൈൽ ഫോൺ മുഖേന ലോകത്തിൽ എവിടെയെങ്കിലും പെട്രോൾ സ്റ്റേഷനുകളിൽ തീപ്പിടുത്തമുണ്ടായതായി അറിവില്ലെന്നും രേഖപ്പെടുത്തിയിരിയ്ക്കുന്നു. 

പെട്രോൾ സ്റ്റേഷനിൽ മൊബൈൽ ഉപയോഗിയ്ക്കരുതെന്ന മുന്നറിയിപ്പ് കേവലം അന്ധ വിശ്വാസ ജഡിലമാണ്. ലോകത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പെട്രോൾ പമ്പ് തീപ്പിടുത്തങ്ങളിൽ 99 ശതമാനവും പമ്പിലെ പെട്രോൾ ഡിസ്പെൻസിംഗ് മോട്ടോർ കണക്ഷനുകളിലെ സ്പാർക്കുകളും മോട്ടോറിലെ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയും കാരണമായാണ് ഉണ്ടായത്. ബാക്കിയുള്ളത് സിഗരറ്റ്/പുക വലികളിൽ നിന്നുമാണെന്നും ഉറപ്പിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. വൻ തുകയ്ക്കുള്ള ഇന്ഷുറൻസുമായി പ്രവർത്തിയ്ക്കുന്ന പെട്രോൾ സ്റ്റേഷനുകളിൽ ഉണ്ടായ തീപ്പിടുത്തങ്ങളെല്ലാം വിദഗ്ധ പഠനങ്ങൾക്ക് വിധേയമായിട്ടുള്ളതും ആണ്. ഇടിയും മിന്നലും മൂലം പെട്രോൾ സ്റ്റേഷന് തീപിടിച്ച സംഭവങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ഈ വിഷയത്തിന്റെ ശാസ്ത്രീയത ഇങ്ങനെ: പെട്രോൾ സ്റ്റേഷനുകൾ ഒരു ചെറു തീപ്പൊരി കൊണ്ട് പോലും കത്തിച്ചാമ്പലാകാം. ശാസ്ത്രീയമായ കണക്കുകൾ പ്രകാരം 0.2 (mJ) എനർജി കൊണ്ട് പെട്രോൾ ബാഷ്‌പത്തിനു തീ പിടിയ്ക്കാം. ഫുൾ ചാർജുള്ള ഒരു സാധാരണ മൊബൈൽ ഫോൺ ബാറ്ററിയിൽ ഇതിന്റെ അഞ്ചു ദശലക്ഷം ഇരട്ടി എനർജിയാണ് നിറച്ചിട്ടുള്ളത്. പക്ഷേ, സ്പാർക്ക് ഉണ്ടാക്കാനുള്ള ഡിസൈൻ അല്ല മൊബൈൽ ബാറ്ററിയുടേത്. ആന്തരിക സർക്യൂട്ടിൽ പിശകുണ്ടെങ്കിൽ ലിഥിയം ബാറ്ററി പൊട്ടിത്തെറിയ്ക്കാം. അതിന്റെ അർത്ഥം പൊട്ടിത്തെറിയ്ക്കാത്ത ബാറ്ററിയുള്ള ഒരു മൊബൈൽ ഫോണിൽ സ്പാർക്കില്ല എന്നാണ്. പന്ത്രണ്ടു വോൾട്ടിന്റെ അഞ്ചാറു ബാറ്ററികളും പഴുത്തു ചുവന്ന എഞ്ചിനും ഉള്ള ഒരു ലോറിയും പോക്കറ്റിലിട്ടു നടക്കുന്ന മൊബൈലും തമ്മിലുള്ള വ്യത്യാസം ഒന്ന് ഓർത്തു നോക്കുന്നത് യുക്തി സഹമായിരിയ്ക്കും. 

ഒരു പെട്രോൾ സ്റ്റേഷനിൽ തീപ്പിടുത്തതിനുള്ള ഏറ്റവും മികച്ച സാദ്ധ്യത മോട്ടോർ സൈക്കിളുകളിൽ നിന്നാണെന്നു പി.സി.ആർ.എ അഭിപ്രായപ്പെടുന്നുണ്ട്. പെട്രോളിന്റെ ഒരു തുള്ളി സ്‌പിൽ ഓവറുണ്ടായാൽ തീപിടുത്തമുണ്ടാവും. ഇവയുടെ ഇന്ധന ടാങ്കും എഞ്ചിനും അടുത്തടുത്താണെന്ന കാരണമാണ് പി.സി.ആർ.എ ഇതിനു ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്. റേഡിയേഷൻ കൊണ്ട് തീപ്പിടുത്തമുണ്ടാകുമെങ്കിൽ പെട്രോൾ പമ്പുകൾ മുഴുവനും കത്തിച്ചാമ്പലാക്കാൻ സൂര്യ പ്രകാശം മാത്രം മതിയല്ലോ. എന്തൊരു തമാശയാണ് ! പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിയ്ക്കാൻ പാടില്ലത്രേ! 

മികച്ച സ്പാർക്കും കംപസ്റ്റ്യൻ ചേംബറിലെ തീയും ചുട്ടുപഴുത്ത സൈലെൻസറും പൊള്ളുന്ന എഞ്ചിനും ഉണ്ടായിട്ടും വാഹനങ്ങൾ മുഖേന പെട്രോൾ പമ്പുകൾ കത്തുന്നില്ലല്ലോ. മൊബൈൽ ഉപയോഗം കൊണ്ട് പെട്രോൾ പമ്പുകൾ തീപിടിച്ചു പൊട്ടിത്തെറിച്ചു കത്തുന്നത് സോഷ്യൽ മീഡിയയിൽ മാത്രം കാണുന്ന വീഡിയോ പ്രതിഭാസമാണ്. ഇന്ന് വരെ എവിടെയും അങ്ങനെ ഒരു സംഭവം യഥാർത്ഥത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ആരും എൻജിൻ ഓഫാക്കാറില്ല. നീണ്ട ക്യൂവാണ്. എങ്ങനെ ഓഫാക്കും ? അഥവാ ഓഫാക്കിയാലും, ഏറ്റവുമധികം സ്പാർക്കിങ് വാഹനം സ്റ്റാർട്ട് ചെയ്യുമ്പോഴാണ് !!! ചുട്ടുപഴുത്ത എഞ്ചിനുമായി എങ്ങനെ ???? വാഹനത്തിനകത്ത് ബ്ലൂ ടൂത്ത് സെറ്റില്ലേ ? ഇലക്ട്രിക് കണക്ഷനുകളില്ലേ ? ലൈറ്റില്ലേ ? ഫാനില്ലേ ? നിരന്തരം സ്പാർക്കില്ലേ ? ഓപ്പണായി നഗ്നമായി കിടക്കുന്ന സൈലന്സറിന്റെ സ്ഥിതിയോ? 

പെട്രോളടിയ്ക്കാൻ ചെല്ലുന്ന വാഹനങ്ങളുടെ സൈലൻസറിൽ ആണ് തീ പടരാതിരിക്കാൻ ഉള്ള ഏറ്റവും പുതിയ സംവിധാനം ആവശ്യമുള്ളത്. എന്നാൽ ഒരു പുതിയ തരം ഫയർ എഞ്ചിൻ വണ്ടിക്കു മാത്രമേ ഇത് ഇപ്പോൾ ഉള്ളു. ബാക്കി ഒരു വണ്ടിക്കും ഇല്ല. അത്തരം വണ്ടികളിലേക്കാണ് നമ്മള് മൊബൈൽ ഉപയോഗിയ്ക്കരുത് എന്ന് അനുശാസിയ്ക്കുന്ന പെട്രോൾ പമ്പുകാരൻ കൂൾ കൂളായി തരുന്ന ഇന്ധനം അടിക്കുന്നത്. സത്യത്തിൽ പെട്രോൾ പമ്പ് ജീവനക്കാരുടെ സമയം മെനക്കെടുത്തരുത് എന്നതിനാണ് പമ്പിൽ മൊബൈൽ ഉപയോഗിയ്ക്കരുത് എന്ന വ്യവസ്ഥ വെച്ചിട്ടുളളത്. മൊബൈൽ ഉപയോഗിയ്ക്കരുത് എന്ന നിബന്ധന ശരിയ്ക്ക് സമയം ലാഭിയ്ക്കാനാണ്. വണ്ടിക്കാർ പെട്രോൾ പമ്പിലെ ജീവനക്കാരുടെ സമയം വെറുതെ കളയും. ബിസിനസ്സാണ് പോകുന്നത്.

ഒരു മൊബൈൽ ഫോണിലുണ്ടായേയ്ക്കാവുന്ന സ്പാർക്ക് പെട്രോൾ പമ്പിൽ തീപിടുത്തമുണ്ടാക്കുമെങ്കിൽ അതിന്റെ ലക്ഷോപലക്ഷം ഇരട്ടി അപകടകരമാണ് ഒരു വാഹനം ഓടിച്ചു പെട്രോൾ സ്റ്റേഷനിൽ കയറുന്നത്. ചില വാഹനങ്ങൾ ആയിരക്കണക്കിന് കിലോ മീറ്റർ ഓടിയാണ് വരുന്നത്. അതിരിയ്ക്കട്ടെ, മൊബൈൽ ഫോൺ ഉപയോഗിയ്ക്കുമ്പോൾ ഗ്യാസും മൈക്രോവേവും ഒക്കെയുള്ള അടുക്കളയിലെ സ്ഥിതി എന്താണ്?? ഒന്നുമില്ല. ഒന്നും സംഭവിയ്ക്കില്ല. ഇങ്ങനെയൊക്കെ സംഭവിയ്ക്കാൻ നിന്നാൽ ഈ ലോകത്തിലൊരിടത്തും മൊബൈൽ ഫോൺ ഉപയോഗിയ്ക്കാൻ പറ്റിയ സ്ഥലമില്ല'.

നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും

ഇതാണ് കുറിപ്പ്. വസ്തു നിഷ്ഠമായി ഇരുത്തി ചിന്തിക്കുമ്പോൾ ഇതിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെയെന്ന് തോന്നുക സ്വഭാവികം. ഇതിലെ ശരിയും തെറ്റും വാദങ്ങളിലേയ്ക്ക് കടക്കുകയല്ല. ഇതിനെപ്പറ്റി ഒരു സമഗ്രമായ പഠനം തന്നെ ആവിഷ്ക്കരിക്കുകയാണ് വേണ്ടത്. അത് മറ്റ് പല തലങ്ങൾക്കും ഭാവിയിൽ പ്രയോജനപ്പെട്ടേക്കാം. ഭാവിയിലെ പല കണ്ടുപിടുത്തങ്ങൾക്കും ഇത് സഹായിക്കാൻ ഉപകാരപ്പെട്ടേക്കാം. എന്തായാലും ഇത് സംബന്ധിച്ച് പല വാദഗതികൾ ഉയർന്നുവന്നേക്കാമെങ്കിലും  പെട്രോൾ പമ്പുകളിൽ അപകടം ഉണ്ടായാലും ഇല്ലെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് തന്നെയാണ് ഉത്തമം. ഒരു ചെറിയ തീപ്പൊരി വീണാൽ പോലും അപകടം സംഭവിക്കാൻ സാധ്യതയുള്ള മേഖലയാണ് പെട്രോൾ പമ്പുപോലെയുള്ള സ്ഥലങ്ങൾ. ശരിക്കും അപകടകാരികൾ. അതിനാൽ തന്നെ അതുപോലെയുള്ള സ്ഥലങ്ങളെ ആ രീതിയിൽ പരിഗണിച്ച് മുന്നോട്ട് പോകുന്നതാകും ഉത്തമം, നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന് പറയുന്നതുപോലെ.

#mobilephonesafety #petrolpump #mythbuster #factcheck #India #safetyfirst

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia