Fact Check | ബംഗ്ലാദേശിൽ മുസ്ലിംകൾ ഹിന്ദു കുടുംബത്തെ ആക്രമിച്ചോ? വൈറൽ വീഡിയോയുടെ യാഥാർഥ്യം ഇതാണ്!
● ദൃശ്യങ്ങളിൽ മരിച്ച മൂന്ന് കുട്ടികളെയും ഒരു സ്ത്രീയെയും കാണാം.
● പൂർണിയ എസ്പി ജ്ഞാൻ രഞ്ജൻ ക്വിന്റിനോട് ഈ സംഭവം സ്ഥിരീകരിച്ചു.
● ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തെ മുസ്ലീങ്ങൾ കൊന്നതായി വ്യാജമായി പ്രചരിപ്പിക്കുന്ന വീഡിയോ ബീഹാറിൽ നിന്നുള്ളതാണെന്ന് ക്വിൻറ് വ്യക്തമാക്കി.
ന്യൂഡൽഹി: (KVARTHA) ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ, സാമൂഹിക മാധ്യമങ്ങളിൽ ഒരു അസ്വസ്ഥകരമായ വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ മരിച്ച മൂന്ന് കുട്ടികളെയും ഒരു സ്ത്രീയെയും കാണാം. ഈ വീഡിയോ ബംഗ്ലാദേശിലെ ഗിരിപൂരിൽ മുസ്ലീങ്ങൾ ഒരു ഹിന്ദു കുടുംബത്തെ ആക്രമിച്ചതായിട്ടാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം.
എന്താണ് യാഥാർഥ്യം?
ദി ക്വിന്റ് നടത്തിയ വസ്തുതാ പരിശോധനയിൽ, സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ച മൂന്ന് കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതല്ലെന്ന് തെളിഞ്ഞു. ഈ സംഭവം 2024 നവംബറിൽ ബിഹാർ സംസ്ഥാനത്തെ പൂർണിയയിൽ നടന്നതാണെന്നും ഒരു സ്ത്രീ തന്റെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നും വ്യക്തമായി.
Yet another fake news by @SanatanVoice_in.
— Mohammed Zubair (@zoo_bear) December 10, 2024
This is not from Bangladesh.
This incident happened in Purnia, Bihar. Where a mentally challenged mother and three kids committed suicide. https://t.co/HcczJ0petw pic.twitter.com/wSyIpshwfK
വീഡിയോയിലെ ചില ഭാഗങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ നടത്തിയപ്പോൾ, 'സിറ്റി ന്യൂസ്' എന്ന യൂട്യൂബ് ചാനലിൽ നവംബർ ഏഴിന് അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിൽ ഇതിന് സമാനമായ ദൃശ്യങ്ങൾ കണ്ടെത്തി. പിന്നീട് പ്രസക്തമായ കീവേഡ് സെർച്ച് നടത്തിയപ്പോൾ ടൈംസ് ഓഫ് ഇന്ത്യ, ദൈനിക് ജാഗ്രൻ തുടങ്ങിയ നിരവധി വാർത്താ ഏജൻസികളിൽ നിന്നുള്ള നവംബർ മാസത്തിലെ റിപ്പോർട്ടുകളും ഈ സംഭവത്തെ സ്ഥിരീകരിക്കുന്നു.
ബിഹാർ പൂർണിയയിലെ കിൽപാര റൗട്ടിൽ ഒരു സ്ത്രീയെയും മൂന്ന് കുട്ടികളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യയും ജാഗ്രനും അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പൂർണിയ എസ്പി ജ്ഞാൻ രഞ്ജൻ ക്വിന്റിനോട് ഈ സംഭവം സ്ഥിരീകരിച്ചു. പൊലീസ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തെ മുസ്ലീങ്ങൾ കൊന്നതായി വ്യാജമായി പ്രചരിപ്പിക്കുന്ന വീഡിയോ ബീഹാറിൽ നിന്നുള്ളതാണെന്ന് ക്വിൻറ് വ്യക്തമാക്കി. ഗൂഗിളിന്റെ ഫാക്ട് ചെക്ക് ടൂളിലും ക്വിന്റിന്റെ ഈ വാർത്ത ഇടം പിടിച്ചിട്ടുണ്ട്.
#ViralVideo, #FakeNews, #FactCheck, #Bangladesh, #Purnia, #HinduFamily