HC Judgment | ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്താമെന്ന് ഹൈകോടതി; 'ഒരു സ്ത്രീയുടെ ഗര്‍ഭധാരണത്തിനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യം'

 


മുംബൈ: (www.kvartha.com) ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്താമെന്ന് ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വ്യക്തമാക്കി. ഇതോടെ പെണ്‍കുട്ടിക്ക് 16 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാനാകും. ഗര്‍ഭം ധരിച്ച് മുന്നോട്ട് പോകാന്‍ അനുവദിച്ചാല്‍ അത് അവള്‍ക്കൊരു ഭാരമാകുമെന്ന് മാത്രമല്ല, മാനസികാരോഗ്യത്തിനും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. ഒരു കൊലപാതക കേസില്‍ അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. കുറ്റാരോപിതയായ പെണ്‍കുട്ടി ഒബ്‌സര്‍വേഷന്‍ ഹോമിൽ കസ്റ്റഡിയിലാണ്.
       
HC Judgment | ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്താമെന്ന് ഹൈകോടതി; 'ഒരു സ്ത്രീയുടെ ഗര്‍ഭധാരണത്തിനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യം'
         
ഒരു സ്ത്രീയുടെ ഗര്‍ഭധാരണത്തിനുള്ള അവകാശം അവളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ടികിള്‍ 21 ഉദ്ധരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസുമാരായ എ എസ് ചന്ദൂര്‍കറും ഊര്‍മിള ജോഷി ഫാല്‍കെയും ജൂണ്‍ 27ന് ഗര്‍ഭഛിദ്രത്തിന് അനുമതി കൊടുത്തത്. 'ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ അവളെ നിര്‍ബന്ധിക്കാനാവില്ല. കുഞ്ഞിനെ പ്രസവിക്കണോ വേണ്ടയോ എന്നത് അവളുടെ തീരുമാനമാണ്', കോടതി നിരീക്ഷിച്ചു.

അന്വേഷണത്തില്‍ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. താന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബാംഗമാണെന്നും ലൈംഗികാതിക്രമം കാരണം തനിക്ക് മാനസിക ആഘാതമുണ്ടെന്നും അഭ്യർഥിച്ചാണ് പെൺകുട്ടി ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനിച്ചത്. 'കുട്ടിയുണ്ടായാല്‍ ജീവിതം കൂടുതല്‍ കഷ്ടപ്പാടിലേക്ക് നീങ്ങും. ഈ സാഹചര്യത്തില്‍, ഒരു കുട്ടിയെ വളര്‍ത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ഒരു കുട്ടിയെ വളര്‍ത്താന്‍ സാമ്പത്തികമായോ മാനസികമായോ അവള്‍ പര്യാപ്തമല്ല. മാത്രമല്ല, ഇത് അനാവശ്യ ഗര്‍ഭധാരണമായിരുന്നു', അഭിഭാഷകന്‍ വാദിച്ചു.

16-ാം ആഴ്ച പിന്നിട്ടിട്ടും ഗര്‍ഭഛിദ്രത്തിന് സമ്മതം നല്‍കിയ മെഡികല്‍ ബോര്‍ഡിന്റെ റിപോര്‍ട് കോടതി ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭഛിദ്ര നിയമപ്രകാരം (എംടിപി), ഗര്‍ഭം ധരിച്ച് 20 ആഴ്ചയ്ക്ക് ശേഷമാണ് കോടതിയുടെ അനുമതി തേടേണ്ടത്. ഹര്‍ജിക്കാരി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും അവിവാഹിതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമത്തിന് ഇരയായതിന് പുറമെ, ഒരു കൊലപാതക കുറ്റത്തിന് അവളെ ഒബ്‌സര്‍വേഷണല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സാമ്പത്തികമായി ദുര്‍ബലമായ പശ്ചാത്തലത്തില്‍ നിന്ന് വരുന്നതിനപ്പുറം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അനാവശ്യമാണ്, അവള്‍ കഠിനമായ മാനസിക പ്രയാസം അനുഭവിക്കുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.

'ഇത്തരം സാഹചര്യത്തില്‍ ഹര്‍ജിക്കാരിക്ക് അനുമതി നിരസിക്കുന്നത് ഗര്‍ഭാവസ്ഥയില്‍ തുടരാന്‍ അവളെ നിര്‍ബന്ധിക്കുന്നതിന് തുല്യമാകുമെന്ന് ഞങ്ങള്‍ കരുതുന്നു, അത് അവള്‍ക്കൊരു ഭാരമാകുമെന്ന് മാത്രമല്ല, അവളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും, 'ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്നതിനിടെ ഹൈകോടതി നിരീക്ഷിച്ചു.

Keywords: Mumbai: Minor assault abuse survivor can terminate pregnancy, rules Bombay HC, pregnancy, National, News, Top-Headlines, News, Latest-News, Mumbai, High Court, Assault, Arrest, Custody.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia